കൊടുങ്ങല്ലൂരില്‍ കൊടുങ്കാറ്റ്

കൊടുങ്ങല്ലൂര്‍/മത്തേല: മേഖലയില്‍ ബുധനാഴ്ച രാവിലെ വീശിയ മിന്നല്‍ ചുഴലി നാശം വിതച്ചു. 15 വീടുകള്‍ക്ക് നാശമുണ്ടായി. മത്തേലയില്‍ മിന്നല്‍ചുഴലി വീശിയത് അര മിനിറ്റോളം. നഷ്ടം ലക്ഷങ്ങള്‍. നിരവധി വീടുകള്‍ തകര്‍ന്നു. മേഖലയില്‍ 80ല്‍പരം മരങ്ങള്‍ കടപുഴകി. മൂന്ന് വൈദ്യുതിത്തൂണുകള്‍ തകര്‍ന്നു. ബുധനാഴ്ച രാവിലെ 9.40നാണ് കൊടുങ്കാറ്റടിച്ചത്. മത്തേലയില്‍ ടി.കെ.എസ് പുരം മുതല്‍ എരിശേരി പാലം വരെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലാണ് ചുഴലിക്കാറ്റ് നാശം വിതച്ചത്. തെങ്ങ്, കവുങ്ങ്, മാവ് ഉള്‍പ്പെടെ നിലംപതിച്ചു. തൂണുകള്‍ തകര്‍ന്ന് വൈദ്യുതി നിലച്ചു. പലയിടത്തും ഗതാഗതം മുടങ്ങി. ഓടിട്ട വീടിന്‍െറ മുകളിലേക്ക് പുളിമരം വീഴുന്നത് കണ്ട്, തൊട്ടിലില്‍കിടന്ന പേരക്കുട്ടിയെ എടുക്കാന്‍ ഓടുന്നതിനിടെ വീണ് വീട്ടമ്മക്ക് പരിക്കേറ്റു. ശൃംഗപുരം കാത്തോളിപറമ്പില്‍ ചെമ്പനേഴത്ത് മുരളിയുടെ ഭാര്യാമാതാവ് പഴൂകുന്നത്ത് രാധാകൃഷ്ണന്‍െറ ഭാര്യ ഭാരതിക്കാണ് (54) പരിക്കേറ്റത്. ഉറങ്ങുകയായിരുന്ന ഏഴ് മാസം പ്രായമുള്ള കുട്ടി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇവരെ ടി.കെ.എസ് പുരം മെഡികെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മത്തേല, ലോകമലേശ്വരം വില്ളേജുകളില്‍പെടുന്ന തിരുവെള്ളൂര്‍, എരിശേരിപാലം, ഗുരുദേവനഗര്‍, പടാകുളം, ശൃംഗപുരം ഭാഗങ്ങളിലാണ് ഭീതി വിതച്ച് കാറ്റ് വീശിയടിച്ചത്. ഓടുകളും, മേല്‍പുരയും പറന്നുപോയി. മത്തേല വില്ളേജില്‍ 10 വീടുകള്‍ക്ക് ഭാഗിക നാശമുണ്ടായി. ലോകമലേശ്വരം വില്ളേജില്‍ ഗുരുദേവ നഗറില്‍ കുറ്റിപ്പറമ്പില്‍ ശശിയുടെ ഓട് വീട് മരം വീണ് പൂര്‍ണമായി തകര്‍ന്നു. ഇതേ സ്ഥലത്ത് കക്കതോട്ടില്‍ ദേവയാനി, പെട്ടികാട്ടില്‍ പ്രകാശന്‍, ചള്ളിയില്‍ പ്രഭാകരന്‍ എന്നിവരുടെ വീടുകള്‍ക്കും കേടുണ്ടായി. പ്രഭാകരന്‍െറ ടറസ് വീട്ടിലെ മേല്‍പുര പൂര്‍ണമായും നിലംപതിച്ചു. പടിയത്ത് പ്രകാശന്‍െറ വീടിന്‍െറ മേല്‍ക്കൂര തകര്‍ന്നു. തൃക്കുലശേഖരപുരത്ത് വീനോദിന്‍െറ വീടിന്‍െറ ഓടുകള്‍ പറന്ന് വീണു. കാത്തോളില്‍ രാമചന്ദ്രന്‍, മുല്ലശേരി ലീല, അയ്യാരില്‍ മുഹമ്മദ് റാഫി എന്നിവരുടെ മതിലുകള്‍ക്കാണ് കേടുപാട്. അഞ്ചപ്പാലം റോഡില്‍ തൈപാലത്ത് രാജീവന്‍െറ കുളിമുറിയും അഡ്വ. എം. ബിജുകുമാറിന്‍െറ വിറക് പുരയും മരം വീണ് തകര്‍ന്നു. ചേരമാന്‍ മസ്ജിദ് ജങ്ഷനിലെ പാറയില്‍ നാസറിന്‍െറ ആയിരത്തോളം കുലച്ച വാഴകള്‍ കടപുഴകിയും ഒടിഞ്ഞും നശിച്ചു. അഞ്ചപ്പാലം കാത്തോളിപറമ്പ് റോഡില്‍ തെങ്ങും വൈദ്യുതിത്തൂണും ഒടിഞ്ഞുവീണ് ഗതാഗതം സ്തംഭിച്ചു. സംഭവത്തെ തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും കെ.എസ്.ഇ.ബി ജീവനക്കാരും ചേര്‍ന്ന് തെങ്ങ് മുറിച്ചുമാറ്റി ഗതാഗതം പുന$സ്ഥാപിച്ചു. ഒടിഞ്ഞ് വീണ വൈദ്യുതിത്തൂണും മാറ്റി. തൈപാലത്ത് ഡോ. ടി.കെ. വേലായുധന്‍െറ വീട്ടുവളപ്പിലെ എട്ട് ജാതി മരങ്ങള്‍ കടപുഴകി. അരാകുളം -ടി.കെ.എസ് പുരം റോഡില്‍ നിരവധി വീടുകള്‍ക്ക് കേടുപറ്റി. ടി.കെ.എസ് പുരത്ത് കൊളത്തിപറമ്പില്‍ അശോകന്‍െറ വീടിന്‍െറ മേല്‍പുര പൂര്‍ണമായി തകര്‍ന്നു. മേല്‍ക്കൂരയിലെ ഷീറ്റുകള്‍ പറന്ന് പത്ത് വീടുകള്‍ക്കപ്പുറം കരിപ്പാക്കുളം ഫാത്തിമയുടെ വീട്ടുമുറ്റത്ത് പതിച്ചു. അശോകന്‍െറ വീട്ടിലെ എ.സിയും സോളാര്‍പാനലും തകര്‍ന്നു. വീടിന്‍െറ സണ്‍ഷേഡും നാല് തൂണുകളും തകര്‍ന്നു. ഇവിടെ മാത്രം 10 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. കാട്ടകത്ത് ജലീലിന്‍െറ വീടിന്‍െറ ഓടുകള്‍ പറന്നുപോയി. ഈശ്വരമംഗലത്ത് ബാബു, കോട്ടയത്ത് ഷംസു എന്നിവരുടെ പുരയിടത്തിലെ മരങ്ങള്‍ ഒടിഞ്ഞ് വീണു. കൈതവളപ്പില്‍ സുന്ദരന്‍െറ വാഴകൃഷിയും നശിച്ചിട്ടുണ്ട്. ചുഴലിക്കാറ്റ് വീശിയ പ്രദേശങ്ങളിലെല്ലാം വ്യാപകമായ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. മഴയുടെ അകമ്പടിയോടെ വീശിയ കാറ്റ് നാടിനെ വിറപ്പിച്ചാണ് കടന്നുപോയത്. കൊടുങ്ങല്ലൂര്‍ തഹസില്‍ദാര്‍ ലൈലയുടെ നേതൃത്വത്തില്‍ റവന്യൂ അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ച് നാശനഷ്ടം വിലയിരുത്തി. ദുരന്തം വിതച്ച സ്ഥലങ്ങളില്‍ ടി.എന്‍. പ്രതാപന്‍ എം.എല്‍.എ, നഗരസഭാ ചെയര്‍പേഴ്സന്‍ കെ.ബി. മഹേശ്വരി, കൗണ്‍സിലര്‍മാരായ ടി.എ. ഗിരീഷ്കുമാര്‍, അഡ്വ. സി.പി. രമേശന്‍, പി.ജി. നൈജി, ബിജിലി ഓമനക്കുട്ടന്‍, മത്തേല കൃഷി ഓഫിസര്‍ ഷബ്നാസ് പടിയത്ത് തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.