സമാധാനം നഷ്ടപ്പെട്ട് സാംസ്കാരിക നഗരി

തൃശൂര്‍: സാംസ്കാരിക നഗരി ഭീതിയിലാണ്. മെട്രോ നഗരങ്ങളെപ്പോലും നാണിപ്പിക്കുംവിധം ഗുണ്ടകള്‍ അഴിഞ്ഞാടുകയാണ്. ഏറ്റവുമൊടുവില്‍ എസ്.ഐ അടക്കമുള്ള പൊലീസ് സംഘത്തിനുനേരെയും ഉണ്ടായി ആക്രമണം. പതിറ്റാണ്ട് മുമ്പുവരെ ക്വട്ടേഷന്‍ സംഘങ്ങളുടെ തലസ്ഥാനമായിരുന്നു തൃശൂര്‍. പിപ്പിരി ജോസ്, ദുര്‍ഗാപ്രസാദ്, കരടി മനോജ്, ചാപ്ളി ബിജു തുടങ്ങി വെട്ടിനും കൊലക്കും മടിക്കാത്ത കുപ്രസിദ്ധ ഗുണ്ടകളുടെ വിളനിലമായിരുന്നു ജില്ല. ദിനേന സംഘര്‍ഷവും കൊലപാതകവും പിടിച്ചുപറിയും. രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയുണ്ടായിരുന്നതിനാല്‍ പൊലീസ് നോക്കുകുത്തിയായി. രാഷ്ട്രീയ നേതൃത്വങ്ങള്‍ കൈവിട്ടതോടെയാണ് പൊലീസ് നടപടി ശക്തമാക്കിയത്. ഇതോടെ സമാധാനാന്തരീക്ഷം മടങ്ങിയത്തെി. വളക്കൂറുള്ള തൃശൂരിന്‍െറ മണ്ണില്‍ വേരുറക്കാതായതോടെ സംഘങ്ങള്‍ ജില്ലവിട്ടു. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പുകാലത്ത് കണ്ണൂരില്‍ പിടിയിലായ ഗുണ്ടാസംഘം തൃശൂരിലേതായിരുന്നു. ഗുണ്ടാനിയമം നിലവില്‍വന്നതോടെ പൊലീസിന്‍െറ തന്ത്രപരമായ നീക്കം ഗുണ്ടകളുടെ ഏറ്റുമുട്ടലിനും പതനത്തിനുമിടയാക്കി. ഒരു കാലഘട്ടത്തില്‍ തൃശൂരില്‍ നൂറിലേറെ ഗുണ്ടാസംഘങ്ങളുണ്ടായിരുന്നെന്നാണ് പൊലീസ് പറയുന്നത്. ഇപ്പോള്‍ പത്തോളം സംഘങ്ങളുണ്ടെന്ന് എ.സി.പി ഷാഹുല്‍ ഹമീദ് പറയുന്നു. ഇവരുടെ നീക്കങ്ങള്‍ നിരീക്ഷണത്തിലാണെന്നും വ്യക്തമാക്കുന്നു. കടവി രഞ്ജിത്തിന്‍െറ നേതൃത്വത്തിലുള്ള സംഘമാണ് ഇപ്പോഴത്തെ ഭീഷണി. കൗമാരക്കാരടക്കമുള്ളവരാണ് സംഘത്തിലുള്ളത്. കഞ്ചാവുള്‍പ്പെടെ നല്‍കിയും വില്‍പനക്ക് ഇടനിലക്കാരായി ഉപയോഗിച്ചും സംഘം യുവാക്കളെ ചൂഷണം ചെയ്യുകയാണ്. കടവിയുടെ സംഘമാണ് കഞ്ചാവ് മാഫിയയെന്ന് ഒല്ലൂരില്‍ നാളുകള്‍ക്കുമുമ്പ് കഞ്ചാവുമായി പിടിയിലായ വിദ്യാര്‍ഥിയെ ചോദ്യം ചെയ്തതില്‍നിന്ന് അറിഞ്ഞിരുന്നു. കടവിയുടെ നേതൃത്വത്തിലാണ് രണ്ടുദിവസമായി ആക്രമണം അഴിച്ചുവിടുന്നത്. നാടന്‍ ബോംബ് നിര്‍മാണത്തിനിടെ രണ്ട് കൈപാദങ്ങളും അറ്റിട്ടും കൊല്ലും കൊലയും പിടിച്ചുപറിയുമായി ജനങ്ങളെ വിറപ്പിക്കുകയാണ് കടവി. കാപ്പ തടവ് കഴിഞ്ഞ് കഴിഞ്ഞ ദിവസമാണ് വിയ്യൂര്‍ ജയിലില്‍നിന്ന് ഇറങ്ങിയത്. രണ്ടാം തവണയാണ് കാപ്പയുടെ കരുതല്‍ തടങ്കലില്‍ കടവി അകത്തായത്. പുറത്തിറങ്ങി മറ്റൊരു ആക്രമണത്തിന് പദ്ധതി ആസൂത്രണം ചെയ്യുമ്പോഴായിരുന്നു പൊലീസിന്‍െറ വരവും ആക്രമണവും. സംഘത്തെ പിടികൂടാനത്തെിയ കേന്ദ്രത്തില്‍നിന്ന് വടിവാളുകളും നാടന്‍ ബോംബുള്‍പ്പെടെയുള്ളവയും പൊലീസ് കണ്ടെടുത്തു. മാസങ്ങള്‍ക്കുമുമ്പ് കൂര്‍ക്കഞ്ചേരിയില്‍ ഓട്ടോ ഡ്രൈവറെ മര്‍ദിച്ച കേസ് അന്വേഷിക്കാനത്തെിയ നെടുപുഴ പൊലീസിനുനേരെ കടവിയുടെ ആക്രമണമുണ്ടായിരുന്നു. കഴിഞ്ഞ മാസം ഒല്ലൂരില്‍ പട്ടാപ്പകല്‍ കടയില്‍ കയറി ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ട് വ്യാപാരിയെ മര്‍ദിച്ച് അവശനാക്കി. അതിന്‍െറ പ്രതികാര ഭീഷണിയുമായി കഴിഞ്ഞ ദിവസവും ഒല്ലൂരില്‍ കടവിയും സംഘവും ഇറങ്ങിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.