തൃശൂര്‍: ദേശീയപാത 47ലെ മണ്ണുത്തി-വടക്കഞ്ചേരി സെക്ടര്‍ ആറുവരിയായി വികസിപ്പിക്കുന്ന പ്രവൃത്തിയില്‍ പ്രധാനപ്പെട്ടവ മഴക്കാലത്തിന് മുമ്പ് പൂര്‍ത്തിയാക്കും. കരാര്‍ കമ്പനിക്ക് വായ്പ നല്‍കുന്ന ഏഴ് ബാങ്കുകളുടെ കൂട്ടായ്മ ഇതുസംബന്ധിച്ച് കര്‍ശന നിര്‍ദേശം നല്‍കിയതോടെ നിര്‍മാണം ദ്രുതഗതിയിലായി. നിര്‍ദേശം ലംഘിച്ചാല്‍ വായ്പാ പുന$പരിശോധിക്കുമെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കി. രണ്ടാഴ്ച കൂടുമ്പോള്‍ നിര്‍മാണ പ്രവൃത്തി നേരിട്ട് പരിശോധിക്കാനും ബാങ്കുകളുടെ കൂട്ടായ്മ തീരുമാനിച്ചിട്ടുണ്ട്. ആന്ധ്രയിലെ കെ.എം.സി എന്ന കമ്പനിയാണ് നിര്‍മാണം നടത്തുന്നത്. വായ്പയുടെ ഗഡു കിട്ടുമ്പോള്‍ സജീവമാവുകയും പിന്നെ ഇഴയുകയും ചെയ്ത് പത്തുവര്‍ഷത്തിലേറെയായി മുടങ്ങിക്കിടക്കുന്ന പാത നിര്‍മാണം, ബാങ്കുകളുടെ കടുത്ത നിലപാടിന്‍െറ സാഹചര്യത്തില്‍ പൂര്‍ത്തിയാവുമെന്ന പ്രതീക്ഷയിലാണ്. ഇതിനൊപ്പം നിര്‍മാണം തുടങ്ങിയ മണ്ണുത്തി -അങ്കമാലി, വടക്കഞ്ചേരി-വാളയാര്‍ നാലുവരിപ്പാതകള്‍ ഇതിനകം സഞ്ചാരയോഗ്യമായിട്ടുണ്ട്. ഏറക്കാലം നിലച്ച മണ്ണുത്തി-വടക്കഞ്ചേരി ആറുവരിപ്പാത നിര്‍മാണം ആറുമാസം മുമ്പാണ് പുനരാരംഭിച്ചത്. കുതിരാന്‍ ഭാഗത്ത് തുരങ്കപ്പാത നിര്‍മിക്കണം. തുരങ്കമുഖത്തെ കല്ലുകള്‍ നീക്കി തുരന്നു തുടങ്ങിയിട്ടുണ്ട്. പ്രഗതി എന്‍ജിനീയറിങ് കമ്പനിക്കാണ് തുരങ്ക നിര്‍മാണ കരാര്‍. വഴുക്കുമ്പാറ മുതല്‍ ഇരുമ്പുപാലം നരികിടന്നമട വരെ പതിമൂന്നര മീറ്റര്‍ വീതിയുള്ള രണ്ട് തുരങ്കങ്ങള്‍ക്ക് 300 കോടിയാണ് നീക്കിവെച്ചിട്ടുള്ളത്. നീലിപ്പാറയില്‍ പാറപൊട്ടിക്കലും പുനരാരംഭിച്ചിട്ടുണ്ട്. മേല്‍പാലങ്ങളുടെ നിര്‍മാണം വേഗത്തിലാണ്. മണ്ണുത്തിയിലും വടക്കഞ്ചേരിയിലും ഇരുമ്പുപാലത്തിലും മേല്‍പാലം നിര്‍മിക്കുന്നുണ്ട്. ഇരുമ്പുപാലത്തിന് സമീപം രണ്ട് ചെറുപാലങ്ങള്‍ക്ക് പൈലിങ്, കോണ്‍ക്രീറ്റ് തൂണുകളുടെ നിര്‍മാണം, തൂണുകളില്‍ സ്ഥാപിക്കാനുള്ള ഗര്‍ഡറുകളുടെ പ്രവര്‍ത്തനം എന്നിവ തകൃതിയാണ്. ടാസ്കണ്‍ കമ്പനിയാണ് ഇരുമ്പുപാലത്തിലെ പാലം നിര്‍മാണം ഏറ്റെടുത്തിരിക്കുന്നത്. ഒരുവര്‍ഷത്തിനകം പണി പൂര്‍ത്തിയാക്കാനാവുമെന്നാണ് ദേശീയപാത അധികൃതരുടെ അവകാശവാദം. 600 കോടി ചെലവില്‍ മണ്ണുത്തി മുതല്‍ വടക്കഞ്ചേരി വരെ 32 കിലോമീറ്റര്‍ ആറുവരിപ്പാത നിര്‍മാണം തുടങ്ങിയത് 2005ലാണ്. തൃശൂര്‍ എക്സ്പ്രസ് വേ എന്ന പേരില്‍ ആന്ധ്രയിലെ കെ.എം.സി കമ്പനിയാണ് നിര്‍മാണത്തിന് കരാറെടുത്തത്. നാലുവര്‍ഷത്തിലേറെ പണി ഇഴഞ്ഞു. വിവിധ രാഷ്ട്രീയ കക്ഷികള്‍ നടത്തിയ സമരവും കരാര്‍ റദ്ദാക്കുമെന്ന സര്‍ക്കാറിന്‍െറ മുന്നറിയിപ്പുമാണ് പണി വേഗത്തിലാക്കാന്‍ സഹായിച്ചത്. ഇതിനിടെയാണ് മഴ ആരംഭിക്കും മുമ്പ് നിര്‍മാണത്തിലെ ഭൂരിഭാഗവും പൂര്‍ത്തിയാക്കണമെന്ന നിര്‍ദേശം ബാങ്കുകള്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. മഴമൂലം നിര്‍മാണം വീണ്ടും നിലക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് ബാങ്കുകളുടെ ഇടപെടല്‍. പത്ത് കിലോമീറ്ററിലേറെ ഭാഗത്ത് സര്‍വീസ് റോഡുകളുടെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.