ചട്ടങ്ങള്‍ക്ക് പുല്ലുവില : അനധികൃത നിര്‍മാണങ്ങള്‍ പൊടിപൊടിക്കുന്നു

തൃശൂര്‍: കോര്‍പറേഷന്‍ കൗണ്‍സിലിനെയും കൗണ്‍സിലര്‍മാരെയും വെല്ലുവിളിച്ച് നഗരത്തില്‍ അനധികൃത നിര്‍മാണം സജീവം. ഹൈറോഡില്‍ അഞ്ചുവിളക്കിന് സമീപം അരിയങ്ങാടിയില്‍ മൂന്ന് നില കെട്ടിട നിര്‍മാണം നടക്കുന്നതായി തേക്കിന്‍കാട് കൗണ്‍സിലര്‍ എം.എസ്. സമ്പൂര്‍ണ കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ പരാതി ഉന്നയിച്ചിട്ടും നടപടികളിലേക്ക് കടന്നിട്ടില്ല. പ്രവൃത്തികള്‍ അതിവേഗം തുടരുകയാണ്. ശക്തന്‍ സ്റ്റാന്‍ഡ്, എം.ജി റോഡ്, കിഴക്കേ കോട്ട എന്നിവിടങ്ങളിലും അനധികൃത നിര്‍മാണങ്ങള്‍ നടക്കുന്നതായി പരാതിയുണ്ട്. കിഴക്കേകോട്ട ജങ്ഷനിലെ കോര്‍പറേഷന്‍െറ ആറുസെന്‍റ് സ്ഥലം വ്യക്തി കൈയേറി ഇരുമ്പുവേലി കെട്ടിയിട്ടും നടപടികളിലേക്ക് കടന്നിട്ടില്ല. അനധികൃത നിര്‍മാണങ്ങളും കൈയേറ്റങ്ങളും വ്യാപകമാണെന്നും നടപടി ഉണ്ടാകുന്നില്ളെന്നും ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്‍റ് കൂടിയായ സമ്പൂര്‍ണയും കോണ്‍ഗ്രസ് കൗണ്‍സിലര്‍ ജോണ്‍ ഡാനിയേലും പറഞ്ഞു. ആറ് മീറ്റര്‍ നീളവും രണ്ടു മീറ്റര്‍ വീതിയും മാത്രമുള്ള സ്ഥലത്താണ് അരിയങ്ങാടിയിലെ നിര്‍മാണം. ഇരുഭാഗത്തും റോഡായതിനാല്‍ രണ്ടു ഭാഗത്തും മൂന്ന് മീറ്റര്‍ വീതം വിട്ട് കെട്ടിടം നിര്‍മിക്കണമെന്നിരിക്കെ ഒരിഞ്ചുപോലും വിടാതെയും അനുമതിയില്ലാതെയുമാണ് നിര്‍മാണമെന്ന് പറയുന്നു. മാസങ്ങള്‍ക്കുമുമ്പ് കോര്‍പറേഷന്‍ ഓഫിസിന്‍െറ ചുറ്റുവട്ടത്ത് നാലും അഞ്ചും നിലകളില്‍ വരെ പണിത 34 അനധികൃത കെട്ടിടങ്ങളുടെ ഫോട്ടോസഹിതം വിവരങ്ങളടങ്ങിയ പരാതി അന്നത്തെ കൗണ്‍സിലര്‍ ജോണ്‍ കാഞ്ഞിരത്തിങ്കല്‍ അന്നത്തെ മേയര്‍ രാജന്‍ പല്ലന് നല്‍കിയിരുന്നു. വിജിലന്‍സ് മേധാവിയുടെ നിര്‍ദേശമനുസരിച്ച് തൃശൂര്‍ വിജിലന്‍സ് കോര്‍പറേഷന്‍ അതിര്‍ത്തിയില്‍ നടത്തിയ പരിശോധനയില്‍ ചട്ടം ലംഘിച്ച് നിര്‍മിക്കുന്ന 36 കെട്ടിടങ്ങള്‍ കണ്ടത്തെുകയും നടപടിക്കായി കോര്‍പറേഷന് ശിപാര്‍ശ ചെയ്തിരുന്നെങ്കിലും യു.ഡി.എഫ് അവഗണിച്ചു. ടൗണ്‍ പ്ളാനിങ് വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് അനധികൃത നിര്‍മാണങ്ങളെന്നാണ് കൗണ്‍സിലര്‍മാരടക്കമുള്ളവരുടെ ആക്ഷേപം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.