പച്ചത്തേങ്ങ സംഭരണം അവതാളത്തില്‍

പാവറട്ടി: ജില്ലയില്‍ കൃഷിഭവന്‍ മുഖേനയുള്ള പച്ചത്തേങ്ങ സംഭരണം അവതാളത്തിലായി. സംഭരിച്ച നാളികേരത്തിന് കേര ഫെഡ് പണം നല്‍കാത്തതാണ് പ്രതിസന്ധിക്ക് കാരണം. കര്‍ഷകര്‍ക്കും നാളികേരം സംസ്കരിക്കുന്ന യൂനിറ്റുകള്‍ക്കും ഇതുമൂലം പണം കുടിശ്ശിക വന്നിരിക്കുകയാണ്. സംഭരിച്ച നാളികേരത്തിന് ഓരോ കൃഷിഭവനുകളും ലക്ഷങ്ങളാണ് കര്‍ഷകര്‍ക്ക് നല്‍കാനുള്ളത്. മാസത്തില്‍ ശരാശരി 60,000 ടണ്‍ തേങ്ങ സംഭരിക്കുന്ന പാവറട്ടി കൃഷി ഭവന്‍ 48 ലക്ഷം രൂപയാണ് കര്‍ഷകര്‍ക്ക് നല്‍കാനുള്ളത്. മറ്റ് കൃഷിഭവനുകളുടെ സ്ഥിതിയും മറിച്ചല്ല. കൂടുതല്‍ നാളികേരം സംഭരിക്കുന്ന കൃഷിഭവനുകള്‍ക്ക് കൂടുതല്‍ ബാധ്യതയുണ്ട്. 2014ലാണ് കൃഷിഭവനുകള്‍ പച്ചതേങ്ങ സംഭരണം ആരംഭിച്ചത്. കര്‍ഷകരില്‍നിന്ന് ശേഖരിക്കുന്ന പച്ചത്തേങ്ങ സംസ്കരണ യൂനിറ്റുകള്‍ക്ക് നല്‍കി, സംസ്കരിച്ച കൊപ്ര കേരഫെഡിന് നല്‍കുകയാണ് ചെയ്യുന്നത്. സംഭരിക്കുന്ന നാളികേരത്തിന്‍െറ 30 ശതമാനം കൊപ്ര കേരഫെഡിന് നല്‍കണമെന്നാണ് വ്യവസ്ഥ. ടണ്ണൊന്നിന് 600 രൂപയാണ് യൂനിറ്റുകള്‍ക്ക് ചാര്‍ജ്. കേരഫെഡ് പണം നല്‍കാതായതോടെ കര്‍ഷകര്‍ക്കും യൂനിറ്റുകള്‍ക്കും കുടിശ്ശിക വരുകയാണുണ്ടായത്. പണം ലഭിക്കാതെവന്നതോടെ പല യൂനിറ്റുകളും കൃഷിഭവനില്‍നിന്ന് തേങ്ങ വാങ്ങുന്നത് നിര്‍ത്തി. ഇതോടെ കൃഷിഭവനുകള്‍ക്ക് കര്‍ഷകരില്‍നിന്ന് നാളികേരം വാങ്ങാനാവാത്ത അവസ്ഥയാണ്. ബുക്കിങ് സമ്പ്രദായത്തിലാണ് നാളികേരം വാങ്ങിയിരുന്നത്. ഇത് ഇപ്പോള്‍ നിര്‍ത്തിയിരിക്കുകയാണ്. കൃഷിഭവന്‍ നാളികേരം എടുക്കാതായത് കര്‍ഷകര്‍ക്ക് തിരിച്ചടിയായി. കിലോക്ക് 25 രൂപ നിരക്കിലാണ് കര്‍ഷകര്‍ക്ക് ലഭിച്ചിരുന്നത്. ഇത് ആശ്വാസ വിലയായിരുന്നു. രണ്ടുരൂപ കൂട്ടി 27 രൂപ നിരക്കില്‍ പച്ചത്തേങ്ങ സംഭരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കേയാണ് സംഭരണം പ്രതിസന്ധിയിലായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.