വാട്ടര്‍ അതോറിറ്റിയില്‍ താല്‍കാലിക ജോലിക്ക് കരാര്‍ലോബി

ഗുരുവായൂര്‍: വാട്ടര്‍ അതോറിറ്റി സബ് ഡിവിഷന്‍ ഓഫിസില്‍ താല്‍കാലിക നിയമനങ്ങള്‍ നടത്തുന്നത് കരാറുകാര്‍ വഴി. ക്ളര്‍ക്ക്, പമ്പ് ഓപറേറ്റര്‍, വാച്ച് മാന്‍, ക്ളീനര്‍, തോട്ടക്കാരന്‍ തുടങ്ങിയ തസ്തികകളിലെ താല്‍ക്കാലിക ഒഴിവുകളാണ് കരാറുകാര്‍ വഴിയും ഉന്നത ഉദ്യോഗസ്ഥരുടെ ഇഷ്ടക്കാരിലൂടെയും നികത്തുന്നതായി വിജിലന്‍സ് പരിശോധനയില്‍ സൂചന ലഭിച്ചത്. ഗുരുവായൂര്‍ സബ് ഡിവിഷനു കീഴില്‍ നൂറോളം താല്‍ക്കാലിക ഒഴിവുകളുണ്ടെന്നാണ് കണക്ക്. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മുറക്ക് എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ചില്‍ നിന്നാണ് ഇവ നികത്തേണ്ടത്. എന്നാല്‍ വാട്ടര്‍ അതോറിറ്റിയുടെ കരാറുകാരിലൂടെയും രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കനുസരിച്ചുമാണ് ഭൂരിഭാഗം ഒഴിവുകളും നികത്തുന്നതെന്ന് വിജിലന്‍സിന് പരാതി ലഭിച്ചിരുന്നു. കരാറുകാരുടെ താല്‍പര്യമനുസരിച്ച് യോഗ്യതയില്ലാത്തവരെ നിയമിക്കുന്നത് അതോറിറ്റിയുടെ പ്രവര്‍ത്തനത്തെ തന്നെ സാരമായി ബാധിക്കുന്നതായും പരാതിയില്‍ പറഞ്ഞിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് സബ് ഡിവിഷന്‍ ഓഫിസില്‍ വ്യാഴാഴ്ച വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തിയത്. ഒഴിവുകള്‍ എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ച് വഴിയല്ല നികത്തിയതെന്ന് പരിശോധനയില്‍ കണ്ടത്തെി. ഇതില്‍ ഉദ്യോഗസ്ഥരുടെ പങ്കിനെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ട്. തുടര്‍ നടപടികള്‍ക്കായി റിപ്പോര്‍ട്ട് വാട്ടര്‍ അതോറിറ്റി മാനേജിങ് ഡയറക്ടര്‍ക്ക് കൈമാറും. ഡിവൈ.എസ്.പി എ.രാമചന്ദ്രന്‍െറ നിര്‍ദേശത്തില്‍ സി.ഐ പി.എസ്.സുനില്‍കുമാര്‍, എംപ്ളോയ്മെന്‍റ് ഓഫിസര്‍ എ.എസ്.അലാവുദ്ദീന്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ബിജു, കമല്‍ദാസ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.