ഉപജില്ലാ ശാസ്ത്രമേള പൊതുജനങ്ങള്‍ക്ക് കാണാന്‍ അവസരം വേണം

കുന്നംകുളം: ഉപജില്ലാ ശാസ്ത്രമേള സംഘാടനത്തിലെ പിഴവൊഴിവാക്കാന്‍ നിര്‍ദേശങ്ങളും വിമര്‍ശങ്ങളുമായി അധ്യാപകരും പി.ടി.എ ഭാരവാഹികളും രംഗത്ത്. കുന്നംകുളം എ.ഇ.ഒയുടെ സാന്നിധ്യത്തില്‍ നടന്ന സംഘാടകസമിതി രൂപവത്കരണ യോഗത്തിലാണ് നിര്‍ദേശങ്ങളും വിമശങ്ങളും ഉയര്‍ന്നത്. മേള നടക്കുന്ന സ്കൂളിലെ കുട്ടികള്‍ക്ക് പ്രദര്‍ശനം കാണാനുള്ള അവസരം വേണമെന്ന ആവശ്യം യോഗത്തില്‍ ഉയര്‍ന്നു. വിധികര്‍ത്താക്കള്‍ എത്തിയാല്‍ പ്രദര്‍ശന വസ്തുക്കള്‍ വിദ്യാര്‍ഥികള്‍ എടുത്ത് കൊണ്ടുപോകുന്ന പതിവ് കാഴ്ച അനുവദിക്കാന്‍ പാടില്ല. പൊതുജനങ്ങള്‍ക്കും കാണാന്‍ സൗകര്യം ഒരുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം ചൊവ്വന്നൂര്‍ സ്കൂളില്‍ നടന്ന ശാസ്ത്രമേള പരാജയപ്പെട്ടുവെന്ന് സംഘാടകസമിതി രൂപവത്കരണ യോഗത്തില്‍ പലരും ഉന്നയിച്ചു. ശാസ്ത്ര വിദ്യാഭ്യാസം ഇല്ലാത്തവര്‍ വിധികര്‍ത്താക്കളായി. അശാസ്ത്രീയമായ പ്രോജക്ടുകള്‍ക്കാണ് സമ്മാനങ്ങള്‍ നല്‍കിയതെന്നും ചിലര്‍ കുറ്റപ്പെടുത്തി. ചൊവ്വന്നൂര്‍ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് പത്മം വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ വനജ ഭാസ്കര്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഷാഫി, ഓമന ബാബു, പി.എം. സോമന്‍, മനോജ്കുമാര്‍, പി. അരവിന്ദാക്ഷന്‍, എ.ഇ.ഒ പി. സച്ചിദാനന്ദന്‍, പി.ഐ. പോളി, പ്രിന്‍സിപ്പല്‍ കൃഷ്ണകുമാരി, പ്രധാനാധ്യാപിക ജിജി വര്‍ഗീസ്, വിഷ്ണു ഭാരതീയന്‍ എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ കൃഷ്ണകുമാരി ജനറല്‍ കണ്‍വീനറായുള്ള വിപുലമായ കമ്മിറ്റി രൂപവത്കരിച്ചു. ഒക്ടോബര്‍ 13, 14 തീയതികളില്‍ വെസ്റ്റ് മങ്ങാട് സെന്‍റ് ജോസഫ്സ് ആന്‍ഡ് സെന്‍റ് സിറിള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് ശാസ്ത്രമേള.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.