കഴിഞ്ഞ ദിവസം പൂച്ചെണ്ട്; ഇപ്പോള്‍ സ്ഥലം മാറ്റം

കൊടുങ്ങല്ലൂര്‍: എക്സൈസ് കമീഷണര്‍ ഋഷിരാജ്സിങ് നേരിട്ടത്തെി അഭിനന്ദിച്ച സി.ഐക്ക് തൊട്ടടുത്ത ദിവസം സ്ഥലമാറ്റം. കൊടുങ്ങല്ലൂര്‍ എക്സൈസ് സി.ഐ ടി.കെ. അഷറഫിനാണ് അനുമോദനവും ശിക്ഷയും ഒരേ സമയം ലഭിച്ചത്. അടിമാലി കേന്ദ്രമായ നാര്‍ക്കോട്ടിക്സ് എന്‍ഫോഴ്സ്മെന്‍റ് സ്ക്വാഡ് (എന്‍.ഇ.എസ്) ലേക്കാണ് സി.ഐ ടി.കെ. അഷറഫിനെ സ്ഥലം മാറ്റിയത്. രണ്ടുവര്‍ഷമെങ്കിലും ഒരിടത്ത് സേവനം അനുഷ്ഠിച്ച ശേഷമെ ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റം പാടുള്ളൂവെന്ന നിലപാടിലാണ് കമീഷണര്‍. എന്നാല്‍, കൊടുങ്ങല്ലൂര്‍ സി.ഐയായി നാലാം മാസത്തിലാണ് ടി.കെ. അഷറഫിനെ മാറ്റിയത്. ജനറല്‍ സ്ഥലംമാറ്റ ലിസ്റ്റിലൂടെയാണ് സി.ഐയെ മാറ്റിയതെങ്കിലും ഇതിന് പിന്നില്‍ നേരത്തെ മുതല്‍ കരുനീക്കങ്ങള്‍ നടന്നുവന്നതായി മുറുമുറുപ്പുണ്ട്. അബ്കാരി ലോബിക്ക് പുറമെ ജില്ലയിലെ ഒരു മന്ത്രിക്ക് നേരെയും ആരോപണത്തിന്‍െറ മുന നീളുന്നു. ആല്‍ക്കഹോളിന്‍െറ അംശം കൂടുതലുണ്ടെന്ന് കണ്ടത്തെിയതിനാല്‍ കൊടുങ്ങല്ലൂര്‍ റേഞ്ചിലെ കള്ളുഷാപ്പുകള്‍ അടച്ചുപൂട്ടിയതിന്‍െറ പ്രതികാരമാണ് സ്ഥലംമാറ്റത്തിന് പിറകിലെന്നാണ് ആരോപണം. ആറ് കഞ്ചാവ് വില്‍പനക്കാരെ ഇതിനകം മൂന്ന് ബൈക്കുകള്‍ സഹിതം സി.ഐയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്യുകയുണ്ടായി. സി.ഐയും സംഘവും ഒപ്പം എക്സൈസ് റേഞ്ചും പൊലീസും ലഹരി വസ്തുക്കളോടൊപ്പം പിടികൂടാന്‍ പൂര്‍വാധികം സജീവമായി രംഗത്തുണ്ട്. ഇതുവഴി ഒരു പരിധി വരെയെങ്കിലും ലഹരി മാഫിയക്ക് തിരിച്ചടി നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇതിനിടെയാണ് സി.ഐയെ മാറ്റിയത്. ഞായറാഴ്ച കൊടുങ്ങല്ലൂര്‍ സി.ഐ ഓഫിസിലത്തെിയ ഋഷിരാജ്സിങ്ങില്‍ നിന്ന് അനുമോദനം ഏറ്റുവാങ്ങിയ ടി.കെ. അഷറഫിനെ കമീഷണര്‍ റിവാര്‍ഡിന് ശിപാര്‍ശ ചെയ്യുമെന്നും സൂചന നല്‍കിയിരുന്നുവത്രേ. ഇതിനിടെ എക്സൈസ് കമീഷണര്‍ ഋഷിരാജ് സിങ്ങിന്‍െറ പ്രീതി നേടാന്‍ സി.ഐ റെയ്ഡ് സംഘടിപ്പിക്കുന്നതായും അത് പൊലിപ്പിച്ച് കാണിക്കുന്നതായും പ്രചാരമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.