ചാലക്കുടിപ്പുഴയില്‍ നഞ്ചുകലക്കി മീന്‍പിടിത്തം

ചാലക്കുടി: ചാലക്കുടിപ്പുഴയില്‍ നഞ്ചുകലക്കി മീന്‍പിടിത്തം വ്യാപകമെന്ന് പരാതി. കടവുകളില്‍ കുളിക്കാനിറങ്ങുന്നവര്‍ക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുന്നതായി നാട്ടുകാര്‍ പറഞ്ഞു. ആറാട്ടുകടവിലാണ് ഇത് രൂക്ഷമായത്. കുറച്ചുനാളുകളായി പുഴയില്‍ കുളിക്കുന്നവര്‍ക്ക് ശരീരത്തില്‍ തടിപ്പും ചൊറിച്ചലും കണ്ണുകള്‍ക്ക് എരിച്ചിലും അനുഭവപ്പെടുന്നുണ്ട്. കുട്ടികള്‍ക്കാണ് ഇത് ഗുരുതരമായി മാറിയത്. കഴിഞ്ഞ ദിവസം ഇവിടെ കുളിച്ച കുട്ടികള്‍ക്ക് രാത്രിയില്‍ കണ്ണുകള്‍ ചുവക്കുകയും വീര്‍ക്കുകയും ചെയ്തിരുന്നു. ഈസ്റ്റര്‍ ദിവസം മുതലാണ് ഇത് കൂടുതലായതെന്ന് പതിവായി കുളിക്കുന്ന തെക്കന്‍ ജോജി, വൈല്‍ഡ് ഫോട്ടോഗ്രാഫര്‍ രതീഷ് കാര്‍ത്തികേയന്‍ എന്നിവര്‍ പറഞ്ഞു. പച്ചനിറത്തിലുള്ള എന്തോ പുഴയില്‍ ഒഴുകി നടക്കുന്നതായും കുളിക്കുമ്പോള്‍ കണ്ണുകള്‍ക്ക് പുളിപ്പ് അനുഭവപ്പെടുന്നതായും ഇവര്‍ പറഞ്ഞു. ചൂട് കൂടിയതോടെ പുഴയില്‍ കുളിക്കുന്നവരും കൂടുതലാണ്. ഈസ്റ്റര്‍, വിഷു ദിവസങ്ങളില്‍ പുഴയില്‍ ഉയര്‍ന്ന ഭാഗത്ത് മീന്‍പിടിത്തക്കാര്‍ ഇറങ്ങിയതായി പറയുന്നു. ഇവര്‍ വലയിടാതെ എളുപ്പത്തിന് നഞ്ചുകലക്കിയതാണ് വെള്ളം മലിനമാകാന്‍ കാണമെന്ന് പറയുന്നു. പുഴയില്‍ പലയിടത്തും അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുന്ന മത്സ്യങ്ങളെയും ഈ ദിവസങ്ങളില്‍ കണ്ടതായി നാട്ടുകാര്‍ പറഞ്ഞു. പുഴവെള്ളത്തില്‍ വിഷം കലക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.