മേളത്തില്‍ പരീക്ഷണം പറ്റില്ല; വെടിക്കെട്ടിലാവാം –പെരുവനം

തൃശൂര്‍: ഒരു കൊട്ടു പോലും മാറ്റാന്‍ കഴിയാത്ത തരത്തില്‍ ശാസ്ത്രീയമായി ചിട്ടപ്പെടുത്തിയ മേളത്തില്‍ പരീക്ഷണം അസാധ്യമാണെന്ന്, തൃശൂര്‍ പൂരത്തിലെ പ്രസിദ്ധമായ ഇലഞ്ഞിത്തറ മേളത്തിന് പ്രാമാണ്യം വഹിക്കുന്ന പെരുവനം കുട്ടന്‍ മാരാര്‍. മേളത്തില്‍ മാറ്റങ്ങള്‍ക്ക് പ്രസക്തിയില്ല. എന്നാല്‍, വെടിക്കെട്ടില്‍ പരീക്ഷണങ്ങളാവാം. ശബ്ദ തീവ്രത കുറച്ച് വര്‍ണ ഭംഗി കൂട്ടി വെടിക്കെട്ട് നടത്താവുന്നതാണ്. അതേസമയം, വെടിക്കെട്ടിന്‍െറയും ആന എഴുന്നള്ളത്തിന്‍െറയും പേരില്‍ തൃശൂര്‍ പൂരത്തിന്‍െറ പൊലിമ കുറയരുതെന്നും തനിമ നിലനിര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. തിരുവമ്പാടിയുടെ മേളത്തിന് പ്രാമാണ്യം വഹിക്കുന്ന കിഴക്കൂട്ട് അനിയന്‍ മാരാര്‍ക്കൊപ്പം തൃശൂര്‍ പ്രസ്ക്ളബിന്‍െറ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പെരുവനം. അശ്രദ്ധയാണ് എല്ലാ അപകടത്തിനും കാരണം. കൊല്ലം പരവൂരില്‍ സംഭവിച്ചതും അതാണ്. നിയമം പാലിക്കാന്‍ ഉത്സവ സംഘാടകരും സംരക്ഷണം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും ശ്രദ്ധിച്ചാല്‍ അപകടമുണ്ടാവില്ല. തൃശൂര്‍ പൂരം ഉള്‍പ്പെടെയുള്ള ഉത്സവാഘോഷങ്ങള്‍ക്ക് ആനകളെ പണ്ടുതൊട്ടേ ഉപയോഗിക്കുന്നുണ്ട്. വെടിക്കെട്ടില്‍ ചില മാറ്റങ്ങളൊക്കെ വരുത്താവുന്നതാണ്. സംഘാടകരും അക്കാര്യത്തില്‍ അനുകൂലമാണെന്നാണ് മനസ്സിലാക്കുന്നത്. എല്ലാ ഘടകങ്ങളും ചേരുമ്പോള്‍ മാത്രമേ തൃശൂര്‍ പൂരം പൂര്‍ണമാവുകയുള്ളൂവെന്ന് ഇരുവരും പറഞ്ഞു. മേളത്തില്‍ പരീക്ഷണങ്ങള്‍ക്ക് നിലനില്‍പ്പുണ്ടായിട്ടില്ളെന്ന് കുട്ടന്‍മാരാരും താന്‍ പരിഷ്കാരങ്ങളോട് ഒട്ടും യോജിക്കുന്നില്ളെന്ന് അനിയന്‍ മാരാരും പറഞ്ഞു. മേളം വളരെ ലളിതമാണ്. എല്ലാവരുടെയും മേളനമാണ് അതിന്‍െറ സ്വത്ത്. വ്യക്തിപരമായി ആരെങ്കിലും ചില പരിഷ്കാരങ്ങള്‍ക്ക് ശ്രമിച്ചിട്ടുണ്ടെങ്കില്‍ അത് പിഴച്ചിട്ടേയുള്ളൂ. മേളത്തില്‍ ആവര്‍ത്തനമല്ല, മുഴുനീളെ വൈവിധ്യമാണ്. ആവര്‍ത്തന വിരസത ആരോപിച്ച് ആരും മേളം കേള്‍ക്കുന്നത് ഉപേക്ഷിച്ചിട്ടില്ല. തങ്ങള്‍ തമ്മില്‍ അകല്‍ച്ചയല്ല, ആരോഗ്യകരമായ മത്സരം മാത്രമെയുള്ളൂവെന്ന് അനിയന്‍ മാരാര്‍ പറഞ്ഞു. പ്രസ്ക്ളബിന് വേണ്ടി ജോയ് എം. മണ്ണൂരും ബാലകൃഷ്ണന്‍ കുന്നമ്പത്തും മേള പ്രമാണിമാരെ പൊന്നാട അണിയിച്ചു. പ്രസിഡന്‍റ് സന്തോഷ് ജോണ്‍ തൂവല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.സി. അനില്‍കുമാര്‍ സ്വാഗതവും വൈസ് പ്രസിഡന്‍റ് വിനീത നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.