ഒഴിപ്പിക്കണമെന്ന് വ്യാപാരികള്‍; നേരിടുമെന്ന് വഴിയോര കച്ചവടക്കാര്‍

ചാവക്കാട്: വഴിയോര കച്ചവടക്കാരെ മുഴുവന്‍ ഒഴിപ്പിക്കണമെന്ന വ്യാപാരികളുടെ നിലപാടിനെതിരെ പ്രതിഷേധം ശക്തമായി. നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കേരള വഴിയോര കച്ചവട സംഘം തൃശൂര്‍ ജില്ലകമ്മിറ്റി രംഗത്തത്തെി. വഴിയോരകച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനു മുമ്പ് വ്യാപാരികളുടെ കൈയേറ്റങ്ങളും റോഡിലേക്ക് ഇറക്കി കെട്ടിയിട്ടുള്ള ഷെഡുകളും ഒഴിപ്പിക്കാന്‍ പൊലീസും മുനിസിപ്പാലിറ്റി അധികൃതരും നടപടിയെടുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. പൊതുസ്ഥലം കൈയേറിയവരില്‍ പലരും വ്യാപാരസംഘടനയുടെ ഭാരവാഹികള്‍ കൂടിയാണ്. വഴിയോര കച്ചവടക്കാരുടെ സംരക്ഷണത്തിനായി കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ നിയമം ലംഘിച്ചാണ് തദേശ സ്വയം ഭരണ സ്ഥാപനങ്ങളും പൊലീസും പലയിടത്തും പെരുമാറുന്നത്. ചില തല്‍പ്പര കക്ഷികളുടെ സ്വാര്‍ഥ താല്‍പര്യത്തിനുവേണ്ടി പൊലീസ് വഴിയോര കച്ചവടക്കാരോട് ക്രൂരമായാണ് പെരുമാറുന്നത്. നിയമപ്രകാരം വഴിയോര കച്ചവടക്കാരുടെ സംരക്ഷണം ഉറപ്പുവരുത്തേണ്ടത് സര്‍ക്കാറിന്‍െറ കടമയാണ്. ഉപജീവനത്തിനു വേണ്ടി കച്ചവടം നടത്തുന്ന വഴിയോര കച്ചവടക്കാര്‍ക്കെതിരെയുള്ള നീക്കം നിയമപ്രകാരവും സംഘടിതശക്തി കൊണ്ട് നേരിടുമെന്നും വഴിയോര കച്ചവടക്കാര്‍ മുന്നറിയിപ്പ് നല്‍കി. നഗരത്തിലെ മുഴുവന്‍ വഴിയോര കച്ചവടക്കാരെയും ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികളുടെ സംഘടനയായ മര്‍ച്ചന്‍റ്സ് അസോസിയേഷനാണ് പൊലീസിനും മുനിസിപ്പാലിറ്റിക്കും ആരോഗ്യവിഭാഗത്തിനും പരാതി നല്‍കിയത്. ഇതിനു പിറകെയാണ് വഴിയോരകച്ചവടക്കാരും ശക്തമായ പ്രതിഷേധവുമായി രംഗത്തത്തെിയത്. കേരള വഴിയോര കച്ചവടസംഘം ജില്ല പ്രസിഡന്‍റ് വാസുദേവന്‍ കണ്ണേങ്കലത്ത്, ജനറല്‍ സെക്രട്ടറി എം.കെ. ഷംസുദീന്‍, ഭാരവാഹികളായ സി.കെ. സുരേഷ് കുമാര്‍, പി.എ. അഷറഫ്, അജിത സദാനന്ദന്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.