കെട്ടിടം അടിപൊളി; ഒരിറ്റ് വെള്ളമില്ല

വടക്കാഞ്ചേരി: സുപ്രധാന സര്‍ക്കാര്‍ ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിട സമുച്ചയത്തില്‍ കുടിവെള്ളമില്ല. ജലസമൃദ്ധിയായ കിണര്‍ മോട്ടോര്‍ സ്ഥാപിക്കാത്തതിനാല്‍ ഉപയോഗശൂന്യം. വനിതകള്‍ അടക്കം നിരവധി ജീവനക്കാര്‍ പൊറുതിമുട്ടി. പൊലീസ് സ്റ്റേഷന് മുന്നില്‍ മൂന്നുകോടി ചെലവഴിച്ച് നിര്‍മിച്ച കെട്ടിട സമുച്ചത്തിലാണ് ഉദ്ഘാടനം കഴിഞ്ഞ് ഏഴുമാസം പിന്നിട്ടിട്ടും വെള്ളം ലഭിക്കാത്തത്. കുടിവെള്ളത്തിനുപോലും സ്വകാര്യ ഹോട്ടലുകളെയും മറ്റ് ഓഫിസുകളെയും ആശ്രയിക്കേണ്ട ഗതികേടിലാണ്. കെട്ടിട വളപ്പില്‍ നിറയെ വെള്ളമുള്ള കിണര്‍ ഉണ്ടെങ്കിലും വെള്ളം പമ്പ് ചെയ്യാന്‍ ആവശ്യമായ മോട്ടോര്‍ ഇല്ല. ശൗചാലയവും മറ്റു സൗകര്യങ്ങളുമുണ്ടെങ്കിലും വെള്ളമില്ലാത്തതിനാല്‍ അടച്ചിട്ടിരിക്കുകയാണ്. തലപ്പിള്ളി താലൂക്ക് ആസ്ഥാനമായ വടക്കാഞ്ചേരിയില്‍ വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫിസുകള്‍ ഒരുകുടക്കീഴിലാക്കി ജനദുരിതം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എ.സി. മൊയ്തീന്‍ വടക്കാഞ്ചേരി എം.എല്‍.എ ആയിരിക്കുമ്പോഴാണ് കെട്ടിടം നിര്‍മിച്ചത്. മൂന്ന് നിലകളിലായി ഓഫിസ് സൗകര്യങ്ങളും , ഗോവണി മുറികള്‍, ശൗചാലയങ്ങള്‍, കാര്‍പോര്‍ച്ച് എന്നിവയും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ആദ്യ നിലയില്‍ ലീഗല്‍ മെട്രോളജി, എക്സൈസ് റേഞ്ച് ഓഫിസ്, ഫസ്റ്റ് ഫ്ളോറില്‍ അസി. വിദ്യാഭ്യാസ ഓഫിസറുടെ കാര്യാലയം, വാണിജ്യനികുതി ഓഫിസ്, രണ്ടാം നിലയില്‍ ഫുഡ് ഇന്‍സ്പെക്ടര്‍ ഓഫിസ്, ടൗണ്‍ എംപ്ളോയ്മെന്‍റ് ഓഫിസ് എന്നിവയോടൊപ്പം കോണ്‍ഫറന്‍സ് ഹാളും സജീകരിച്ചിട്ടുണ്ട്. ഇതുവരെ ലീഗല്‍ മെട്രോളജി, അസി. വിദ്യാഭ്യാസ ഓഫിസറുടെ കാര്യാലയം എന്നീ ഓഫിസുകള്‍ മാത്രമാണ് ഇവിടെ തുടങ്ങിയിട്ടുള്ളത്. എക്സൈസ് റേഞ്ച് ഓഫിസ് പണി പൂര്‍ത്തിയായി കിടക്കുകയാണെങ്കിലും മന്ത്രിയുടെ തീയതി കിട്ടാത്തതിനാല്‍ ഉദ്ഘാടനം നീളുകയാണെന്ന് അധികൃതര്‍ പറയുന്നു. എംപ്ളോയ്മെന്‍റ് ഓഫിസ് സ്ഥാപിക്കുന്നതിനെ കുറിച്ച് ഒരുനിശ്ചയവുമില്ല. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ കൂടുതല്‍ ഓഫിസുകള്‍ ഇവിടെ തുടങ്ങാനാകില്ളെന്ന നിലപാടാണ് ജീവനക്കാരുടേത്. ഓഫിസുകളില്‍ വെള്ളമത്തെിക്കാന്‍ അടിയന്തര നടപടി വേണമെന്ന ആവശ്യവും അവര്‍ ഉന്നയിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.