മാലിന്യം നിറഞ്ഞ് മാര്‍ക്കറ്റ്

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട മാര്‍ക്കറ്റും പരിസരവും മാലിന്യം കൊണ്ട് നിറയുന്നു. മാര്‍ക്കറ്റ് ചീഞ്ഞുനാറുമ്പോഴും നഗരസഭ അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ല. പച്ചക്കറി മാര്‍ക്കറ്റിലെ മാലിന്യങ്ങള്‍ ബുധന്‍, ശനി ദിവസങ്ങളില്‍ മാറ്റുമ്പോള്‍ മത്സ്യ -മാംസ മാര്‍ക്കറ്റിന് സമീപത്തെ മാലിന്യങ്ങളാണ് നീക്കാതെ നഗരസഭ അധികൃതര്‍ ഒഴിഞ്ഞുമാറുന്നത്. മത്സ്യ മാര്‍ക്കറ്റിലെ മാലിന്യം തെരുവുനായ്ക്കള്‍ മാന്തി പുറത്തേക്ക് ഇടുകയും അവ കാക്കകളും മറ്റു പക്ഷികളും കൊത്തിയെടുത്ത് മാര്‍ക്കറ്റിന് സമീപത്തെ വീടുകളിലും കിണറുകളിലും ഇടുന്നതു മൂലം കുടിവെള്ളം ഉപയോഗശൂന്യമായി മാറുന്നു. പരാതി വര്‍ധിച്ചപ്പോള്‍ വ്യാപാരികള്‍ പ്ളാസ്റ്റിക് ചാക്കുകളിലും കവറുകളിലും മാലിന്യം നിക്ഷേപിക്കാന്‍ തുടങ്ങി. എന്നാല്‍, നഗരസഭ ട്രഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യങ്ങള്‍ക്ക് തീപിടിച്ചതോടെ പ്രശ്നങ്ങള്‍ കൂടുതല്‍ വഷളായി. പ്ളാസ്റ്റിക് തുടങ്ങിയ അജൈവ മാലിന്യങ്ങള്‍ ട്രഞ്ചിങ് ഗ്രൗണ്ടില്‍ നിക്ഷേപിക്കുന്നതില്‍ എതിര്‍പ്പുയര്‍ന്നതിനാല്‍ മാര്‍ക്കറ്റിലെ പ്ളാസ്റ്റിക് ചാക്കുകളിലും കവറുകളിലും നിറച്ച മാലിന്യങ്ങള്‍ നീക്കം ചെയ്യാതെയായി. മാലിന്യം ചീഞ്ഞുനാറി ദുര്‍ഗന്ധം വമിച്ച് തുടങ്ങിയതോടെ ആളുകള്‍ പ്ളാസ്റ്റിക് ചാക്കുകളിലും മറ്റുമുള്ള മാലിന്യങ്ങള്‍ക്ക് തീയിട്ട് നശിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍, പ്ളാസ്റ്റിക്കില്‍നിന്നും ഉയരുന്ന പുക പിന്നെയും പ്രശ്നം സൃഷ്ടിക്കുകയായിരുന്നു. പരാതികള്‍ ഏറിയതോടെ നഗരസഭ മാലിന്യങ്ങള്‍ കുറേശെ നീക്കം ചെയ്തു തുടങ്ങിയെങ്കിലും ഏറെ നാളായി മുടങ്ങിക്കിടക്കുകയാണ്. കഴിഞ്ഞ ദിവസം ചേര്‍ന്ന അടിയന്തര കൗണ്‍സില്‍ യോഗത്തില്‍ ഭരണകക്ഷിയിലെ കേരള കോണ്‍ (എം) പ്രതിനിധിയായ റോണി ആളൂക്കാരന്‍ വിഷയം ഉന്നയിച്ചെങ്കിലും അധികൃതരില്‍നിന്ന് ഒരു പ്രതികരണവും ഉണ്ടായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.