തൃശൂര്‍: ദിവാന്‍ജിമൂല റെയില്‍വേ മേല്‍പാലത്തിനോടനുബന്ധിച്ച് കോര്‍പറേഷന്‍ നിര്‍മിക്കേണ്ട അപ്രോച്ച് റോഡ് സംബന്ധിച്ച് അനിശ്ചിതത്വം. മേല്‍പാലം നിര്‍മാണം ആറുമാസത്തിനകം പൂര്‍ത്തിയാക്കുമെന്നാണ് റെയില്‍വേയുടെ ഉറപ്പ്. അപ്രോച്ച് റോഡ് നിര്‍മിക്കേണ്ടത് കോര്‍പറേഷനാണെന്നിരിക്കെ അതിന് നടപടി തുടങ്ങിയില്ല. കഴിഞ്ഞ ദിവസം മേല്‍പാല നിര്‍മാണത്തിന്‍െറ ശിലാസ്ഥാപന ചടങ്ങില്‍ സി.എന്‍. ജയദേവന്‍ എം.പി ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. മേല്‍പാല നിര്‍മാണത്തിന് റെയില്‍വേയുമായി കരാര്‍ ഉണ്ടാക്കിയ കോര്‍പറേഷന്‍ രണ്ട് വര്‍ഷം മുമ്പ് 6.33 കോടി റെയില്‍വേയില്‍ കെട്ടിവെച്ചിരുന്നു. അപ്രോച്ച് റോഡ് നിര്‍മാണത്തിന് സംസ്ഥാന ബ്രിഡ്ജസ് കോര്‍പറേഷന്‍ തയാറാക്കി നല്‍കിയ 8.5 കോടിയുടെ എസ്റ്റിമേറ്റ് ഉണ്ടാക്കിയതല്ലാതെ കോര്‍പറേഷന്‍ എന്‍ജിനീയറിങ് വിഭാഗം അനങ്ങിയിട്ടില്ല. റിങ് റോഡ് വികസന പദ്ധതി ഭാഗമായി ആറുവരി ഗതാഗത യോഗ്യമായ 25 മീറ്റര്‍ വീതിയിലുള്ള മേല്‍പാലമാണ് കോര്‍പറേഷന്‍ വിഭാവനം ചെയ്തത്. 10.15 മീറ്റര്‍ വീതിയിലുള്ള ആദ്യഘട്ടനിര്‍മാണമാണ് നടക്കുന്നത്. കെ.എസ്.ആര്‍.ടി.സി ജങ്ഷന്‍ മുതല്‍ പൂത്തോള്‍ ജങ്ഷന്‍ വരെ 25 മീറ്റര്‍ വീതിയില്‍ ഡി.ടി.പി സ്കീമിന് വിധേയമായി അപ്രോച്ച് റോഡ് നിര്‍മിക്കാനാണ് തീരുമാനമെങ്കിലും കോര്‍പറേഷന്‍ ടൗണ്‍പ്ളാനര്‍ എം.വി. രാജന്‍ ചടങ്ങില്‍ അവതരിപ്പിച്ച പദ്ധതി രേഖയില്‍, മേല്‍പാലം മുതല്‍ പൂത്തോള്‍ ജങ്ഷന്‍ വരെ അപ്രോച്ച് റോഡ് നിര്‍മാണമേ പറഞ്ഞുള്ളൂ. കെ.എസ്.ആര്‍.ടി.സി മുതല്‍ മേല്‍പാലം വരെ റോഡ് വികസനത്തിന് 95 ശതമാനം സ്ഥലവും റെയില്‍വേയുടേതാണ്. റോഡ് വികസനത്തിനാവശ്യമായ സ്ഥലം സൗജന്യമായി കോര്‍പറേഷന് കൈമാറാമെന്ന് നേരത്തേ റെയില്‍വേ വ്യക്തമാക്കിയിരുന്നുവെങ്കിലും, സ്ഥലം വിട്ടുനല്‍കുന്നത് സംബന്ധിച്ച് റെയില്‍വേക്ക് അപേക്ഷ നല്‍കാന്‍പോലും കോര്‍പറേഷന്‍ എന്‍ജിനീയറിങ് വിഭാഗം നടപടി എടുത്തിട്ടില്ല. സ്ഥലമെടുപ്പിന് വിജ്ഞാപനം നടത്താന്‍ കലക്ടര്‍ക്ക് കത്തും നല്‍കിയിട്ടില്ല. റോഡ് വികസനം നടപ്പാക്കുമ്പോള്‍ സ്ഥലം വിട്ടുനല്‍കാമെന്ന കരാറില്‍ 25 വര്‍ഷം മുമ്പ് പ്രത്യേക അനുമതിയോടെയാണ് കെ.