ഒരുമനയൂര്‍ ഷട്ടര്‍ അടഞ്ഞുതന്നെ; കനോലിയിലെ മലിനജലം കിണറുകളില്‍

ചാവക്കാട്: ഒരുമനയൂര്‍ ഷട്ടര്‍ അടഞ്ഞുകിടക്കുന്നതിനാല്‍ കനോലി കനാലിലെ മലിനജലം തീരമേഖലയിലെ ശുദ്ധജലസ്രോതസ്സുകളിലേക്ക് വ്യാപിക്കുന്നു. ചാവക്കാട് നഗരസഭ, ഒരുമനയൂര്‍, പുന്നയൂര്‍, പുന്നയൂര്‍ക്കുളം പഞ്ചായത്ത് പരിധിയിലെ കനോലി കനാല്‍ വെള്ളമാണ് ഒഴുക്ക് നിലച്ച് കറുത്ത നിറമായി ദുര്‍ഗന്ധമുയര്‍ത്തുന്നത്. വേനല്‍ കടുത്തതോടെ കനാല്‍ തീരങ്ങളില്‍ താമസിക്കുന്നവരുടെ കിണറുകളിലേക്കാണ് ഉപ്പ് കലര്‍ന്ന മലിനജലം അരിച്ചത്തെുന്നത്. കുടിവെള്ളക്ഷാമം രൂക്ഷമായ ചാവക്കാട് നഗരസഭയിലെ 18ാം വാര്‍ഡുള്‍പ്പെടുന്ന ഐനിപ്പുള്ളി മേഖലയിലാണ് ജലസ്രോതസ്സുകളില്‍ നിറംമാറ്റമുണ്ടായതായി രൂക്ഷ പരാതി ഉയര്‍ന്നത്. തീരമേഖലയില്‍ മിക്ക കിണറുകളിലും നേരത്തെ ഉപ്പുജലമായിരുന്നെങ്കിലും ശുദ്ധജലമുള്ള ചില കിണറുകളിലേക്കും കുളങ്ങളിലേക്കും കുഴല്‍ക്കിണറുകളിലേക്കും കനോലി കനാല്‍ വെള്ളം ഊറിയത്തെുന്നതിനാല്‍ കുടിവെള്ളം ഉപയോഗിക്കാനാവാത്ത അവസ്ഥയാണ്. കനോലി കനാലിലേക്ക് കടലില്‍നിന്ന് ചേറ്റുവ പുഴയിലൂടെ ഉപ്പുജലം കയറാതിരിക്കാന്‍ ഒരുമനയൂര്‍ മൂന്നാംകല്ലില്‍ നിര്‍മിച്ച ഷട്ടര്‍ മഴക്കാലത്ത് അടച്ചിട്ട ശേഷം ഇതുവരെ തുറന്നിട്ടില്ല. ഷട്ടര്‍ തുറന്ന് കനോലി കനാലിലെ വെള്ളം കടലിലേക്ക് തിരിച്ചുവിട്ടാല്‍ നിലവിലെ പ്രശ്നം അവസാനിക്കുമെന്ന് നഗരസഭാ കൗണ്‍സിലര്‍ പി.ഐ. വിശ്വംഭരന്‍ പറയുന്നു. വേലിയേറ്റ സമയങ്ങളില്‍ കടലില്‍നിന്ന് ചേറ്റുവ പുഴ വഴി ഉപ്പ് ജലം കയറാതിരിക്കാനാണ് ഒരുമനയൂര്‍ ഷട്ടര്‍ അടച്ചിട്ടതെങ്കിലും വേലിയിറക്കസമയത്ത് അരമണിക്കൂറെങ്കിലും തുറന്നിടമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒരുനയൂര്‍ ഷട്ടര്‍ സമയാസമയങ്ങളില്‍ തുറക്കാനും അടയ്ക്കാനും ജലസേചന വകുപ്പ് അധികൃതര്‍ ശ്രമിക്കാത്തതാണ് കനോലി കനാല്‍ വെള്ളത്തിന് ദുര്‍ഗന്ധമുയരാന്‍ കാരണമായെതെന്ന് നാട്ടുകാര്‍ ആക്ഷേപിക്കുന്നു. കനാലില്‍നിന്ന് മീന്‍ പിടിക്കുന്ന ചിലര്‍ ജലസേചന വകുപ്പ് അധികൃതരെ സ്വാധീനിക്കുന്നതാണ് ഷട്ടര്‍ തുറക്കാതിരിക്കാന്‍ കാരണമെന്നും ആരോപണമുണ്ട്. ജലസേചന വകുപ്പ് അധികൃതരുടെ അലംഭാവമാണ് പ്രശ്നങ്ങള്‍ക്ക് പ്രധാന കാരണമെന്ന് ഒരുമനയൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ഒ.ജെ. ചാക്കോ ആരോപിച്ചു. കഴിഞ്ഞ മഴക്കാലത്ത് ഷട്ടര്‍ തുറന്നിട്ടതിനാല്‍ സമീപത്തെ വീടുകളില്‍ വെള്ളം കയറി. ഷട്ടര്‍ അടച്ചിട്ടത് വിവാദമാവുകയും ചെയ്തു. നടപടികള്‍ ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ കൃത്യമായി പാലിക്കാത്തതിനാല്‍ കഴിഞ്ഞ തവണ താഹസില്‍ദാര്‍ മുഖേനയാണ് ഷട്ടര്‍ തുറക്കാന്‍ നടപടിയുണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.