പടിഞ്ഞാറെകോട്ട ജങ്ഷന്‍ വികസനം: സ്ത്രീയെ ഒഴിപ്പിക്കാന്‍ ശ്രമിച്ച കോര്‍പറേഷന്‍ പുലിവാല് പിടിച്ചു

തൃശൂര്‍: പടിഞ്ഞാറെകോട്ട ജങ്ഷന്‍ വികസനത്തിനായി ഒറ്റക്കുതാമസിക്കുന്ന മനോനില തെറ്റിയ സ്ത്രീയെ ഒഴിപ്പിക്കാന്‍ ശ്രമിച്ച കോര്‍പറേഷന്‍ പുലിവാല് പിടിച്ചു. ഒടുവില്‍ സ്ത്രീയുടെ ബന്ധു വന്ന് അവരെ അനുനയിപ്പിച്ചു കൊണ്ടുപോയതോടെ കോര്‍പറേഷന്‍ രക്ഷപ്പെട്ടു. വികസനത്തിനായി കാല്‍വരി റോഡിലെ കുടിലുകളും കൈയേറ്റങ്ങളും നേരത്തെ ഒഴിപ്പിച്ചിരുന്നു. കുടിലുകളിലെ താമസക്കാര്‍ക്ക് ഒരുവര്‍ഷത്തിനകം ഫ്ളാറ്റുകള്‍ നല്‍കി പുനരധവസിപ്പിക്കുമെന്നുള്ള കോര്‍പറേഷനുമായുള്ള കരാറിലാണ് ഇവിടെ ഉണ്ടായിരുന്ന 12 കുടുംബങ്ങളെ നേരത്തെ ഒഴിഞ്ഞുപോയത്. എന്നാല്‍, ഇവിടെ താമസിച്ചിരുന്ന ഈ സ്ത്രീ മാത്രം ഒഴിഞ്ഞുപോകന്‍ തയാറായില്ല. ഒഴിയാതെ നിന്ന ഇവരെ നീക്കാന്‍ പൊലീസിന് കോര്‍പറേഷന്‍ കഴിഞ്ഞയാഴ്ച നിര്‍ദേശം നല്‍കിയിരുന്നു. വ്യാഴാഴ്ച വൈകീട്ട് ആറോടെ ഈ സ്ത്രീയെ കൂടി ഒഴിപ്പിക്കാന്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരും ഉദ്യോഗസ്ഥരും പൊലീസുമായി എത്തുകയായിരുന്നു. തന്നെ ഒഴിപ്പിക്കാനാണ് ശ്രമമെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ഇവര്‍ ഭീഷണിമുഴക്കി. തുടര്‍ന്ന് വീട്ടില്‍ കയറി വാതിലടച്ച് ഇറങ്ങില്ളെന്ന് വാശിപിടിച്ചു. ഇതോടെ കോര്‍പറേഷന്‍ അധികൃതര്‍ ആഭ്യന്തരമന്ത്രിയെയും കലക്ടറെയും എസ്.പിയെയും ഫോണില്‍ ബന്ധപ്പെട്ടു വിഷയങ്ങള്‍ അവതരിപ്പിച്ചു. സ്ത്രീക്ഷേമ കാര്യാലയുവുമായും അധികൃതര്‍ ബന്ധപ്പെട്ട് കാര്യങ്ങള്‍ വിശദീകരിച്ചു. അവര്‍ക്ക് മതിയായ സുരക്ഷ ഒരുക്കിയാല്‍ മാറ്റാമെന്ന നിര്‍ദേശം സമിതിയില്‍ നിന്നും ലഭിച്ചതോടെ ഇവരെ ബലമായി വീട്ടില്‍ നിന്ന് ഇറക്കാന്‍ ശ്രമമുണ്ടായി. ഇതോടെ വീട്ടില്‍ നിന്നും ഇറങ്ങിയ ഇവര്‍ റോഡില്‍ കുത്തിയിരുന്നു. തുടര്‍ന്ന് അനുനയിപ്പിച്ച് രാമവര്‍മപുരം അഗതി മന്ദിരത്തില്‍ എത്തിച്ചെങ്കിലും മനോനില തെറ്റിയ സ്ത്രീയെ അവിടെ താമസിപ്പിക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ ധാരണയായില്ല. അതിനിടെ സ്ത്രീയുടെ വിയ്യൂരിലുള്ള ബന്ധു വന്ന് ഇവരെ കൂട്ടിക്കൊണ്ടുപോയി. മറ്റു പ്രശ്നങ്ങളൊന്നുമില്ലാതെ ഇവര്‍ ആ സ്ത്രീയുടെ കൂടെ പോയതോടെയാണ് കോര്‍പറേഷന്‍ അധികാരികള്‍ക്ക് ശ്വാസംനേരെ വീണത്. നേരത്തെ മൂന്നുമാസം മുമ്പ് കൈയേറ്റങ്ങള്‍ പൊളിച്ചുനീക്കാന്‍ കോര്‍പറേഷന്‍ അധികാരികള്‍ എത്തിയിരുന്നെങ്കിലും ബദല്‍ സംവിധാനം ഏര്‍പ്പെടുത്താനുള്ള സാവകാശത്തിനായി പിന്മാറിയിരുന്നു. കഴിഞ്ഞയാഴ്ചയില്‍ ഒഴിപ്പിക്കാനത്തെിയപ്പോള്‍ ഒഴിയാതിരുന്നവര്‍ക്ക് കൂടുതല്‍ സമയം അനുവദിക്കുകയായിരുന്നു. വെള്ളിയാഴ്ച ഇവരെ രാമവര്‍മപുരത്തുള്ള കോര്‍പറേഷന്‍െറ അഗതി മന്ദിരത്തിലേക്ക് മാറ്റാനാണ് പൊലീസിനോട് ആവശ്യപ്പെട്ടത്. ഇതനുസരിച്ച് ഒഴിപ്പിക്കാനായി പൊലീസ് എത്തിയെങ്കിലും ബലം പ്രയോഗിച്ചുള്ള നടപടികള്‍ വേണ്ടെന്ന നിര്‍ദേശത്തില്‍ പിന്‍വലിഞ്ഞു. കാര്യങ്ങള്‍ ബോധ്യപ്പെടുത്തി ഇവരെ ഒഴിപ്പിക്കാനാണ് നിര്‍ദേശിച്ചിട്ടുള്ളതെന്നും, ഒഴിപ്പിച്ചത് സംബന്ധിച്ചുള്ള വിവരം പൊലീസില്‍ നിന്നും അറിവായിട്ടില്ളെന്നും മേയര്‍ രാജന്‍ ജെ. പല്ലന്‍ അറിയിച്ചു. എന്നാല്‍, സ്ത്രീയെ ബലപ്രയോഗത്തിലൂടെ വ്യാഴാഴ്ച ഒഴിപ്പിച്ചിട്ടില്ളെന്ന് വനിത എസ്.ഐ ദേവി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.