എസ്.ആര്‍.ടി.സിക്ക് മുന്നിലെ സ്വകാര്യ ഹോട്ടല്‍ നിര്‍മാണത്തിന് അനുമതി നല്‍കിയത്. അതിനാല്‍ അപ്രോച്ച് റോഡ് നിര്‍മാണത്തിന് സ്ഥലമെടുപ്പിന് തടസ്സമുണ്ടാവില്ല. മാത്രമല്ല, 25 മീറ്റര്‍ അപ്രോച്ച് റോഡ് നിര്‍മിക്കണമെങ്കില്‍ നിലവിലെ മേല്‍പാലത്തിന്‍െറ തെക്കുഭാഗത്തുള്ള പകുതി കുടിലുകളെങ്കിലും പൊളിക്കേണ്ടിവരും. അവര്‍ക്ക് പുനരധിവാസത്തിന് പദ്ധതിയുണ്ടെങ്കിലും നടപ്പാക്കേണ്ട കാര്യത്തില്‍ പ്രാഥമിക ചര്‍ച്ചപോലും ഉണ്ടായിട്ടില്ല. അങ്ങനെയെങ്കില്‍ മേല്‍പാലനിര്‍മാണം പൂര്‍ത്തിയാകുമ്പോഴും, അപ്രോച്ച് റോഡ് നിര്‍മാണംപോലും തുടങ്ങാനാകില്ളെന്ന് കൗണ്‍സിലര്‍മാര്‍ തന്നെ ആശങ്കപ്പെടുന്നു. കോര്‍പറേഷന്‍ എന്‍ജിനീയറിങ് വിഭാഗത്തെക്കൊണ്ട് സമയബന്ധിതമായി അപ്രോച്ച് റോഡ് നിര്‍മാണം സാധ്യമാക്കാനാകില്ളെന്ന ചില കൗണ്‍സിലര്‍മാരുടെ അഭിപ്രായത്തെ തുടര്‍ന്ന്, അപ്രോച്ച് റോഡ് നിര്‍മാണ ചുമതലകൂടി മേല്‍പാലത്തിന് പദ്ധതി തയാറാക്കി നല്‍കിയ സംസ്ഥാന ബ്രിഡ്ജസ് കോര്‍പറേഷന്‍ ഏല്‍പിക്കുന്ന കാര്യം കോര്‍പറേഷന്‍െറ പരിഗണനയിലാണ്. നിര്‍മാണം മാത്രമല്ല പ്രശ്നം. അതിന് പണം കണ്ടത്തെലും പ്രശ്നമാകും. മേല്‍പാലത്തിന് 6.33 കോടി രൂപതന്നെ , വൈദ്യുതി റഗുലേറ്ററി കമീഷന്‍െറ വിലക്ക് മാനിക്കാതെ അന്നത്തെ മേയര്‍ രാജന്‍ പല്ലന്‍ കോര്‍പറേഷന്‍ വൈദ്യുതി വിഭാഗത്തില്‍നിന്ന് കടമെടുത്ത് നല്‍കിയതായിരുന്നു. അത് ഇനിയും തിരിച്ചുകൊടുത്തിട്ടില്ല. മാത്രമല്ല റെയില്‍വേ മേല്‍പാലം നീളം റെയില്‍വേ 23 മീറ്ററില്‍ നിന്ന് 30 മീറ്ററായി കൂട്ടിയതോടെ വരുന്ന അധികചെലവും ഡെപ്പോസിറ്റ് വര്‍ക്ക് എന്ന നിലയില്‍ കോര്‍പറേഷന്‍ കണ്ടത്തേണ്ടിവരും. എം.പി ഫണ്ടില്‍നിന്ന് ഒരു കോടി രൂപ റെയില്‍വേയുമായി ബന്ധപ്പെട്ട് കോര്‍പറേഷന്‍ നിര്‍ദേശിക്കുന്ന ഏതു പദ്ധതിക്കും നല്‍കാമെന്നും ജയദേവന്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും തുക മതിയാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.