ഹാറ്റ് പാടത്തേക്കിറങ്ങുന്നു; ചെമ്മീന്‍ കൃഷിയില്‍ ചാകര ഉറപ്പ്

കൊടുങ്ങല്ലൂര്‍: ചെമ്മീന്‍ കര്‍ഷകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. 500 കിലോ തീറ്റയില്‍നിന്ന് ആയിരം കിലോ ചെമ്മീന്‍ ഉല്‍പാദിപ്പിക്കാന്‍ കഴിയുന്ന ‘ഹാറ്റ്’ സാങ്കേതികവിദ്യ വ്യാപകമാക്കാന്‍ നടപടി ആരംഭിക്കുന്നു. ഹെറ്ററോഫോണിക് ഓട്ടോ റീസൈക്ളിങ് അക്വാകള്‍ച്ചറല്‍ ടെക്നോളജി (ഹാറ്റ്) എന്നറിയപ്പെടുന്ന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താന്‍ സമുദ്രോല്‍പന്ന കയറ്റുമതി വികസന അതോറിറ്റിയാണ് (എം.പി.ഇ.ഡി.എ) നീക്കം തുടങ്ങിയത്. കൊടുങ്ങല്ലൂരില്‍ ഹാറ്റ് ഉപയോഗിച്ച് നടത്തിയ ചെമ്മീന്‍ കൃഷി വന്‍ വിജയമായിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് എം.പി.ഇ.ഡി.എ നീക്കം. നിലവിലുള്ള സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ഒരു ടണ്‍ ചെമ്മീന്‍ ഉല്‍പാദിപ്പിക്കാന്‍ ഒന്നര മുതല്‍ രണ്ട് ടണ്‍ വരെ പുറംതീറ്റ നല്‍കണം. എന്നാല്‍, കൃഷിയിടത്തിലെ മാലിന്യവും ഭക്ഷ്യാവശിഷ്ടങ്ങളും ഗുണകരങ്ങളായ സൂക്ഷ്മാണുക്കളെ ഉപയോഗിച്ച് പൂര്‍ണമായും ചെമ്മീനിന്‍െറ ഭക്ഷണമായ പ്ളവങ്ങളായി മാറ്റുന്നതാണ് ഹാറ്റ് സാങ്കേതികവിദ്യ. ഇതോടെ പുറംതീറ്റ ചെലവ് വെട്ടിക്കുറക്കാനാകും. സീറോ വാട്ടര്‍ എക്സ്ചേഞ്ച് രീതി ആയതിനാല്‍ വൈദ്യുതി ചെലവും കുറയും. മെച്ചപ്പെട്ട ആവാസ വ്യവസ്ഥയില്‍ പ്രകൃതിദത്തവും ഗുണമേന്മയുമുള്ള ഭക്ഷണത്തില്‍ വളരുന്നതിനാല്‍ കുറഞ്ഞ കാലയളവില്‍ ഗുണവും രുചിയുമുള്ള ചെമ്മീന്‍ ഉല്‍പാദിപ്പിക്കാന്‍ കഴിയും.ഹാറ്റ് സാങ്കേതികവിദ്യ കര്‍ഷകരിലേക്ക് എത്തിക്കുന്നതിന്‍െറ ഭാഗമായി പ്രഥമ ക്ളാസ് ബുധനാഴ്ച ഒന്നര മുതല്‍ എം.പി.ഇ.ഡി.എയുടെ ജലകൃഷി പ്രാദേശിക കേന്ദ്രത്തിന്‍െറ നേതൃത്വത്തില്‍ കൊച്ചി പാലാരിവട്ടം ബൈപാസിലെ സ്പൈസസ് ബോര്‍ഡിന്‍െറ സുഗന്ധഭവന്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഡെ. ഡയറക്ടര്‍ എം. ഷാജി അറിയിച്ചു. ഫോണ്‍: 8547905872
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.