ജില്ല സ്കൂള്‍ മേള : അധികൃതര്‍ ഉറക്കത്തില്‍

തൃശൂര്‍: കലാകായിക മേളകള്‍ തുടങ്ങാന്‍ ആഴ്ച്ചകള്‍ മാത്രം അവശേഷിക്കേ മിണ്ടാട്ടമില്ലാതെ വിദ്യാഭ്യാസ അധികൃതര്‍. മേളകള്‍ നടത്തുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇതുവരെ യോഗങ്ങള്‍ ചേര്‍ന്നില്ല. ഒന്നാംപാദ പരീക്ഷക്കുശേഷം ഓണാവധിക്ക് പിന്നാലെയാണ് സ്കൂളുകളിലും ഉപജില്ലകളിലും കലാകായിക, ശാസ്ത്രമേളകള്‍ അരങ്ങേറാറുള്ളത്. ഇതിന് മുന്നോടിയായി റവന്യൂ ജില്ലാതലത്തില്‍ അവലോകന യോഗം പതിവാണ്. ജൂണ്‍ അവസാനത്തിലോ ജൂലൈ ആദ്യത്തിലോ യോഗം ചേര്‍ന്നാണ് കാര്യങ്ങള്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, ഇക്കുറി അധ്യയനം തുടങ്ങി മൂന്നുമാസം കഴിയാറായിട്ടും ഇതുവരെ യോഗം വിളിച്ചുചേര്‍ക്കുന്നത് സംബന്ധിച്ച് ആലോചനപോലും നടന്നിട്ടില്ല. കുറ്റമറ്റരീതിയില്‍ മേള നടത്തുക, ബജറ്റ്, ഫണ്ട് കണ്ടത്തൊനുള്ള മാര്‍ഗങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ തീരുമാനിക്കേണ്ട ആദ്യയോഗമാണ് വൈകുന്നത്. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ നേതൃത്വത്തില്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍, അധ്യാപകസംഘടനാ നേതാക്കള്‍, മേളകളുമായി ബന്ധപ്പെട്ട അധ്യാപകര്‍, ഉന്നത ഉദ്യോഗസഥര്‍ അടക്കം ചേര്‍ന്നാണ് ഇക്കാര്യം തീരുമാനിക്കാറുള്ളത്. തുടര്‍ന്നുള്ള യോഗത്തില്‍ ജില്ലാമേള എവിടെ നടത്തണമെന്ന് തീരുമാനിക്കും. രണ്ടാമത്തെ യോഗത്തിലാണ് അധ്യാപകസംഘടനകള്‍ക്ക് മേളയുടെ ഉത്തരവാദിത്തം ഏല്‍പിച്ചുകൊടുക്കുക. യോഗം വിളിക്കേണ്ട ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. ഓണാവധിക്കുശേഷം മേളകള്‍ തുടങ്ങണമെന്നതിനാല്‍ സ്കൂളുകളിലും ഉപജില്ലകളിലും യോഗം ചേര്‍ന്ന് തീരുമാനം എടുത്തുകഴിഞ്ഞു. ഇരിങ്ങാലക്കുട അടക്കം ഉപജില്ലാ മേളകള്‍ നടത്തുന്നതിനുള്ള വേദികളും തീരുമാനിച്ചു. ജില്ലാ വിദ്യാഭ്യാസ അധികൃതര്‍ യോഗം വിളിച്ചാല്‍ മാത്രമേ കാര്യങ്ങള്‍ മുന്നോട്ടുപോകൂ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.