ഗ്രൂപ് പോര്‍വിളി പാര്‍ട്ടിയെ തളര്‍ത്തിയെന്ന് ഡി.സി.സി നേതൃയോഗത്തില്‍ വിമര്‍ശം

തൃശൂര്‍: ചാവക്കാട് തിരുവത്ര ഹനീഫ വധത്തിന് പിന്നാലെയുണ്ടായ ഗ്രൂപ് പോര്‍വിളികളും പോസ്റ്റര്‍ പ്രചാരണവും ഒന്നരമാസം സംഘടനയെ തളര്‍ത്തിയെന്ന് ജില്ലാ കോണ്‍ഗ്രസ് നേതൃയോഗത്തില്‍ വിമര്‍ശവും കുറ്റസമ്മതവും. ശനിയാഴ്ച ചേര്‍ന്ന നേതൃയോഗത്തിലാണ് ഇരു വിഭാഗങ്ങളിലുമുള്ളവര്‍ ഈ അഭിപ്രായങ്ങള്‍ പറഞ്ഞത്. ഞായറാഴ്ച ചേരുന്ന യു.ഡി.എഫ് ജില്ലാ യോഗത്തിന് മുമ്പ് തദ്ദേശഭരണ തെരഞ്ഞെടുപ്പിന്‍െറ മുന്നൊരുക്കം ആലോചിക്കാനാണ് ശനിയാഴ്ച യോഗം ചേര്‍ന്നത്. യോഗത്തില്‍ ഒരു മണിക്കൂറിലധികം വിമര്‍ശത്തിനാണ് നേതാക്കള്‍ ഉപയോഗിച്ചത്. അങ്കമാലിയില്‍ കെ.പി.സി.സി വൈസ് പ്രസിഡന്‍റ് വി.ഡി.സതീശന്‍െറ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലെ ഐക്യ ധാരണയെക്കുറിച്ച് ഡി.സി.സി പ്രസിഡന്‍റ് ഒ.അബ്ദുറഹിമാന്‍ കുട്ടിയും അഡ്വ.വി. ബാലറാമും വിശദീകരിച്ചു. ഐക്യധാരണ കീഴ്ഘടകങ്ങളിലേക്ക് പകരാനും തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ഒറ്റക്കെട്ടായി നീങ്ങാനും തീരുമാനമായി. സതീശന്‍െറ സാന്നിധ്യത്തിലുണ്ടാക്കിയ ഐക്യധാരണക്ക് ശേഷം ഡി.സി.സി പ്രസിഡന്‍റ് പങ്കെടുത്ത പൊതുവേദിയില്‍ മന്ത്രി സി.എന്‍.ബാലകൃഷ്ണന്‍ തന്നെ പ്രതിയാക്കാന്‍ നടക്കുന്നവര്‍ മലര്‍ന്ന് കിടന്ന് തുപ്പുകയാണെന്ന് ആരോപിച്ചത് ശനിയാഴ്ച ചേര്‍ന്ന യോഗത്തില്‍ പരാമര്‍ശിക്കപ്പെട്ടെങ്കിലും ആരും വിമര്‍ശിച്ചില്ല. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ചരട് സമുദായ നേതാക്കള്‍ നിയന്ത്രിക്കുന്ന സാഹചര്യമുണ്ടാകരുതെന്ന് തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു. ഞായറാഴ്ച രാവിലെ ഡി.സി.സി ഭാരവാഹികള്‍, എം.എല്‍.എമാര്‍, കെ.പി.സി.സി അംഗങ്ങള്‍, ബ്ളോക്-മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്‍റുമാര്‍, പോഷക സംഘടനാ സംസ്ഥാന ജില്ലാ പ്രസിഡന്‍റുമാര്‍, മേയര്‍, ത്രിതല പഞ്ചായത്ത് പ്രസിഡന്‍റുമാര്‍, നഗരസഭാ ചെയര്‍മാന്‍മാര്‍ എന്നിവരുടെ യോഗം ചേരും. ഗ്രൂപ് പോര് അവസാനിപ്പിച്ചുള്ള ഐക്യധാരണ നിര്‍ദേശം യോഗത്തില്‍ അവതരിപ്പിക്കും. മന്ത്രി സി.എന്‍.ബാലകൃഷ്ണനും പി.എ.മാധവന്‍ എം.എല്‍.എയും യോഗത്തില്‍ പങ്കെടുത്തില്ല. കെ.പി.സി.സി ജനറല്‍ സെക്രട്ടറി എം.പി.ജാക്സണ്‍, കെ.പി.വിശ്വനാഥന്‍, എം.പി.വിന്‍സെന്‍റ് എം.എല്‍.എ, യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ ജോസഫ് ചാലിശേരി, കെ.പി.സി.സി സെക്രട്ടറിമാരായ ടി.യു.രാധാകൃഷ്ണന്‍, എന്‍.കെ.സുധീര്‍, സി.എന്‍.ഗോവിന്ദന്‍കുട്ടി, സി.ഒ.ജേക്കബ്, ടി.എസ്.രാമദാസ്, സുനില്‍ അന്തിക്കാട്, ജോണ്‍ ഡാനിയേല്‍, പി.കെ.അബൂബക്കര്‍ ഹാജി, എ.ആര്‍.രാധാകൃഷ്ണന്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.