ജൈവകര്‍ഷക കൂട്ടായ്മക്ക് അഞ്ഞൂരില്‍ നിന്ന് മാതൃക

വടക്കേക്കാട്: അഞ്ഞൂര്‍ കുന്നിന്‍െറ അടിവാരം പച്ചത്താഴ്വരയാക്കി ചിറ്റഞ്ഞൂര്‍ ‘ഗ്രീന്‍വാലി’ ജൈവ കര്‍ഷക കൂട്ടായ്മയുടെ ജൈത്രയാത്ര. മഴക്കാല പച്ചക്കറി കൃഷിയുടെ വിളവെടുപ്പും വില്‍പനയുടെ തിരക്കുമാണിവിടെ. വിഷമില്ലാത്ത വെണ്ടയും പയറും പാവലും വാങ്ങാന്‍ നാട്ടുകാര്‍ മാത്രമല്ല, സമീപപ്രദേശങ്ങളായ പിള്ളക്കാട്, തൊഴിയൂര്‍, വടക്കേക്കാട് എന്നിവിടങ്ങളില്‍നിന്ന് ആളുകളത്തെുന്നു. കുന്നംകുളത്തെയും ഗുരുവായൂരിലെയും പച്ചക്കറി വ്യാപാരികളും ‘ഗ്രീന്‍വാലി’യുടെ വിപണന കേന്ദ്രത്തിലെ പതിവുകാരാണ്. ചിറ്റഞ്ഞൂര്‍ പാടശേഖര സമിതി അംഗങ്ങളും പച്ചക്കറി കൃഷിയില്‍ തല്‍പരരായ പരിസരവാസികളും ചേര്‍ന്ന് 2013ലാണ് ‘ഗ്രീന്‍വാലി’ കൂട്ടായ്മയുണ്ടാക്കിയത്. കൊയ്ത്തു കഴിഞ്ഞ നെല്‍വയലിലെ പന്ത്രണ്ടര ഏക്കറില്‍ വേനല്‍ക്കാല പച്ചക്കറി കൃഷി പരീക്ഷിച്ചു. 2013-14 വര്‍ഷത്തെ ജില്ലയിലെ ഏറ്റവും നല്ല പച്ചക്കറി ക്ളസ്റ്ററായി ഗ്രീന്‍വാലി തെരഞ്ഞെടുക്കപ്പെട്ടു. വേനല്‍കൃഷി വിജയം മഴക്കാലത്തും കൃഷി തുടരാനുള്ള ആവേശമായി. വെള്ളക്കെട്ടുള്ള പാടം ഒഴിവാക്കി ഗ്രീന്‍വാലി നിര്‍വാഹക സമിതിയംഗം അഷ്കര്‍ സുരേഷിന്‍െറയും അഞ്ഞൂര്‍ തോട്ടപ്പായ മനക്കാരുടെയും പറമ്പിലാണ് മഴക്കാല പച്ചക്കറി കൃഷി തുടങ്ങിയത്. ഇതിനിടെ, കൃഷിയിറക്കിയ മഞ്ഞുകാല ഇനങ്ങളും ഗ്രോബാഗിലെ സവാള കൃഷിയും പ്രതീക്ഷയില്‍കവിഞ്ഞ വിളവാണ് നല്‍കിയത്. 32 അംഗ കൂട്ടായ്മയിലെ പുരുഷന്മാര്‍ രാവിലെയും സ്ത്രീകള്‍ വൈകുന്നേരവുമായി കൃഷിക്കളത്തില്‍ പണിയെടുക്കും. പ്രസിഡന്‍റ് സുനിത ഗോപിനാഥ്, ജന. സെക്രട്ടറി ജനാര്‍ദനന്‍ എഴുത്തുപുരക്കല്‍, ട്രഷറര്‍ സുഭാഷ് പൂങ്ങാട്ട്, അഷ്കര്‍ സുരേഷ്, രജീഷ് എഴുത്തുപുരക്കല്‍ എന്നിവര്‍ക്കൊപ്പം ആര്‍ത്താറ്റ് കൃഷി ഓഫിസര്‍ നീന കെ. മേനോന്‍, അസിസ്റ്റന്‍റുമാരായ നീതുവും നിമലും കൂട്ടായ്മക്ക് കരുത്തേകുന്നതില്‍ സജീവ പങ്കുവഹിക്കുന്നു. ‘കാസര്‍കോട് ലോക്കല്‍’ എന്നപേരിലുള്ള രണ്ട് നാടന്‍ പശുക്കള്‍ ഗ്രീന്‍വാലിക്ക് സ്വന്തമായുണ്ട്. ഇവയുടെ വിസര്‍ജ്യത്തില്‍നിന്നാണ് വളവും കീടനാശിനിയുമുണ്ടാക്കുന്നത്. രണ്ട് പോര്‍ട്ടബ്ള്‍ വെര്‍മി കോമ്പോസ്റ്റ് പ്ളാന്‍റും ക്ളസ്റ്ററിനുണ്ട്. വേനലില്‍ സൂക്ഷ്മ ജലസേചന രീതിയാണ് അവലംബിക്കുന്നത്. കൃഷിക്കു പുറമെ പച്ചക്കറി തൈകളുടെ ഉല്‍പാദനവും വിതരണവും ലക്ഷ്യമിട്ട പദ്ധതി അവസാനഘട്ടത്തിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.