മാലിന്യത്തോട്

ചാലക്കുടി: ചാലക്കുടി സൗത് ജങ്ഷന്‍ ഭാഗത്തെ പള്ളിത്തോട്ടില്‍ സാമൂഹികവിരുദ്ധര്‍ വന്‍തോതില്‍ മാലിന്യം നിക്ഷേപിക്കുന്നതായി പരാതി. കോണ്‍വന്‍റ് റോഡിലെ കലുങ്കിന് സമീപം ചാക്കുകെട്ടുകളിലാക്കിയാണ് ഇവര്‍ തോട്ടിലേക്ക് മാലിന്യമെറിയുന്നത്. ജനസഞ്ചാരം കുറഞ്ഞ സമയം നോക്കിയാണ് സാമൂഹിക വിരുദ്ധര്‍ തോട്ടിലേക്ക് കോഴി മാലിന്യവും സദ്യയുടെ മാലിന്യവും ചാക്കുകളിലാക്കി നിക്ഷേപിക്കുന്നത്. മാലിന്യങ്ങള്‍ കെട്ടിനിന്ന് തോട്ടിലെ വെള്ളത്തിന്‍െറ ഒഴുക്ക് നിലച്ചിരിക്കുകയാണ്. കൊതുകുശല്യവും ഇതുമൂലം വര്‍ധിച്ചിട്ടുണ്ട്. ചീഞ്ഞുനാറുന്ന മാലിന്യങ്ങള്‍ പരിസരത്ത് രോഗാതുരമായ അന്തരീക്ഷം പരത്തുന്നതായി നാട്ടുകാര്‍ പരാതിപ്പെട്ടു. നഗരസഭ ഇടപെട്ട് ഇവിടത്തെ മാലിന്യനിക്ഷേപം തടയണമെന്നും തോട്ടിലെ വെള്ളം ശുദ്ധമാക്കാനുള്ള നടപടിയെടുക്കണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. ചാലക്കുടി ഫൊറോനപള്ളിയുടെ ഭാഗത്തെ വയലുകളില്‍നിന്ന് വെള്ളം ഒഴുകിയത്തെുന്ന തോടാണ് പള്ളിത്തോട്. ഇപ്പോള്‍ മാര്‍ക്കറ്റ് റോഡും പഴയ ദേശീയപാതയും മുറിച്ച് കടന്നുപോകുന്ന ഈ തോടിന് ചാലക്കുടിയുടെ കാര്‍ഷിക അഭിവൃദ്ധിയില്‍ വലിയ സ്ഥാനമുണ്ടായിരുന്നു. പള്ളിഭാഗത്തെ വയലില്‍ കൃഷി ചെയ്യാതായതോടെയാണ് ഇത് മാലിന്യ വാഹിനിയായത്. സിമന്‍റ് ഭിത്തികള്‍ കെട്ടി ഇത് സംരക്ഷിച്ചിട്ടുണ്ടെങ്കിലും പലപ്പോഴും ഇതിലൂടെ മാലിന്യം ഒഴുകുന്ന സാഹചര്യം ഒഴിവാക്കാന്‍ ശ്രദ്ധിക്കുന്നില്ല. ഇവിടെ മലിനജലം കെട്ടിനില്‍ക്കുമ്പോഴെല്ലാം ചാലക്കുടി നഗരത്തില്‍ കൊതുകുശല്യവും തുടര്‍ന്ന് ചികുന്‍ഗുനിയ പോലുള്ള രോഗങ്ങളും പരക്കാറുണ്ട്. ജനങ്ങളുടെ ആവശ്യപ്രകാരം തോട് വെള്ളമടിച്ച് ശുദ്ധമാക്കാന്‍ നഗരസഭ ശ്രമിക്കാറുമുണ്ട്. ഇപ്പോഴത്തെ അടിയന്തരസാഹചര്യം കണക്കിലെടുത്ത് നഗരസഭ വിവേകപൂര്‍വം പെരുമാറണമെന്നാണ് ജനങ്ങള്‍ പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.