തൃശൂര്‍: ജല വിതരണത്തിനായി കോടികള്‍ നഷ്ടപ്പെടുത്തുന്ന കോര്‍പറേഷന്‍െറ കുടിവെള്ള കണക്കറിയാന്‍ ജല അതോറിറ്റി മീറ്ററുകള്‍ സ്ഥാപിക്കുന്നു. സംസ്ഥാനമാകെ മൊത്തവിതരണ മീറ്ററുകള്‍ സ്ഥാപിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ജല അതോറിറ്റി നീക്കം. 18 മീറ്ററുകളാണ് സ്ഥാപിക്കുക. ‘ജീക്കേ’ എന്ന കമ്പനിക്കാണ് ചുമതല. മീറ്ററുകള്‍ സ്ഥാപിക്കുന്നതോടെ കുടിവെള്ളത്തിന് വാട്ടര്‍ അതോറിറ്റിക്ക് ലക്ഷങ്ങള്‍ നല്‍കുന്നത് ഒഴിവാക്കാനാവും. ചേറൂര്‍ ജല സംഭരണിയില്‍നിന്ന് മെഡിക്കല്‍ കോളജ്, കിള്ളന്നൂര്‍, കോലഴി, വില്‍വട്ടം, ചേറൂര്‍ പ്രദേശങ്ങളിലേക്കുള്ള അഞ്ച് പൈപ്പ് ലൈനുകളിലും ചെമ്പൂക്കാവില്‍നിന്ന് ചേറൂര്‍ ജലസംഭരണിയിലേക്കുള്ള പൈപ്പ് ലൈനിലുമാണ് ആദ്യം മീറ്ററുകള്‍ സ്ഥാപിക്കുന്നത്. എല്ലാ പഞ്ചായത്ത് മേഖലകളിലേക്കും സ്ഥാപനങ്ങളിലേക്കുമുള്ള പ്രധാന പൈപ്പ് ലൈനുകളിലും മീറ്റര്‍ വെക്കും. തേക്കിന്‍കാട് ടാങ്കില്‍നിന്നുള്ള പൈപ്പ് ലൈനില്‍ രണ്ടാഴ്ചക്കകം മീറ്റര്‍ സ്ഥാപിക്കുമെന്ന് അതോറിറ്റി അധികൃതര്‍ പറഞ്ഞു. തേക്കിന്‍കാട് ടാങ്കിലെ 14.5 ദശലക്ഷം ലിറ്റര്‍ ശേഷിയുള്ള 600 എം.എം പൈപ്പ് ലൈന്‍ പദ്ധതിയില്‍നിന്നാണ് ജലവിതരണം. എങ്കിലും 20 ദശലക്ഷം ലിറ്റര്‍ നല്‍കുന്നതായി കണക്കാക്കിയാണ് കോര്‍പറേഷനില്‍നിന്ന് അതോറിറ്റി വാട്ടര്‍ ബില്‍ ഈടാക്കുന്നത്. യഥാര്‍ഥത്തില്‍ ഇതിന്‍െറ പകുതിപോലും വെള്ളം നഗരപ്രദേശത്ത് വിതരണം ചെയ്യുന്നില്ളെന്ന് അധികൃതര്‍ പറയുന്നു. മാത്രമല്ല, കോര്‍പറേഷന്‍ പ്രദേശത്തിന് പുറത്തുള്ള പഴയ പഞ്ചായത്ത് പ്രദേശങ്ങളിലും ഈ ലൈനില്‍നിന്ന് ധാരാളം വെള്ളം കൊണ്ടുപോകുന്നുണ്ട്. കോര്‍പറേഷന് മേല്‍ വാട്ടര്‍ ചാര്‍ജ് ഉണ്ടായിരുന്നില്ല. ഉല്‍പാദന ചെലവിന്‍െറ ആനുപാതിക വിഹിതം നല്‍കിയാല്‍ മതിയായിരുന്നു. പ്രതിവര്‍ഷം ആറ് ലക്ഷം നല്‍കിയിരുന്നത് 1,000 ലിറ്ററിന് നാല് രൂപ വെച്ച് വാട്ടര്‍ ചാര്‍ജായി മാറ്റം വരുത്തി അതോറിറ്റി പ്രതിമാസം 34,20,000 രൂപയാക്കി. ബള്‍ക്ക് മീറ്റര്‍ സ്ഥാപിക്കുന്നതോടെ ഈ കൊള്ള അവസാനിക്കും. 1.6 കോടി രൂപ ഉല്‍പാദനചെലവില്‍ 20 ദശലക്ഷം ലിറ്റര്‍ വെള്ളം നല്‍കുന്നതായി കണക്കാക്കിയാല്‍പോലും പ്രതിമാസം 5.4 ലക്ഷം രൂപയേ കോര്‍പറേഷന്‍ നല്‍കേണ്ടിവരൂ. വര്‍ഷം കോടികളുടെ ലാഭമാണ് കോര്‍പറേഷന് ഉണ്ടാകാന്‍ പോകുന്നത്. ബള്‍ക്ക് മീറ്ററുകള്‍ സ്ഥാപിക്കണമെന്ന ആവശ്യം 20 വര്‍ഷമായി കോര്‍പറേഷന്‍ ഉന്നയിക്കുന്നുണ്ടെങ്കിലും അതോറിറ്റി തയാറായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.