നിര്‍ധന കുടുംബത്തിന് വെളിച്ചമേകി സഹൃദയയിലെ വിദ്യാര്‍ഥികള്‍

കൊടകര: നിര്‍ധനരും രോഗികളുമായ പാവപ്പെട്ട കുടുംബത്തിന് വെളിച്ചമേകി കൊടകര സഹൃദയ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികള്‍. കാട്ടൂര്‍ കാറളം പഞ്ചായത്തിലെ നാലാം വാര്‍ഡില്‍പെട്ട ചെമ്മണ്ടയിലെ നിര്‍ധന കുടുംബത്തിനാണ് വിദ്യാര്‍ഥികള്‍ സൗജന്യമായി വയറിങ് നടത്തിയത്. ചെമ്മണ്ടയിലെ ക്ളെയര്‍ ഭവന്‍ മഠത്തിന്‍െറ നേതൃത്വത്തില്‍ സുമനസ്സുകളുടെ സഹായം കൊണ്ടാണ് രണ്ട് വയോധികരടങ്ങുന്ന ആറംഗ കുടുംബത്തിന് വീട് പണിത് നല്‍കിയത്. എന്നാല്‍, ഭീമമായ ചെലവ് വരുമെന്നതിനാല്‍ ഇവര്‍ വയറിങ് നടത്തിയിരുന്നില്ല. ഈക്കാര്യമറിഞ്ഞാണ് കുടുംബത്തെ സഹായിക്കാന്‍ സഹൃദയ കോളജ് വിദ്യാര്‍ഥികള്‍ മുന്നോട്ടുവന്നത്. മൂന്നാം വര്‍ഷ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനീയറിങ് വിഭാഗം വിദ്യാര്‍ഥികള്‍ ഈ ഉദ്യമം ഏറ്റെടുക്കുകയായിരുന്നു. പ്രഫ. സെബിന്‍ ഡേവിസ്, വിദ്യാര്‍ഥികളായ ബിനില്‍ ഭാസി, ക്രിസ്റ്റോ ഡേവിസ് എന്നിവരുടെ നേതൃത്വത്തില്‍ വീട് പൂര്‍ണമായും വയറിങ് ചെയ്ത് നല്‍കി. ചുമരുകളില്‍ പൊഴിയുണ്ടാക്കി പൈപ്പുകള്‍ സ്ഥാപിച്ചതും വയറുകള്‍ വലിച്ചതും സ്വിച്ച് ബോര്‍ഡുകള്‍ ഉറപ്പിച്ചതുമെല്ലാം വിദ്യാര്‍ഥികളാണ്. എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ. ഡോ. ആന്‍റു ആലപ്പാടനും പ്രിന്‍സിപ്പല്‍ ഡോ. സുധ ജോര്‍ജ് വളവിയും പ്രോത്സാഹനവുമായി ഒപ്പമുണ്ടായിരുന്നു. ക്ളാസുകള്‍ മുടക്കിയല്ല കുട്ടികള്‍ ഈ പണികള്‍ ചെയ്തതെന്നാണ് മറ്റൊരു പ്രധാന കാര്യം. ഞായറാഴ്ചകളിലും അവധി ദിവസങ്ങളിലുമാണ് വയറിങ് നടത്തിയത്. ഇലക്ട്രിക്കല്‍ വിഭാഗത്തിലെ പതിനഞ്ചോളം വിദ്യാര്‍ഥികള്‍ ഈ പ്രവൃത്തിയില്‍ സഹകരിച്ചിരുന്നു. വയറിങ്ങിനാവശ്യമായ പൈപ്പുകള്‍, വയറുകള്‍, സ്വിച്ച് ബോര്‍ഡുകള്‍ തുടങ്ങി എല്ലാ സാധനങ്ങളും കോളജില്‍നിന്ന് സൗജന്യമായി വിദ്യാര്‍ഥികള്‍ക്ക് നല്‍കി. ഊര്‍ജസംരക്ഷണത്തിനായി കാരൂര്‍ വാര്‍ഡിലെ മുഴുവന്‍ വീടുകള്‍ക്കും വിദ്യാര്‍ഥികള്‍ എല്‍.ഇ.ഡി ബള്‍ബുകള്‍ സൗജന്യമായി നല്‍കിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.