തൃശൂര്‍: നഗരവാസികള്‍ക്ക് കനത്ത പ്രഹരമേല്‍പിച്ച് വാട്ടര്‍ അതോറിറ്റി വെള്ളക്കരം ആറിരട്ടി വര്‍ധിപ്പിക്കാന്‍ നിര്‍ദേശം. നഗരത്തില്‍ കുടിവെള്ള വിതരണത്തിന്‍െറ ചുമതലയുള്ള കോര്‍പറേഷന്‍ യൂസര്‍ ചാര്‍ജ് ഇനത്തില്‍ വാട്ടര്‍ അതോറിറ്റിക്ക് നിലവില്‍ പ്രതിമാസം നല്‍കുന്ന ആറുലക്ഷം രൂപ 34, 20,000 രൂപയായി വര്‍ധിപ്പിക്കാനാണ് ശിപാര്‍ശ. കഴിഞ്ഞ ഒക്ടോബറില്‍ വര്‍ധന പ്രഖ്യാപിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസമാണ് ഇത് കോര്‍പറേഷന്‍ കൗണ്‍സിലിന്‍െറ അജണ്ടയില്‍ ഇടം പിടിച്ചത്. 1999, 2008, 2014 വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ വെള്ളക്കരം ഉയര്‍ത്തിയപ്പോള്‍ 1997ലെ നിരക്കിലാണ് നഗരത്തില്‍ വെള്ളം വിതരണം ചെയ്യുന്നതെന്നും ഇത് വലിയ നഷ്ടമുണ്ടാക്കുന്നുവെന്നുമാണ് അതോറിറ്റിയുടെ വാദം. നിലവില്‍ സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കനുസരിച്ച് വാട്ടര്‍ അതോറിറ്റി കോര്‍പറേഷന് വെള്ളം നല്‍കുകയും അത് സബ്സിഡി നിരക്കില്‍ പഴയ മുനിസിപ്പല്‍ പ്രദേശത്തെ ഉപഭോക്താക്കള്‍ക്ക് കോര്‍പറേഷന്‍ വിതരണം ചെയ്യുകയുമാണ്. കോര്‍പറേഷനോട് കൂട്ടിച്ചേര്‍ത്ത പഞ്ചായത്തുകളിലാവട്ടെ വാട്ടര്‍ അതോറിറ്റിയുടെ വര്‍ധിപ്പിച്ച നിരക്കിലാണ് വിതരണം നടക്കുന്നത്. കോര്‍പറേഷന്‍ പരിധിയില്‍ രണ്ട് നിരക്കിലാണ് വിതരണമെന്നും നഗരസഭയുടെ വെള്ളക്കരം അതോറിറ്റിയുടെ നിരക്കുമായി ഏകീകരിക്കണമെന്നും അത് ചെയ്യാത്തതിന് ഓഡിറ്റ് എതിര്‍പ്പുണ്ടെന്നും അതോറിറ്റി പറയുന്നു. രണ്ട് തരത്തിലുള്ള നിരക്ക് നഗരസഭക്ക് നഷ്ടമുണ്ടാക്കുന്നുണ്ടെന്നും വര്‍ധിപ്പിച്ച പുതുക്കിയ നിരക്കിലേക്ക് നഗരം മുഴുവന്‍ ഏകീകരിക്കണമെന്നും ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ ശിപാര്‍ശയാണ് കഴിഞ്ഞ കൗണ്‍സിലിന് മുന്നിലത്തെിയത്. എന്നാല്‍, ഭരണപക്ഷാംഗങ്ങളും പ്രതിപക്ഷാംഗങ്ങളും വെള്ളക്കരം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്നും കണക്കുകള്‍ വ്യക്തമല്ളെന്നും പറഞ്ഞതിനെ തുടര്‍ന്നാണ് വിഷയം വീണ്ടും പഠിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും തത്വത്തില്‍ നിരക്ക് വര്‍ധനക്ക് അംഗീകാരമായി. നിരക്ക് കുറക്കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെടാമെന്നാണ് മേയര്‍ ഇതിന് മറുപടി നല്‍കിയത്. നിലവിലുള്ള നിരക്കിന്‍െറ നാല് മുതല്‍ എട്ടിരട്ടി വരെ വര്‍ധന വരുത്താനാണ് അജണ്ടയില്‍ ഉണ്ടായിരുന്നത്. ഇതാണ് ആറിരട്ടിയിലേക്ക് താഴ്ത്തിയതെന്നാണ് അവകാശവാദം. പഴയ നഗരസഭാ പ്രദേശത്ത് മാത്രമാണ് കോര്‍പറേഷന്‍ വെള്ളം വിതരണം ചെയ്യുന്നത്. 50.5 ലക്ഷം ലിറ്റര്‍ വെള്ളമാണ് നല്‍കുന്നത്. ഇതിന് മൊത്തം ചെലവ് 160 ലക്ഷമാണെന്ന് വാട്ടര്‍ അതോറിറ്റി കോര്‍പറേഷന് സമര്‍പ്പിച്ച കണക്കില്‍ പറയുമ്പോഴാണ് കോര്‍പറേഷന്‍ പ്രതിവര്‍ഷം 4,10,40,000 രൂപ നല്‍കണമെന്ന് ആവശ്യപ്പെടുന്നത്. നഗരത്തിലെ ജനസംഖ്യ 70,000 ആണ്. ആളോഹരി 135 ലിറ്റര്‍ വിതരണം ചെയ്യുന്നുവെന്ന് വാട്ടര്‍ അതോറിറ്റി പറയുന്നു. 9.45 ദശലക്ഷം ലിറ്റര്‍ സമൃദ്ധിയായി മതിയെന്നിരിക്കെ 29 ദശലക്ഷം നല്‍കുന്നുവെന്ന് കണക്കാക്കിയാണ് വാട്ടര്‍ അതോറിറ്റിയുടെ പുതിയ നിരക്ക്. ആളോഹരി 200 ലിറ്റര്‍ കണക്കാക്കിയാല്‍ പോലും 14 ദശലക്ഷം ലിറ്ററേ വരൂവെന്നും, വാട്ടര്‍ അതോറിറ്റിയുടെ വെള്ളത്തിലുള്ള കള്ളക്കണക്ക് കോര്‍പറേഷനെ കടക്കെണിയിലാക്കുന്നതാണെന്ന് ഭരണ -പ്രതിപക്ഷാംഗങ്ങള്‍ തന്നെ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.