തൃശൂര്‍: പ്ളാസ്റ്റിക് സംസ്കരണത്തിന് പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്. പ്ളാസ്റ്റിക് പൊടിച്ച് സൂക്ഷിക്കാനും ടാറിങ്ങിന് ഇത് ഉപയോഗപ്പെടുത്താനുമായി ബ്ളോക്, ഗ്രാമ പഞ്ചായത്ത് തലങ്ങളിലാണ് പദ്ധതി തയാറാക്കുന്നത്. പ്ളാസ്റ്റിക് പൊടിച്ച് സൂക്ഷിക്കാനുള്ള യന്ത്രങ്ങള്‍ വാങ്ങുകയും പദ്ധതി ഏകോപിപ്പിക്കുകയുമാണ് ജില്ലാ പഞ്ചായത്ത് ചെയ്യുക. കുടുംബശ്രീ, ശുചിത്വമിഷന്‍, സ്കൂളുകള്‍, തൊഴിലുറപ്പ് എന്നിവയെ പദ്ധതിയുമായി ബന്ധപ്പെടുത്തും. പ്ളാസ്റ്റിക് സഞ്ചികള്‍ ശേഖരിക്കാനും സംസ്കരിക്കാനും ഇവരെ ചുമതലപ്പെടുത്തും. പ്ളാന്‍റുകള്‍ സ്ഥാപിക്കാന്‍ അതത് പഞ്ചായത്തുകള്‍ സ്ഥലം കണ്ടത്തെിയാല്‍ പദ്ധതി നടപ്പാക്കാന്‍ തടസ്സങ്ങളുണ്ടാകില്ളെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഷീല വിജയകുമാര്‍ വ്യക്തമാക്കി. ‘പ്ളാസ്റ്റിക് മുക്ത ജില്ല’ പദ്ധതിയുടെ ആദ്യപടിയായി ഓണത്തോടനുബന്ധിച്ച് ജില്ലാ പഞ്ചായത്തിന്‍െറ നേതൃത്വത്തില്‍ നടത്തുന്ന ഐ.ആര്‍.ഡി.പി മേള പ്ളാസ്റ്റിക് മുക്തമാക്കും. വിവിധ പഞ്ചായത്തുകളും സ്കൂളുകളും പ്ളാസ്റ്റിക് മുക്ത പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്. അതേസമയം, ഏറ്റെടുത്ത പ്ളാസ്റ്റിക് പുനരുപയോഗത്തിനോ ഒഴിവാക്കാനോ ഭൂരിപക്ഷം പഞ്ചായത്തുകള്‍ക്കും പദ്ധതിയില്ല. മിക്കയിടത്തും മറ്റ് ഏജന്‍സികളെക്കൊണ്ട് ഏറ്റെടുപ്പിക്കുകയോ പൊടിച്ച് സൂക്ഷിക്കുകയോ ആണ് . പഞ്ചായത്തുകളില്‍ ശേഖരിക്കുന്ന പ്ളാസ്റ്റിക്കുകള്‍ ടാറിലേക്ക് ഉപയോഗിക്കുംവിധം ശേഖരിക്കാന്‍ ജില്ലാ പഞ്ചായത്ത് മുന്‍കൈയെടുക്കും. മുണ്ടൂരിലെ വ്യവസായ ക്ളസ്റ്ററില്‍ യൂനിറ്റ് സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. പഞ്ചവത്സര പദ്ധതിയില്‍ ഇത് ഉള്‍പ്പെടുത്തി കൂടുതല്‍ ഫണ്ട് ലഭ്യമാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അറിയിച്ചു. പാണഞ്ചേരിയുള്‍പ്പെടെ വിവിധ പഞ്ചായത്തുകള്‍ പ്ളാസ്റ്റിക് സംസ്കരണം കാര്യക്ഷമമായി നടപ്പാക്കുന്നുണ്ട്. അതേസമയം, നഗരം പ്ളാസ്റ്റിക് മുക്തമാക്കാനുള്ള കോര്‍പറേഷന്‍ പദ്ധതി ഫയലില്‍ ഉറങ്ങി. 