കുട രഹസ്യങ്ങള്‍ നാളെ ചുരുള്‍ നിവരും

തൃശൂര്‍: തിരുവമ്പാടിയുടെയും പാറമേക്കാവിന്‍െറയും കുടപ്പുരകളില്‍ മൂന്നുമാസമായി സൂക്ഷിച്ച രഹസ്യങ്ങള്‍ക്ക് നാളെ ചുരുള്‍ നിവരും. സാങ്കേതിക തികവും ഭാവനയും സമ്മേളിക്കുന്ന കുടകള്‍ ആള്‍ക്കടലിലേക്ക് നിവര്‍ത്തുമ്പോള്‍ മണ്ണും വിണ്ണും മനവും പൂക്കും. ആനയെഴുന്നള്ളിപ്പിനും വെടിക്കെട്ടിനും മേല്‍ പതിഞ്ഞ ആശങ്കയുടെ കരിനിഴലിന് വിസ്മയക്കാഴ്ചയായ കുടമാറ്റത്തില്‍ മറുപടി പറയാന്‍ അണിയറയില്‍ ദേവസ്വങ്ങള്‍ ഒരുങ്ങിയിട്ടുണ്ട്. തിരുവമ്പാടിക്കുവേണ്ടി പുരുഷോത്തമന്‍ അരണാട്ടുകരയും പാറമേക്കാവിനുവേണ്ടി കുന്നത്തങ്ങാടി വസന്തനുമാണ് കുടകള്‍ നിര്‍മിച്ചിരിക്കുന്നത്. മൂന്നുമാസത്തോളമായി ഇരുവരും പൂരപ്പണിയിലാണ്. ഒന്നും അവര്‍ വിട്ടുപറയുന്നില്ല. തിരുവമ്പാടിയുടെ ദേവസ്വം ഓഫിസിനോടു ചേര്‍ന്നാണ് അവരുടെ ചമയങ്ങളൊരുങ്ങുന്നതെങ്കില്‍ പാറമേക്കാവിന്‍േറത് ക്ഷേത്രം അഗ്രശാലയുടെ മുകള്‍നിലയിലാണ്. 200 കണ്ണികളടങ്ങിയ അലുക്കുകളാണ് ഓരോ കുടക്കും തുന്നിച്ചേര്‍ക്കുക. നടു കുടക്ക് ഗോള്‍ഡന്‍ പ്ളേറ്റിലും മറ്റു കുടകള്‍ക്ക് സില്‍വര്‍ പ്ളേറ്റിലുമാണ് അലുക്കുകള്‍ തയറാക്കുന്നത്. മുംബൈ, സൂററ്റ്, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളില്‍നിന്നെല്ലാമാണ് കുടകള്‍ക്കുള്ള തുണികള്‍ എത്തുന്നത്. പ്രധാനമായും വെല്‍വെറ്റ് തുണികളാണ് കുടനിര്‍മാണത്തിന് ഉപയോഗിക്കുക. ഗോള്‍ഡ് കോയിന്‍ എന്ന പേരിലുള്ള തുണിയും കുടക്കായി വന്നിട്ടുണ്ട്. നാഗഫണങ്ങള്‍ ഘടിപ്പിച്ച വെല്‍വെറ്റില്‍ സീഡികള്‍ തുന്നിപ്പിടിപ്പിച്ച സ്വര്‍ണ അലുക്കുകളും നിറമുള്ള നൂലുകളുമൊക്കെ സംയോജിപ്പിച്ച മികച്ച കുടകളാണ് നടുവിലെ ആനപ്പുറത്തേറ്റുക. തിരുവമ്പാടിയുടെയും പാറമേക്കാവിന്‍െറയും കുടപ്പുരകളില്‍ ഒളിപ്പിച്ചുവെച്ച രഹസ്യങ്ങളൊരുപാടാണ്. സ്പെഷല്‍ കുടകള്‍ ഇരുകൂട്ടരും രഹസ്യമായി നിര്‍മിച്ചുകഴിഞ്ഞു. ദേവരൂപങ്ങളും എല്‍.ഇ.ഡി ബള്‍ബുകളുമൊക്കെ കുടകളില്‍ വിസ്മയം തീര്‍ക്കും. നിലക്കുടകള്‍ ഇത്തവണയും ആനപ്പുറമേറും. തിരുവമ്പാടിക്കാര്‍ നാല്‍പതിലധികം സെറ്റ് സാധാരണ കുട നിര്‍മിച്ചിട്ടുണ്ട്. ഇതിനുപുറമെ സ്പെഷല്‍ കുടകള്‍ വേറെയും. പാറമേക്കാവുകാര്‍ നാല്‍പത്തഞ്ചോളം സാധാരണ കുടയും പത്തിനടുത്തു സ്പെഷല്‍ കുടകളും ഒരുക്കിയിട്ടുണ്ട്. നെറ്റിപ്പട്ടമണിഞ്ഞ കൊമ്പന്‍െറ പുറത്തു നിവര്‍ത്തുന്ന കുടയിലും നെറ്റിപ്പട്ടം വിരിയുന്ന കാഴ്ച പാറമേക്കാവ് വിഭാഗത്തില്‍ കാണാം. കുടയില്‍ നെറ്റിപ്പട്ടങ്ങളുടെ ചെറിയ മാതൃകകള്‍ തുന്നിച്ചേര്‍ത്താണ് കൗതുകമൊരുക്കിയിരിക്കുന്നത്. ആനയെഴുന്നള്ളിപ്പിന്‍െറ നിര്‍ദേശങ്ങളെ മാനിച്ച് ഈവര്‍ഷം ഒരുമണിക്കൂറിലേക്ക് കുടമാറ്റം സമയം ക്രമീകരിക്കുന്നതിനും സംഘാടകര്‍ ആലോചിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.