അവധിക്കാല വിനോദയാത്രക്ക് ഡി.ടി.പി.സി വിളിക്കുന്നു

തൃശൂര്‍: ജില്ലക്ക് അകത്തും പുറത്തും അവധിക്കാല ടൂര്‍ പാക്കേജുകളുമായി ഡി.ടി.പി.സി രംഗത്ത്. ബാക്ക് വാട്ടര്‍ സഫാരി, ഇക്കോ ട്രിപ്, മൂന്നാര്‍ ഹില്‍ടൂര്‍, തെന്മല ഇക്കോസഫാരി, പറമ്പിക്കുളം വൈല്‍ഡ് ലൈഫ് സഫാരി, ശിരുവാണി, ധ്യാനലിംഗ, വയനാട് ജംഗിള്‍ടൂര്‍, രാമേശ്വരം-മധുര, മുസ്രിസ് ഹെറിറ്റേജ് ടൂര്‍, പഴനി തീര്‍ഥയാത്ര തുടങ്ങിയവയാണ് പാക്കേജുകള്‍. കനോലി ബാക്ക് വാട്ടറിലൂടെ രാവിലെ എട്ടിന് യാത്ര ആരംഭിക്കും. വിലങ്ങന്‍കുന്ന്, ആനക്കോട്ട, നാല് മണിക്കൂര്‍ നീളുന്ന ബോട്ടിങ്ങും, വിഭവസമൃദ്ധമായ ഊണും. ശേഷം തളിക്കുളം സ്നേഹതീരം പാര്‍ക്കും കണ്ടുമടങ്ങുന്നതാണ് യാത്ര. ലഘുഭക്ഷണവും പാക്കേജിലുണ്ട്. ജില്ലയിലെ പ്രധാന ഡാമുകളും തൃക്കൂര്‍ മഹാദേവക്ഷേത്രം, ഒല്ലൂര്‍ ഏവുപ്രസ്യമ്മയുടെ ബലികുടീരം മ്യൂസിയം, ചിമ്മിണി, പീച്ചി, പൂമല, വാഴാനി എന്നീ ഡാമുകളും ചെപ്പാറയും സന്ദര്‍ശിക്കും. മൂന്നാറിലേക്ക് രണ്ടുദിവസത്തെ പാക്കേജാണ് നടത്തുന്നത്. ബോട്ടിങ് ഉള്‍പ്പടെ കുണ്ടള ഡാം, മാട്ടുപ്പെട്ടി ഡാം, ടോപ് സ്റ്റേഷന്‍, ലോക്ക് ഹാര്‍ട്ട് പ്ളാന്‍േറഷന്‍, ആനയിറങ്ങല്‍ ഡാം എന്നിവയാണ് പ്രധാന ആകര്‍ഷണങ്ങള്‍. 25 പേര്‍ക്ക് ഇരിക്കാവുന്ന ശീതികരിച്ച വാഹനത്തിലാണ് യാത്ര. തെന്മല പാക്കേജില്‍ അഡ്വഞ്ചര്‍ സോണ്‍, ലിഷര്‍ സോണ്‍, മ്യൂസിക്കല്‍ ഫൗണ്ടന്‍ എന്നിവ സന്ദര്‍ശിക്കാം. ഇക്കോ ടെന്‍റുകളിലാണ് താമസം. പാലരുവി വെള്ളച്ചാട്ടം, പുനലൂര്‍ തൂക്കുപാലം, മാന്‍ പാര്‍ക്ക്, കുട്ടികളുടെ പാര്‍ക്കും സന്ദര്‍ശിക്കാം. പറമ്പിക്കുളം വൈല്‍ഡ് ലൈഫ് സഫാരിയില്‍ പറമ്പിക്കുളം ഡാം, തൂനക്കടവ് ഡാം, പെരുവാരി പള്ളത്തെ മുളച്ചങ്ങാട യാത്രയുമുണ്ട്. രണ്ടുദിവസത്തെ ശിരുവാണി ഡാം, ധ്യാനലിംഗ പാക്കേജും ഡി.ടി.പി.സി നടത്തുന്നുണ്ട്. വയനാട് ജംഗിള്‍ ടൂര്‍ പാക്കേജില്‍ കുറുവ ദ്വീപ്, പൂക്കോട്ട് തടാകം, വയനാട് മ്യൂസിയം, തൊല്‍പെട്ടി ജീപ്പ് സഫാരി, തിരുനെല്ലി ക്ഷേത്രം, ബാണാസുരസാഗര്‍ ഡാം എന്നിവിടങ്ങളിലേക്കാണ് യാത്ര. രാമേശ്വരം, മധുര പാക്കേജില്‍ ക്ഷേത്രങ്ങള്‍ കൂടാതെ ധനുഷ്കോടി, മുന്‍ രാഷ്്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാമിന്‍െറ വീടും മ്യൂസിയവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുസ്രിസ് പൈതൃക പദ്ധതിയുടെ എല്ലാ കേന്ദ്രങ്ങളും ഉള്‍പ്പെടുത്തി ഒരുദിനം നീളുന്ന യാത്രയാണ് മുസ്രിസ് ഹെറിറ്റേജ് ടൂര്‍. പഴനിയിലേക്ക് പ്രത്യേക ക്യൂവും ഉച്ചഭക്ഷണവും രാത്രി ഭക്ഷണവും ഉള്‍പ്പടെയാണ് പാക്കേജ്. കലക്ടറുടെ നേരിട്ട മേല്‍നോട്ടത്തിലാണ് പാക്കേജുകളുടെ സുരക്ഷയും സൗകര്യങ്ങളും നിരീക്ഷിക്കുന്നത്. ശീതികരിച്ച വാഹനവും വൈഫൈയും മുഴുവന്‍ സമയ ഗൈഡും ഓഫിസില്‍നിന്നു മുഴുവന്‍ സമയ ഹോട്ട്ലൈന്‍ സര്‍വിസും ജില്ലാ ടൂറിസം വിഭാഗം ഒരുക്കുന്നു. ഫോണ്‍: 0487 2320800.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.