അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന് കോടതി

കൊടുങ്ങല്ലൂര്‍: ആമണ്ടൂര്‍ ഓളിയില്‍ മുഹ്യുദ്ദീന്‍ പള്ളിക്ക് നേരെയുണ്ടായ ആക്രമണം സംബന്ധിച്ച കേസില്‍ അന്വേഷണ പുരോഗതിയുടെ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കൊടുങ്ങല്ലൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി മതിലകം പൊലീസിനോട് ആവശ്യപ്പെട്ടു. പള്ളി സെക്രട്ടറി ചളിങ്ങാട്ട് വീട്ടില്‍ നൗഷാദ് അഡ്വ. യു.കെ. ജാഫര്‍ഖാന്‍ മുഖേന സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ ഉത്തരവ്. കഴിഞ്ഞ മാര്‍ച്ച് 20ന് രാത്രിയാണ് പള്ളിക്കുനേരെ സാമൂഹിക വിരുദ്ധര്‍ ആക്രമണം നടത്തിയത്. ഒരുമാസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാന്‍ പൊലീസിന് സാധിച്ചിട്ടില്ല. കര്‍മസമിതി രൂപവത്കരിക്കുകയും ജില്ലാ പൊലീസ് സൂപ്രണ്ട് ഉള്‍പ്പെടെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടും ഫലമുണ്ടായിട്ടില്ല. പ്രതിഷേധങ്ങളും റാലിയും മാര്‍ച്ചും നടത്തുകയുണ്ടായി. ഇതിന് മുമ്പ് മൂന്നുതവണ പള്ളിക്കുനേരെ ആക്രമണമുണ്ടായി. പ്രതികളെ പിടികൂടാനായില്ളെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 30ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി ഉത്തരവ്. സാമൂഹികദ്രോഹികള്‍ വര്‍ഗീയ വിദ്വേഷം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കല്ല് ഉപയോഗിച്ച് ആക്രമണം നടത്തിയതെന്നാണ് ഹരജിക്കാരന്‍െറ ആരോപണം. ഇതിന് മുമ്പ് പള്ളിക്കുനേരെ നടന്ന ആക്രമണങ്ങളുമായി ബന്ധപ്പെട്ട പ്രതികളെക്കുറിച്ച് വ്യക്തമായ സൂചനകള്‍ കൈമാറിയിട്ടും അന്വേഷണം ഉണ്ടായില്ളെന്നും ഹരജിയില്‍ കുറ്റപ്പെടുത്തുന്നു. ഉയര്‍ന്ന ഉദ്യോഗസ്ഥന്‍െറ ചുമതലയില്‍ അന്വേഷണം വിലയിരുത്തണമെന്നാണ് ഹരജിക്കാരന്‍െറ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.