തൃശൂര്‍ പൂരം: വെടിപ്പുരയുടെ താക്കോല്‍ തഹസില്‍ദാര്‍ സൂക്ഷിക്കണം

തൃശൂര്‍: തൃശൂര്‍ പൂരത്തിനായുള്ള വെടിക്കെട്ട് പുരയുടെ താക്കോല്‍ തൃശൂര്‍ തഹസില്‍ദാര്‍ സൂക്ഷിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അധ്യക്ഷന്‍ കൂടിയായ കലക്ടര്‍ വി. രതീശന്‍ ഉത്തരവിറക്കി. വെടിപ്പുര തുറക്കേണ്ട സമയം സംബന്ധിച്ച് ബന്ധപ്പെട്ട ദേവസ്വം അധികൃതര്‍ മുന്‍കൂറായി തഹസില്‍ദാറെ വിവരം അറിയിക്കണം. വെടിപ്പുരയില്‍ നിന്ന് എടുത്ത കരിമരുന്നിന്‍െറയും അവശേഷിക്കുന്നതിന്‍െറയും കണക്ക് കൃത്യമായി രജിസ്റ്ററില്‍ രേഖപ്പെടുത്തണം. വെടിക്കെട്ട് നടത്തുകയാണെങ്കില്‍ അനുവദനീയമായ അളവിലും തൂക്കത്തിലും മാത്രമെ കരിമരുന്ന് ഉപയോഗിക്കുന്നുളളൂ എന്ന് ഉറപ്പ് വരുത്തണം. വെടിപ്പുരയില്‍ അളവില്‍ കൂടുതല്‍ വെടിമരുന്ന് സൂക്ഷിച്ചിട്ടില്ളെന്ന് ഉറപ്പ് വരുത്താന്‍ ഇരു ദേവസ്വങ്ങളുടെയും വെടിപ്പുരകള്‍ എറണാകുളം ആസ്ഥാനമായുളള എക്സ്പ്ളോസീവ്സ് വിഭാഗം ഡെപ്യൂട്ടി കണ്‍ട്രോളര്‍, തൃശൂര്‍ അസി. പൊലീസ് കമീഷണര്‍, അഗ്നിശമന സേന തൃശൂര്‍ അസി. ഡിവിഷനല്‍ ഓഫിസര്‍, തിരുവമ്പാടി-പാറമേക്കാവ് ദേവസ്വം സെക്രട്ടറിമാര്‍, തൃശൂര്‍ തഹസില്‍ദാര്‍ എന്നിവരുടെ കൂട്ടായ സാന്നിധ്യത്തില്‍ മാത്രമെ തുറക്കാനോ വെടിക്കോപ്പുകള്‍ പുറത്തേക്ക് കടത്താനോ അനുവാദമുള്ളൂ.ബന്ധപ്പെട്ട ഉദ്യോഗസ്ഥരെല്ലാം അതില്‍ ഒപ്പുവെക്കണം. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ നിയമാനുസൃതം അനുവദനീയമായ പരിധിക്കുള്ളില്‍ ബാരിക്കേഡുകള്‍ നിര്‍മിക്കുന്നതിന് ഇരുദേവസ്വങ്ങളും നടപടി സ്വീകരിക്കണം. തൃശൂര്‍ പൊലീസ് കമീഷണര്‍ ഇതുസംബന്ധിച്ച് നല്‍കുന്ന നിര്‍ദേശങ്ങള്‍ ദേവസ്വം അധികൃതര്‍ പാലിക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.ജനങ്ങളുടെ സുരക്ഷിതത്വത്തിന് സ്ഥലത്ത് ആവശ്യമായ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കാനും തിരക്ക് നിയന്ത്രിക്കാനും ബാരിക്കേഡുകളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനും നഗരത്തിലെ വാഹന ഗതാഗതം നിയന്ത്രിക്കാനുമുള്ള ചുമതല സിറ്റി പൊലീസ് കമീഷണര്‍ക്കാണ്. ദുരന്ത നിവാരണ നിയമത്തിന്‍െറ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കലക്ടര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുളളത്. 17, 18 തീയതികളില്‍ നടക്കുന്ന തൃശൂര്‍ പൂരത്തോടനുബന്ധിച്ച ചടങ്ങുകള്‍ സുരക്ഷിതമാക്കുന്നതിന്‍െറ ഭാഗമായാണ് കര്‍ശന നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.