പൊടിമീശ മുളക്കണ പ്രായം; പണി കഞ്ചാവ് വില്‍പന

കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂര്‍ എക്സൈസ് സി.ഐയും സംഘവും ഒരുക്കിയ കെണിയില്‍ പൊടിമീശക്കാരായ രണ്ട് ന്യൂജന്‍ കഞ്ചാവ് വില്‍പനക്കാര്‍ കൂടി വീണു. മാള പ്ളാവുമുറി കളത്തിപറമ്പില്‍ അന്‍സിഫ് (20), കൊടുങ്ങല്ലൂര്‍ ചാപ്പാറ തൊഴുത്തുങ്ങ പറമ്പില്‍ സാഹില്‍ (20) എന്നിവാരാണ് പിടയിലായത്. ആദ്യം പിടിയിലായ അന്‍സിഫില്‍ നിന്ന് കിട്ടിയ വിവരത്തിന്‍െറ അടിസ്ഥാനത്തിലാണ് സാഹിലിനെ പിടികൂടിയത്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ ആറ് ന്യൂജന്‍ കഞ്ചാവ് വില്‍പനക്കാരെയാണ് കൊടുങ്ങല്ലൂര്‍ സി.ഐയും സംഘവും പിടികൂടിയത്. സ്കൂളും കോളജും കേന്ദ്രീകരിച്ച് വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കുമാണ് ഇവര്‍ കഞ്ചാവ് നല്‍കുന്നത്. മാള-കൊടുങ്ങല്ലൂര്‍ മേഖലയില്‍ കഞ്ചാവ് വില്‍പന നടത്തുന്ന സംഘത്തില്‍ പെട്ടവരാണ് പിടിയിലായ രണ്ടുപേരും. പുല്ലൂറ്റ് കെ.കെ.ടി.എം കോളജ് പരിസരത്ത് കഞ്ചാവ് വില്‍പനക്കായത്തെിയപ്പോഴാണ് കഴിഞ്ഞ ദിവസം അന്‍സിഫ് വലയില്‍ വീണത്. പട്രോളിങ്ങിലായിരുന്ന എക്സൈസ് ജീപ്പ് കണ്ട് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പിടികൂടി പരിശോധിക്കുകയായിരുന്നു. പ്ളാസ്റ്റിക് കവറില്‍ പൊതിഞ്ഞ കഞ്ചാവ് പൊതികള്‍ കണ്ടെടുത്തു. അന്‍സിഫ് പിടിയിലായത് അറിയാതെ ഇയാളില്‍നിന്നും വാങ്ങിവെച്ച കഞ്ചാവ് ആവശ്യക്കാര്‍ക്ക് നല്‍കാന്‍ പൊരിബസാറില്‍ കാത്ത് നില്‍ക്കുമ്പോഴാണ് സാഹിലിനെ എക്സൈസുകാര്‍ പിടികൂടിയത്. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പിടിച്ച് പരിശോധിച്ചപ്പോള്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച കഞ്ചാവ് കണ്ടെടുക്കുകയായിരുന്നുവെന്ന് സി.ഐ പറഞ്ഞു. 5, 10 ഗ്രാം വരുന്ന കഞ്ചാവ് 500, 1000 രൂപക്കാണ് വില്‍പന നടത്തുന്നത്. ഇവരുടെ ഏജന്‍റുമാര്‍ കൊടുങ്ങല്ലൂരില്‍ ഉള്ളതായും ഇവരെ ചോദ്യം ചെയ്തപ്പോള്‍ അറിയാനായെന്നും സി.ഐ പറഞ്ഞു. ഇടപാട് നടത്തുന്ന വിദ്യാര്‍ഥികളുടെ വിവരങ്ങളും ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.