ചാലക്കുടി: മുരിങ്ങൂര്‍ ഡിവൈന്‍ നഗര്‍ റെയില്‍വേ മേല്‍പാലം ഉദ്ഘാടനം ഒക്ടോബര്‍ മൂന്നിന്. മുഖ്യമന്ത്രി പങ്കെടുക്കുന്ന ഉദ്ഘാടന യോഗം ടോള്‍ പിരിവിനെതിരെയുള്ള പ്രതിഷേധത്തില്‍ മുങ്ങാന്‍ സാധ്യത. മുരിങ്ങൂര്‍ മേല്‍പാല നിര്‍മാണം അവസാനഘട്ടത്തിലാണ്. ആളൂര്‍ മേല്‍പാലത്തില്‍ ടോള്‍ പിരിക്കാന്‍ സംവിധാനം ഒരുക്കിയ സാഹചര്യത്തില്‍ മുരിങ്ങൂര്‍ മേല്‍പാലത്തിലും ടോള്‍ പിരിക്കുമെന്ന കാര്യത്തില്‍ സംശമില്ല. പാലത്തിന്‍െറ കിഴക്കേ ഭാഗത്ത് ഒത്ത നടുവില്‍ ടോള്‍ ബൂത്ത് പണിതിട്ടുണ്ട്. എന്നാല്‍, ടോള്‍ പിരിവിനെ സംബന്ധിച്ച് അധികൃതര്‍ ഒരു സൂചനയും നല്‍കിയിട്ടില്ല. മുരിങ്ങൂരിലെ മേല്‍പാലം പണികളില്‍ ഉണ്ടായിരുന്ന അനിശ്ചിതാവസ്ഥ മാറി പണികള്‍ തിരക്കിട്ട് പൂര്‍ത്തിയാക്കുകയാണ്. ആര്‍.ബി.ഡി.സിയുടെ ഭാഗത്തെ അപ്രോച്ച് റോഡടക്കമുള്ള പണികള്‍ 2014 ഫെബ്രുവരിയില്‍ തീര്‍ന്നിരുന്നുവെങ്കിലും റെയില്‍വേയുടെ ഭാഗത്തെ യോജിപ്പിക്കുന്ന പണികള്‍ തീരാതിരുന്നതിനാലാണ് പാലം തുറക്കാന്‍ വൈകിയത്. നിര്‍മാണത്തിന് ഭൂമി ഏറ്റെടുത്തതിന് നല്‍കിയ 1.60 കോടി രൂപയടക്കം 13.70 കോടി രൂപയാണ് നിര്‍മാണച്ചെലവ്. പാലത്തിന്‍െറ ആകെ നീളം 328.38 മീറ്റര്‍ ആണ്. അതില്‍ കാടുകുറ്റി ഭാഗത്തെ നീളം 157.22 മീറ്റരും മുരിങ്ങൂര്‍ ഭാഗത്തെ നീളം 138.44 മീറ്ററുമാണ്. ദേശീയപാത 47നെയും 17നെയും ബന്ധിപ്പിക്കുന്ന റോഡാണ് ഇതിലൂടെ കടന്നുപോകുന്നത്. ഒക്ടോബര്‍ മൂന്നിന് ഉച്ചക്ക് ഒന്നിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യുമെന്ന് ബി.ഡി. ദേവസി എം.എല്‍.എ അറിയിച്ചു. 14ന് വൈകീട്ട് മൂന്നിന് മുരിങ്ങൂര്‍ ചീനിക്കല്‍ ഭഗവതി ക്ഷേത്രം സമാജം ഹാളില്‍ ഉദ്ഘാടനത്തോടനുബന്ധിച്ച സംഘാടകസമിതി യോഗം ചേരും. ബന്ധപ്പെട്ട മുഴുവന്‍ പേരും യോഗത്തില്‍ പങ്കെടുക്കണമെന്ന് എം.എല്‍.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.