നൂറോളം ഹോട്ടലുകള്‍ ഫൈവ് സ്റ്റാറാക്കി ബാര്‍ അനുവദിക്കാന്‍ നീക്കം –കോടിയേരി

തൃശൂര്‍: ഫോര്‍ സ്റ്റാര്‍ പദവിയുള്ള നൂറോളം ഹോട്ടലുകള്‍ ഫൈവ് സ്റ്റാറാക്കി ബാര്‍ അനുവദിക്കാന്‍ യു.ഡി.എഫ് നീക്കം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഘട്ടംഘട്ടം മദ്യനിരോധം പറഞ്ഞ യു.ഡി.എഫ് ഘട്ടംഘട്ടമായി ഫൈവ് സ്റ്റാര്‍ ബാറുകള്‍ അനുവദിക്കുകയാണെന്ന് തൃശൂര്‍ പ്രസ്ക്ളബിന്‍െറ ‘പോരിന്‍െറ പൂരം’ പരിപാടിയില്‍ കോടിയേരി ആരോപിച്ചു. സംസ്ഥാനത്ത് ബാറുകള്‍ പൂട്ടിയെന്ന യു.ഡി.എഫ് അവകാശവാദത്തില്‍ കഴമ്പില്ളെന്നും എല്ലാ ബാറുകളും ബിയര്‍, വൈന്‍ പാര്‍ലറുകളാക്കി മാറ്റുകയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ബിയറും വൈനും കൂട്ടിക്കലര്‍ത്തി മദ്യത്തോളം വീര്യമുള്ള സാധനമാണ് അവിടെ വില്‍ക്കുന്നത്. കുടിയന്മാര്‍ക്ക് കൂടുതല്‍ സൗകര്യമുണ്ടാക്കി. ബാറുകള്‍ പൂട്ടിയ ശേഷം അഞ്ച് കോടി കുപ്പി മദ്യം കൂടുതലായി വിറ്റുവെന്ന് സര്‍ക്കാറിന്‍െറ കണക്ക് വ്യക്തമാക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയ ചാരായ നിരോധം മാറ്റാന്‍ പിന്നീട് വന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ല എന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. പത്തുവര്‍ഷം കൊണ്ട് സമ്പൂര്‍ണ മദ്യനിരോധം നടപ്പാക്കുമെന്ന് എല്ലാ പ്രകടനപത്രികയിലും യു.ഡി.എഫ് പറയാറുണ്ട്. അത് പ്രചാരണ മുദ്രാവാക്യം മാത്രമാണ്. 1991ല്‍ മദ്യരാജാവ് മണര്‍കാട് പാപ്പനെ സ്ഥാനാര്‍ഥിയാക്കിയ ഉമ്മന്‍ ചാണ്ടിയാണ് സമ്പൂര്‍ണ മദ്യനിരോധത്തെക്കുറിച്ച് പറയുന്നതെന്നും കോടിയേരി പരിഹസിച്ചു. സമ്പൂര്‍ണ മദ്യനിരോധം പ്രായോഗികമല്ളെന്നാണ് എല്‍.ഡി.എഫ് നിലപാട്. മദ്യവര്‍ജനത്തിനായി വിവിധ സംഘടനകളുമായി ചേര്‍ന്ന് തങ്ങള്‍ വിപുലമായ പ്രസ്ഥാനം നടപ്പാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ സര്‍ക്കാറിന്‍െറ കാലത്ത് ആര്‍ക്കൊക്കെ ഭൂമി പതിച്ചുനല്‍കിയെന്ന് ധവളപത്രം ഇറക്കണമെന്ന് കോടിയേരി ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ലക്ഷക്കണക്കിനാളുകള്‍ ഭൂമിയില്ലാത്തവരായി തുടരുമ്പോഴാണ് കോര്‍പറേറ്റുകള്‍ക്കും റിയല്‍ എസ്റ്റേറ്റുകാര്‍ക്കും സര്‍ക്കാര്‍ ഭൂമി എഴുതിക്കൊടുത്തത്. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ചേര്‍ന്ന മന്ത്രിസഭായോഗങ്ങളില്‍ 2,800 ഏക്കര്‍ ഭൂമി പതിച്ചുകൊടുക്കാനുള്ള ശ്രമമാണ് നടത്തിയത്. വിജയ് മല്യക്കും സന്തോഷ് മാധവനുമുള്‍പ്പെടെ ഭൂമി നല്‍കി. വീണ്ടും അധികാരത്തില്‍ വന്നാല്‍ ഈ 2,800 ഏക്കര്‍ ഭൂമി എഴുതിക്കൊടുക്കാമെന്നാണ് ഉമ്മന്‍ ചാണ്ടി ഉറപ്പുനല്‍കിയിട്ടുള്ളതെന്ന് പറഞ്ഞ കോടിയേരി എല്‍.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ ഈ ഇടപാടുകള്‍ മുഴുവന്‍ പുന$പരിശോധിക്കുമെന്ന് വ്യക്തമാക്കി. കോണ്‍ഗ്രസുകാരന്‍െറപോലും ജീവന്‍ രക്ഷിക്കാന്‍ കഴിയാത്ത ഉമ്മന്‍ ചാണ്ടി നടത്തുന്ന പ്രചാരണം ആര് വിശ്വസിക്കും? 28 സി.പി.എം പ്രവര്‍ത്തകരാണ് ഈ കാലഘട്ടത്തില്‍ കൊല്ലപ്പെട്ടത്. കേരളത്തിലെ ക്രമസമാധാനനില ഇത്രയും തകര്‍ന്ന കാലം ഉണ്ടായിട്ടില്ല. പരവൂര്‍ വെടിക്കെട്ടപകടം കൈകാര്യം ചെയ്യുന്നതില്‍പോലും ഏകാഭിപ്രായമുണ്ടായില്ല. സമസ്ത മേഖലയിലും പരാജയപ്പെട്ട സര്‍ക്കാറാണ് കേരളം ഭരിക്കുന്നത്. തികഞ്ഞ ആത്മവിശ്വാസത്തിലാണ് എല്‍.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇത്തവണ എല്‍.ഡി.എഫ് മൂന്നക്കം കടക്കും. കേന്ദ്രത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മിക്ക സംസ്ഥാനങ്ങളിലും കലാപമുണ്ടായിട്ടും കേരളത്തില്‍ അത് സംഭവിക്കാത്തത് മതനിരപേക്ഷ അടിത്തറയുള്ളതിനാലാണ്. ബി.ജെ.പിയുടെ ഈ ഭീഷണി നേരിടാന്‍ യു.ഡി.എഫിനാകില്ല. എല്‍.ഡി.എഫിനേ സാധിക്കുകയുള്ളൂ. മതനിരപേക്ഷ അഴിമതിമുക്ത വികസിത കേരളമാണ് എല്‍.ഡി.എഫിന്‍െറ ലക്ഷ്യമെന്നും കോടിയേരി പറഞ്ഞു. പ്രസ്ക്ളബ് വൈസ് പ്രസിഡന്‍റ് എം.വി. വിനീത അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.സി. അനില്‍കുമാര്‍ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.