ഗുരുവായൂര്‍ നഗരസഭാ കൗണ്‍സില്‍ യോഗം 1500 കോടിയുടെ പദ്ധതികള്‍ കേന്ദ്രസര്‍ക്കാറിന് സമര്‍പ്പിക്കും

ഗുരുവായൂര്‍: പൈതൃക നഗരം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരവികസനത്തിനായി 1500 കോടിയുടെ പദ്ധതികള്‍ കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിക്കും. നഗരസഭയും ദേവസ്വവും ചേര്‍ന്നാണ് പദ്ധതികള്‍ സമര്‍പ്പിക്കുക. പദ്ധതികളുടെ വിശദാംശങ്ങള്‍ കൗണ്‍സില്‍ ചര്‍ച്ച ചെയ്തു. മള്‍ട്ടി ലെവല്‍ പാര്‍ക്കിങ്, മൂന്നാമത്തെ റിങ് റോഡ്, കിഴക്കെനട ബസ് സ്റ്റാന്‍ഡിലെ മള്‍ട്ടി പര്‍പ്പസ് മൊബിലിറ്റി ഹബ്, ചാട്ടുകുളം മുതല്‍ കോയ ബസാര്‍ വരെ റോഡ് വീതി കൂട്ടല്‍, മമ്മിയൂരില്‍ ഫൈ്ളഓവര്‍ ബ്രിഡ്ജ്, പില്‍ഗ്രിം പ്ളാസ, വനിത വിശ്രമകേന്ദ്രം, സോളാര്‍ തെരുവ് വിളക്കുകള്‍, മിനി മാര്‍ക്കറ്റ്, നാട്യഗൃഹം, തോടുകളുടെയും ചിറകളുടെയും പരിപാലനം തുടങ്ങിയ പദ്ധതികളാണ് സമര്‍പ്പിക്കുന്നത്. വികസന സെമിനാറിന് ശേഷമാണ് പദ്ധതികള്‍ക്ക് അന്തിമരൂപം നല്‍കുക. അജണ്ടയില്‍ മൂന്നാമതായി ഉള്‍പ്പെടുത്തിയിരുന്ന ചൂല്‍പ്പുറം ട്രഞ്ചിങ് ഗ്രൗണ്ടില്‍ ബയോഗ്യാസ് പ്ളാന്‍റ്, പ്ളാസ്റ്റിക് ഷ്രെഡിങ് യൂനിറ്റ്, ഗ്ളാസ് ഷ്രെഡിങ് യൂനിറ്റ്, ബയോഗ്യാസ് ബോട്ടിലിങ് പ്ളാന്‍റ് എന്നിവക്കായി ജ്വാല എക്വിപ്മെന്‍റ്സ് ആന്‍ഡ് കണ്‍സള്‍ട്ടന്‍റ്സ് എന്ന സ്ഥാപനം നല്‍കിയ 1.24 കോടിയുടെ പദ്ധതി അജണ്ടയില്‍ നിന്ന് നീക്കം ചെയ്ത് ട്രഞ്ചിങ് ഗ്രൗണ്ടില്‍ നേരത്തെ ശുചിത്വ മിഷന്‍ അനുവദിച്ചിരുന്ന പദ്ധതി ഭേദഗതി ചെയ്യല്‍ മാത്രമാക്കിയത് പ്രതിപക്ഷ ബഹളത്തിന് കാരണമായി. ജ്വാല കമ്പനിയെ സഹായിക്കാനാണ് നേരത്തെ അജണ്ടയില്‍ പദ്ധതി ഉള്‍പ്പെടുത്തിയതെന്ന് കോണ്‍ഗ്രസിലെ എ.ടി. ഹംസ, ആന്‍േറാ തോമസ്, മുസ്ലിം ലീഗിലെ റഷീദ് കുന്നിക്കല്‍ എന്നിവര്‍ പറഞ്ഞു. ഒരു കമ്പനിയുടെ മാത്രം പേര് ഉള്‍പ്പെടുത്തിയതിനെ എതിര്‍ക്കുകയാണെന്ന് ബി.ജെ.പിയിലെ ശോഭ ഹരിനാരായണനും പറഞ്ഞു. ട്രഞ്ചിങ് ഗ്രൗണ്ടില്‍ ജ്വാല ഇപ്പോള്‍ നടത്തി വരുന്ന മാലിന്യം ഇല്ലാതാക്കല്‍ ശരിയായ രീതിയിലല്ല നടക്കുന്നതെന്ന് മേഖലയിലെ കൗണ്‍സിലറായ ഹംസ ആരോപിച്ചു. കമ്പനിയുടെ പേര് പരാമര്‍ശിച്ച അജണ്ടയില്‍ തെറ്റുണ്ടെന്ന് മനസ്സിലായതിനാലാണ് തിരുത്തിയതെന്ന് അധ്യക്ഷ വിശദീകരിച്ചു. ടെന്‍ഡര്‍ നടപടികള്‍ കൂടാതെ ആര്‍ക്കും ഏകപക്ഷീയമായ പദ്ധതി നല്‍കില്ളെന്ന് ഉപാധ്യക്ഷന്‍ കെ.പി. വിനോദും പറഞ്ഞു. താനും ചെയര്‍മാനും ചേര്‍ന്നാണ് അജണ്ടയിലെ വിഷയങ്ങള്‍ നിശ്ചയിച്ചിരുന്നതെന്നും നേരത്തെ ഉള്‍പ്പെടുത്തിയിരുന്ന വിഷയത്തില്‍ തെറ്റുണ്ടായിരുന്നില്ളെന്നും സെക്രട്ടറി രഘുരാമന്‍ വിശദീകരിച്ചു. ചട്ടങ്ങള്‍ പാലിച്ച് സര്‍ക്കാര്‍ അനുമതിയോടെ മാത്രമെ പദ്ധതികള്‍ക്ക് അനുമതി നല്‍കൂ എന്നും സെക്രട്ടറി പറഞ്ഞു. വെള്ളിയാഴ്ചകളില്‍ രാവിലെ കൗണ്‍സില്‍ ചേരുന്നത് മുസ്ലിം സമുദായ അംഗങ്ങളായ കൗണ്‍സിലര്‍മാര്‍ക്ക് പ്രയാസമുണ്ടാക്കുന്നുവെന്ന് ഹബീബ് നാറാണത്ത് ചൂണ്ടിക്കാട്ടി. പ്രഫ. പി.കെ. ശാന്തകുമാരി അധ്യക്ഷത വഹിച്ചു. കെ.പി.വിനോദ്, സുരേഷ് വാര്യര്‍, ടി.ടി.ശിവദാസന്‍, ആന്‍േറാ തോമസ്, ആര്‍.വി. അബ്ദുല്‍ മജീദ്, ടി.എസ്.ഷെനില്‍, കെ.വി.വിവിധ്, എ.ടി. ഹംസ, ടി.കെ.വിനോദ്, പി.എസ്.രാജന്‍, ശോഭ ഹരിനാരായണന്‍ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.