2011ല്‍ ഐ.പി. പോളിന്‍െറ നേതൃത്വത്തിലുള്ള യു.ഡി.എഫ് ഭരണസമിതി ഇതിനായി യന്ത്രം വാങ്ങുകയും പദ്ധതി ആരംഭിക്കുകയും ചെയ്തുവെങ്കിലും മുന്നോട്ടുപോയില്ല. കുടുംബശ്രീ യൂനിറ്റുകളെ ഉള്‍പ്പെടുത്തി രൂപവത്കരിച്ച പദ്ധതിയായിരുന്നു ഇത്. പ്ളാസ്റ്റിക് പൊടിക്കാനായി വാങ്ങിയ നാല് യന്ത്രങ്ങള്‍ വിവിധ സോണലുകളില്‍ തുരുമ്പെടുത്തു. എട്ടുലക്ഷമാണ് യന്ത്രങ്ങള്‍ക്ക് ചെലവാക്കിയത്. പ്ളാസ്റ്റിക് പൊടിച്ച് ടാറില്‍ ചേര്‍ത്ത് റോഡ് നിര്‍മിച്ച് പരീക്ഷണവും കോര്‍പറേഷന്‍ നടത്തി. കൊക്കാലെ റോഡ് ഇതുപയോഗിച്ച് ടാര്‍ ചെയ്തിരുന്നു. ശക്തന്‍ മാര്‍ക്കറ്റ്, കൂര്‍ക്കഞ്ചേരി, പനംകുറ്റിച്ചിറ, കുരിയച്ചിറ എന്നിവിടങ്ങളിലാണ് യന്ത്രം സ്ഥാപിക്കാന്‍ പദ്ധതിയിട്ടത്. യന്ത്രം സ്ഥാപിക്കാനും സംസ്കരണത്തിനുമായി കെട്ടിടം നിര്‍മിക്കാന്‍ നടപടിയെടുക്കാതിരുന്നതോടെയാണ് നഗരത്തിലെ പ്ളാസ്റ്റിക് മാലിന്യം 80 ശതമാനവും ഒഴിവാക്കാവുന്ന വലിയ പദ്ധതി കടലാസ് പദ്ധതിയായത്. 30 മൈക്രോണില്‍ താഴെ പ്ളാസ്റ്റിക്കുകള്‍ക്ക് കോര്‍പറേഷന്‍ പരിധിയില്‍ നിരോധമുണ്ട്. എന്നാല്‍, പ്രധാന മാര്‍ക്കറ്റുകളില്‍ പ്ളാസ്റ്റിക് സഞ്ചികള്‍ യഥേഷ്ടം വിറ്റുപോകുന്നു. പ്ളാസ്റ്റിക്കിന്‍െറ ഉപയോഗം കുറക്കാന്‍ തുണിസഞ്ചികള്‍ വില്‍ക്കുന്ന കേന്ദ്രം കുടുംബശ്രീയുടെ നേതൃത്വത്തില്‍ ശക്തന്‍ മാര്‍ക്കറ്റില്‍ ആരംഭിച്ചെങ്കിലും പിന്നീട് ഇതും നിലച്ചു. ഓണം മാര്‍ക്കറ്റിലേക്ക് ലക്ഷക്കണക്കിന് രൂപയുടെ പ്ളാസ്റ്റിക് കിറ്റുകളാണ് എത്തുന്നത്. ഇവ നിയന്ത്രിക്കാനോ ബദല്‍ സംവിധാനം ഏര്‍പ്പെടുത്താനോ കോര്‍പറേഷന്‍ ആലോചിച്ചിട്ടില്ല. ഓണക്കാലം കഴിയുന്നതോടെ നഗരം പ്ളാസ്റ്റിക് സഞ്ചികളാല്‍ നിറയുമെന്നാണ് ആശങ്ക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.