അമ്പതിലേറെ സ്ത്രീകളുടെ മാലകവര്‍ന്ന പ്രതികള്‍ക്ക് രണ്ടുവര്‍ഷം തടവ്

കുന്നംകുളം: വിവിധ ജില്ലകളില്‍ ബൈക്കിലത്തെി അമ്പതിലേറെ സ്ത്രീകളുടെ മാലകവര്‍ന്ന കേസില്‍ രണ്ട് പ്രതികള്‍ക്ക് രണ്ടുവര്‍ഷം വീതം ശിക്ഷ. ചെര്‍പ്പുളശ്ശേരി അടക്കാപുത്തൂര്‍ വെള്ളിനേഴി കോതാവില്‍ ഉണ്ണികൃഷ്ണന്‍ (ഉണ്ണി -29), ശ്രീകൃഷ്ണപുരം കല്ലുവഴി വട്ടപ്പാറവീട്ടില്‍ മഹേഷ് (22) എന്നിവരെയാണ് കുന്നംകുളം ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് ടി.കെ. അനിരുദ്ധന്‍ തടവിന് ശിക്ഷിച്ചത്. കുന്നംകുളം എസ്.ഐ ടി.ജി. ദിലീപ് ചാര്‍ജ് ചെയ്ത രണ്ട് കേസുകളിലാണ് ശിക്ഷ. പോര്‍ക്കുളം എഴുത്തുപുരക്കല്‍ പ്രകാശന്‍െറ ഭാര്യ ജൂബയുടെ രണ്ടര പവന്‍െറ താലിമാലയും അക്കിക്കാവ് കമ്പിപ്പാലം ഒരുവന്നൂര്‍ മനയില്‍ താമസിക്കുന്ന രാമന്‍ നമ്പൂതിരിയുടെ ഭാര്യ ഗൗരി അന്തര്‍ജനത്തിന്‍െറ രണ്ടര പവന്‍െറയും സഹോദരന്‍െറ ഭാര്യയുടെ മൂന്നര പവന്‍െറയും മാല കവര്‍ന്ന കേസിലാണ് ശിക്ഷ. 2014 മേയ് രണ്ടിനും ജൂണ്‍ 25നുമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗൗരി അന്തര്‍ജനവും ബന്ധുവും നടന്നുപോകുന്നതിനിടെ ചൂണ്ടല്‍ -കുറ്റിപ്പുറം സംസ്ഥാനപാതയില്‍ അക്കിക്കാവ് കമ്പിപ്പാലത്തിന് സമീപത്തുവെച്ചാണ് ബൈക്കിലത്തെിയ സംഘം മാല കവര്‍ന്നത്. സമാന രീതിയില്‍ ജൂണ്‍ 25ന് പോര്‍ക്കുളം സ്കൂള്‍ സ്റ്റോപ്പിന് സമീപത്തുവെച്ചാണ് സംഘം ജൂബയുടെ മാല കവര്‍ന്നത്. വിധിക്കുശേഷം രണ്ട് പ്രതികളെയും വിയ്യൂര്‍ ജയിലിലേക്ക് മാറ്റി. 2014 ആഗസ്റ്റ് 20നാണ് പ്രതികള്‍ പിടിയിലായത്. സംസ്ഥാനപാതയില്‍ പാറേമ്പാടത്ത് വെച്ച് വ്യാജ നമ്പര്‍ ബൈക്കുമായി പോകുന്നതിനിടെ കാറിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ സമീപത്തുണ്ടായിരുന്നവര്‍ പിടികൂടി പൊലീസിലേല്‍പിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇവരുടെ ബൈക്കില്‍നിന്ന് രണ്ട് വ്യത്യസ്ത നമ്പര്‍ പ്ളേറ്റുകള്‍ കണ്ടത്തെിയതോടെയാണ് കവര്‍ച്ചാസംഘമാണെന്ന് മനസ്സിലായത്. കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ ഇവര്‍ക്കെതിരെ 16 കേസുകളുണ്ട്. തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ 50ലധികം കേസുകള്‍ ഇവരുടെ പേരിലുണ്ട്. കവര്‍ന്നെടുത്ത ആഭരണങ്ങള്‍ പാലക്കാട്, ഒറ്റപ്പാലം എന്നിവിടങ്ങളിലാണ് വില്‍പന നടത്തിയിരുന്നത്. ആഡംബര ജീവിതത്തിനാണ് പണം ഉപയോഗിച്ചിരുന്നത്. മാല പൊട്ടിക്കുന്നതിനിടെ നിരവധി സ്ത്രീകള്‍ക്ക് വീണ് പരിക്കേറ്റിരുന്നു. സംഘത്തിലെ മറ്റൊരംഗം ശ്രീകൃഷ്ണപുരം കല്ലുവഴി വലക്കോട്ടില്‍ ശരത്ത് വിയ്യൂര്‍ ജയിലിലാണ്. പ്രേസിക്യുഷനുവേണ്ടി എ.പി.പി ആര്‍. സുരേഷ് ചന്ദ്രന്‍ ഹാജരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.