സര്‍വിസ് നിര്‍ത്താന്‍ ബസുടമകള്‍; പ്രക്ഷോഭവുമായി ഓട്ടോ തൊഴിലാളികള്‍

കയ്പമംഗലം: മൂന്നുപീടിക ബീച്ച് റോഡിന്‍െറ ശോച്യാവസ്ഥ ഉടന്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരോടൊപ്പം ഓട്ടോ തൊഴിലാളികളും പ്രക്ഷോഭത്തിലേക്ക്. സര്‍വിസുകള്‍ നിര്‍ത്താന്‍ ബസുടമകളും ആലോചിക്കുന്നു. രണ്ടു വര്‍ഷത്തിലധികമായി തകര്‍ന്ന് കുളമായി കിടക്കുന്ന റോഡ് വഴി മൂന്നു ബസ് സര്‍വിസുകളുണ്ട്. നൂറുകണക്കിന് വാഹനങ്ങളും ഇതുവഴി കടന്നുപോകുന്നുണ്ട്. കയ്പമംഗലം പഞ്ചായത്തിനു കീഴിലുള്ള റോഡിന് 2.3 കി.മീ ദൈര്‍ഘ്യമുണ്ട്. പടിഞ്ഞാറേ ടിപ്പുസുല്‍ത്താന്‍ റോഡിനെയും ദേശീയപാത 17ല്‍ മൂന്നുപീടിക സെന്‍ററിനെയും ബന്ധിപ്പിക്കുന്ന റോഡ് കയ്പമംഗലം ഗവ. ഫിഷറീസ് സ്കൂള്‍, വഞ്ചിപ്പുര ബീച്ച്, അഴീക്കോട് തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള എളുപ്പവഴികൂടിയാണ്. അതേസമയം, ദുരിതം കണ്ടറിഞ്ഞ ജില്ലാ പഞ്ചായത്ത് റോഡിന്‍െറ അറ്റകുറ്റപ്പണി ഏറ്റെടുത്തിരിക്കുകയാണ്. ഇതിനായി 22 ലക്ഷം രൂപ അനുവദിച്ചതായും ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചതായും ജില്ലാ പഞ്ചായത്തംഗം ഹഫ്സ ഒഫൂര്‍ അറിയിച്ചു.കഴിഞ്ഞ മഴക്കാലത്ത് സഞ്ചാരം ദുഷ്കരമായിത്തീര്‍ന്ന റോഡ് ഇപ്പോള്‍ പാടം പോലെയായി. റോഡിന്‍െറ കാര്യത്തില്‍ പഞ്ചായത്ത് നടപടിയെടുക്കാതെവന്നതോടെ ബസ് സര്‍വിസുകള്‍ നിര്‍ത്തിവെക്കാന്‍ ആലോചന നടക്കുന്നുണ്ട്. ഓട്ടോ തൊഴിലാളികളാകട്ടെ, റോഡ് ബഹിഷ്കരിക്കാനും സമരം നടത്താനുമുള്ള ഒരുക്കത്തിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.