തരിശിട്ട പാടത്ത് അതിജീവനത്തിന്‍െറ വിത്തുപാകി കണിമംഗലത്തുകാര്‍

തൃശൂര്‍: തരിശുഭൂമിയില്‍ അതിജീവനത്തിന്‍െറ പുത്തന്‍ വിത്തിറക്കുകയാണ് കണിമംഗലത്തുകാര്‍. മൂന്നുവര്‍ഷമായി തരിശിട്ട 900 ഹെക്ടറിലാണ് പുതിയ പാടശേഖര സമിതി അഡ്ഹോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൃഷിയിറക്കുന്നത്. മത്സ്യകൃഷിക്കായി പാടശേഖരം അനുവദിച്ച് വ്യക്തികള്‍ക്ക് ലാഭമുണ്ടാക്കി കൊടുക്കുകയും കൃഷിക്ക് അനുവദിച്ച ഫണ്ട് ദുരുപയോഗവും ചെയ്ത പാടശേഖര സമിതിക്കെതിരെ പ്രതിഷേധമായാണ് വിത്തുപാകുന്നത്. തരിശ് ഭൂമിയില്‍ കൃഷിയിറക്കാനുള്ള സര്‍ക്കാര്‍ പദ്ധതിക്ക് കണിമംഗലം പാടശേഖരത്തിലൂടെ തുടക്കമിടുകയാണെന്ന് കെ. രാജന്‍ എം.എല്‍.എ പറഞ്ഞു. സര്‍ക്കാര്‍ സഹായം ലഭ്യമാക്കാന്‍ പരിശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചുമതലയേറ്റശേഷം മന്ത്രി വി.എസ്. സുനില്‍കുമാര്‍ ആദ്യം സന്ദര്‍ശിച്ചതും പ്രഖ്യാപിച്ചതും തരിശിട്ട കണിമംഗലം പാടശേഖരത്തില്‍ കൃഷിയിറക്കുമെന്നായിരുന്നു. നിലവിലെ കമ്മിറ്റി അംഗങ്ങള്‍ കോര്‍പറേഷന്‍ അനുവദിച്ച 3,19,800 രൂപയുടെ റിവോള്‍വിങ് ഫണ്ട് ദുരുപയോഗം ചെയ്തതിനും നെല്ല് സംഭരണത്തിന്‍െറ പേരില്‍ ചാക്കിന്‍െറ വിലയായി കര്‍ഷകരില്‍നിന്ന് കൂടുതല്‍ നെല്ല് പിടിച്ചെടുത്തതിനും സീഡ് അതോറിറ്റിയില്‍നിന്ന് വാങ്ങിയ വിത്തിന് കണക്കില്‍പ്പെടാത്ത അമിത ചാര്‍ജ് ഈടാക്കിയതിനും വിജിലന്‍സ് അന്വേഷണം നേരിടുകയാണ്. തൃശൂര്‍ പൊന്നാനി കോള്‍വികസന ഏജന്‍സി മുഖേന മുട്ടക്കോഴി വളര്‍ത്തല്‍, കന്നുകുട്ടി പരിപാലനം എന്നിവക്ക് ലഭിച്ച 17.3 ലക്ഷം രൂപയില്‍ അഴിമതി നടത്തിയതും ഭരണസമിതിയുടെ കാലാവധി കഴിഞ്ഞിട്ടും തെരഞ്ഞെടുപ്പോ പൊതുയോഗമോ കണക്ക് അവതരിപ്പിക്കലോ നടത്താതെ മത്സ്യലേലം നടത്തി പണം കൈക്കലാക്കിയതും അന്വേഷിക്കുന്നുണ്ട്. അമിതാധികാരം ഉപയോഗിച്ച് പടവ് കമ്മിറ്റിയുടെ 19 സെന്‍റ് ഭൂമി ജില്ലാ ബാങ്കില്‍ പണയപ്പെടുത്തി 25 ലക്ഷം രൂപ കൈപ്പറ്റിയതും അന്വേഷണ വിഷയമാണ്. ആരോപണവിധേയമായ പാടശേഖര സമിതിക്ക് പകരം ഒമ്പതംഗ അഡ്ഹോക്ക് കമ്മിറ്റി രൂപവത്കരിച്ചു. കര്‍ഷക പ്രതിനിധികളായ പി.ആര്‍. കുട്ടപ്പന്‍, കെ.ബി. പ്രസന്നന്‍, ശങ്കരന്‍ തിരുമേനി, സി. ഗോപാലകൃഷ്ണന്‍, എം.ആര്‍. സുഗതന്‍ എന്നിവരും പുഞ്ച സ്പെഷല്‍ ഓഫിസര്‍ മുഹമ്മദ് റഫീഖ്, കൃഷി ഓഫിസര്‍ എന്‍. ശാന്തി, നെടുപുഴ സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് സഹദേവന്‍, കെ.ഡി.എ അംഗം രവീന്ദ്രന്‍ എന്നിവരും അടങ്ങുന്നതാണ് പുതിയ സമിതി. പടവ് കമ്മിറ്റിക്കുണ്ടായ നഷ്ടം കര്‍ഷകരില്‍നിന്ന് ഈടാക്കാതെ കുറ്റക്കാരില്‍നിന്ന് വസൂലാക്കാന്‍ പുതിയ കമ്മിറ്റി നിയമനടപടി തുടരണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. കൃഷിയിറക്കാത്തതിന്‍െറ പേരില്‍ ആറ് കോടിയുടെ വരുമാന നഷ്ടമാണ് കഴിഞ്ഞ വര്‍ഷം മാത്രമുണ്ടായത്. മോട്ടോര്‍ പമ്പ് സെറ്റുകളെല്ലാം വരമ്പുകളില്‍ അലക്ഷ്യമായി കിടന്നുനശിക്കുകയാണ്. വീണ്ടും കൃഷിയിറക്കുന്നതിന് മുമ്പ് വന്‍ സാമ്പത്തിക ബാധ്യത കര്‍ഷകരിലുണ്ടാവാതിരിക്കാന്‍ സര്‍ക്കാരും കോര്‍പറേഷനും നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. പൊതുയോഗം കെ. രാജന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പുഞ്ച സ്പെഷല്‍ ഓഫിസര്‍ മുഹമ്മദ് റഫീഖ് അധ്യക്ഷതവഹിച്ചു. ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ എ.എ. പ്രസാദ്, കോര്‍പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷ അജിത വിജയന്‍, കൗണ്‍സിലര്‍മാരായ ഷീബ പോള്‍സണ്‍, ഷീന ചന്ദ്രന്‍, നെടുപുഴ സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് സഹദേവന്‍, കെ.ഡി.എ അംഗം രവീന്ദ്രന്‍, കൃഷി ഓഫിസര്‍ എന്‍. ശാന്തി തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.