കുന്നംകുളത്ത് നായ്ക്കള്‍ക്ക് കൂച്ചുവിലങ്ങ്

കുന്നംകുളം: നഗരസഭ പ്രദേശത്തെ തെരുവുനായ്ക്കളെ പിടികൂടാന്‍ കുന്നംകുളം നഗരസഭ കൗണ്‍സില്‍ യോഗം ഐകകണ്ഠ്യേന തീരുമാനിച്ചു. നായ്ക്കളെ പിടികൂടുന്നതിനായി നഗരസഭ ഫണ്ടില്‍ നിന്ന് ലക്ഷം രൂപ അനുവദിക്കാനും തീരുമാനമായി. സുപ്രീം കോടതിയുടെ നിര്‍ദേശമനുസരിച്ചായിരിക്കും തെരുവുനായ്ക്കളെ പിടികൂടുക. നഗരസഭ പ്രദേശങ്ങളില്‍ അലഞ്ഞ് നടക്കുന്ന തെരുവുനായ്ക്കള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ വഴിയാത്രക്കാര്‍ക്ക് ഭീഷണിയായി മാറിയെന്ന് പ്രതിപക്ഷം പ്രതിഷേധിച്ച സാഹചര്യത്തിലാണ് തീരുമാനം. ഒരു നായയെ പിടിക്കാന്‍ 200 രൂപയോളം ചെലവുണ്ടെന്ന് അഡ്വ. സി.ബി. രാജീവ് അറിയിച്ചു. അടുത്ത ദിവസം മുതല്‍ അതിനുള്ള നടപടി കൈക്കൊള്ളും. വ്യക്തിഗത ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതില്‍ ഉദ്യോഗസ്ഥര്‍ അലംഭാവം കാട്ടുകയാണെന്ന് ഭരണ -പ്രതിപക്ഷ അംഗങ്ങള്‍ കുറ്റപ്പെടുത്തി. രേഖകളില്ളെന്ന് പറഞ്ഞ് ഗുണഭോക്താക്കളെ ഉദ്യോഗസ്ഥര്‍ വലക്കുകയാണെന്നും മതിയായ രേഖകള്‍ മുഴുവന്‍ നല്‍കിയവര്‍ക്കു പോലും ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നില്ളെന്നും സി.വി. ബേബി, കെ.വി. ഗീവര്‍, കെ.ബി. ഷിബു, അഡ്വ. കെ.എസ്. ബിനോയ്, അഡ്വ. പില്‍ജോ വര്‍ഗീസ്, സഫിയ മൊയ്തീന്‍, സതി അശോകന്‍ എന്നിവര്‍ കുറ്റപ്പെടുത്തി. എല്ലാ രേഖകളും നല്‍കിയവര്‍ക്ക് ആനുകൂല്യം ചൊവ്വാഴ്ച വിതരണം ചെയ്യാനും വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാനും തീരുമാനിച്ചു. അനധികൃത നിര്‍മാണം നടത്തിയതിന്‍െറ പേരില്‍ കൗണ്‍സില്‍ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ച താവൂസ് തിയറ്ററിന് ഒരുമാസം പ്രവര്‍ത്തിക്കാന്‍ സെക്രട്ടറി അനുമതി നല്‍കിയിട്ട് ഒന്നര വര്‍ഷമായി. അമിത ചാര്‍ജ് ഈടാക്കി തിയറ്റര്‍ പ്രവര്‍ത്തിക്കുകയാണെന്നും അത് സംബന്ധിച്ച് അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. നഗരസഭ ടൗണ്‍ ഹാള്‍, അറ്റകുറ്റപ്പണി സിഡ്കോയെ ഏല്‍പിക്കാനുള്ള തീരുമാനം നിലനില്‍ക്കേ പ്രവൃത്തികള്‍ ഏറ്റെടുത്ത് നടത്താനുള്ള അക്രഡിറ്റഡ് ഏജന്‍സികളുടെ ലിസ്റ്റില്‍ സിഡ്കോ ഉള്‍പ്പെട്ടിട്ടില്ലാത്തതിനാല്‍ സംസ്ഥാന സര്‍ക്കാറിന്‍െറ നിര്‍മിതി കേന്ദ്രത്തിനെ സമീപിക്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചു. ഇതോടെ നഗരസഭ ടൗണ്‍ ഹാള്‍ നിര്‍മാണം ഈ ഭരണകാലയളവില്‍ നടപ്പാകില്ളെന്നും വ്യക്തമായി. ബി.ജെ.പി അംഗം എം.വി. ഉല്ലാസിനെതിരെ പ്രതിപക്ഷ അംഗം കൂലിത്തല്ലുകാരനെന്ന് പരാമര്‍ശിച്ച് അല്‍പ സമയം വാദപ്രതിവാദങ്ങള്‍ക്ക് ഇടയാക്കി. നഗരത്തിലെ തകര്‍ന്ന റോഡുകള്‍ കരാറുകാരനെ കൊണ്ട് തന്നെ സഞ്ചാരയോഗ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ഭരണകക്ഷിയംഗങ്ങള്‍ ആവശ്യപ്പെട്ടു. ചെയര്‍മാന്‍ സി.കെ. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സ്മിത ജിന്നി, അഡ്വ. സി.ബി. രാജീവ്, സി.വി. ബേബി, കെ.വി. ഗീവര്‍, കെ.ബി. ഷിബു, എം.വി. ഉല്ലാസ് എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.