കോടശേരി പഞ്ചായത്തിലെ പടിഞ്ഞാറന്‍ മേഖല വരള്‍ച്ചയില്‍

കോടശേരി: വേനല്‍ കടുത്തതോടെ മലയോര പഞ്ചായത്തായ കോടശേരിയിലെ പടിഞ്ഞാറന്‍ മേഖല വരള്‍ച്ചയില്‍. ജലാശയങ്ങള്‍ വറ്റിത്തുടങ്ങിയതോടെ കുടിവെള്ളപദ്ധതികളുടെ പമ്പിങ് കുറഞ്ഞു. മറ്റ് ജലാശയങ്ങളും വൈകാതെ വറ്റുന്ന സ്ഥിതിയായി. വീട്ടുകിണറുകളും വറ്റിത്തുടങ്ങി. പഞ്ചായത്തിലെ പ്രധാന കുടിവെള്ള പദ്ധതികളായ കോതേശ്വരം പദ്ധതിയുടെയും എലിഞ്ഞിപ്രയിലെ കറമ്പന്‍കുട്ടി പദ്ധതിയുടെയും പ്രവര്‍ത്തനം അവതാളത്തിലാണ്. പമ്പിങ് കുറഞ്ഞതോടെ പൈപ്പുകളില്‍ വെള്ളം കിട്ടാത്ത അവസ്ഥയാണ്. കനാലുകളിലൂടെ വെള്ളം ലഭിക്കാത്തത് പ്രശ്നം ഗുരുതരമാക്കി. അടിയന്തരമായി ടാങ്കര്‍ ലോറികളില്‍ കുടിവെള്ളം വിതരണം ചെയ്താല്‍ മാത്രമേ പ്രശ്നത്തിന് പരിഹാരമാകൂ. മേച്ചിറയിലെ പ്രധാന ജലസ്രോതസ്സുകളിലൊന്നായ താണിക്കുളം വറ്റിവരണ്ടു. മേച്ചിറയിലെ ശിവജി നഗറിലും പരിസരത്തും കുടിവെള്ളംപോലും കിട്ടാക്കനിയായി. താണിക്കുളം സംരക്ഷിക്കാത്തതാണ് ജലക്ഷാമത്തിന് കാരണമെന്ന് പ്രദേശവാസികള്‍ പറഞ്ഞു. നിറയെ പുല്ലും കാടും പടലും വളര്‍ന്ന സ്ഥിതിയാണ് കുളത്തില്‍. ചളിനിറഞ്ഞ് കുളത്തിന്‍െറ ആഴം കുറഞ്ഞു. കോടശേരി പഞ്ചായത്ത് കുളം വൃത്തിയാക്കാന്‍ നടപടിയെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. നാളിതുവരെയായിട്ടും പഞ്ചായത്തിന്‍െറ പൈപ്പ് കുടിവെള്ള വിതരണം ഈ മേഖലയില്‍ എത്തിയിട്ടില്ളെന്നും അവര്‍ പരാതി പറയുന്നു. മേട്ടിപ്പാടം കനാലില്‍ വെള്ളം വരാത്തതാണ് പടിഞ്ഞാറന്‍ മേഖലയിലെ ജലക്ഷാമത്തിന് പ്രധാന കാരണമെന്ന് കോടശേരി പഞ്ചായത്ത് പ്രസിഡന്‍റ് ഉഷ ശശിധരന്‍ മാധ്യമത്തോട് പറഞ്ഞു. കോതേശരം, കറുമ്പന്‍കുട്ടി തുടങ്ങിയ കുടിവെള്ള പദ്ധതികളുടെ പമ്പിങ് സ്റ്റേഷനില്‍ വെള്ളം കിട്ടണമെങ്കില്‍ കനാലില്‍ വെള്ളം വരണം. 20-22 ദിവസമാണ് കനാലില്‍ ഇപ്പോള്‍ വെള്ളം തിരിച്ചുവിടാനുള്ള ഊഴം. ടാങ്കറില്‍ കുടിവെള്ളം എത്തിക്കാന്‍ അടിയന്തര നടപടിയെടുത്തിട്ടുണ്ടെന്നും പ്രസിഡന്‍റ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.