തൃശൂര്‍: ഗവര്‍ണറുടെ നയപ്രഖ്യാപനവും മന്ത്രിയുടെ ഉറപ്പും ജലരേഖയായി. ന്യൂനപക്ഷ ക്ഷേമ വകുപ്പിന്‍െറ ജില്ലാ ഓഫിസുകള്‍ ആരംഭിക്കാനുള്ള നടപടി ചുവപ്പുനാടയില്‍ കുടുങ്ങി. ധനവകുപ്പിന്‍െറ എതിര്‍പ്പാണ് പ്രധാന തടസ്സമെന്നാണ് വിവരം. ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ ന്യൂനപക്ഷ ക്ഷേമ സെല്‍ മാത്രമാണ് നിലവില്‍ ജില്ലാ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്. കലക്ടറുടെ ചുമതലയിലുള്ള സെല്ലില്‍ ഒരു ജൂനിയര്‍ സൂപ്രണ്ടും ഒരു ക്ളര്‍ക്കും മാത്രമാണുള്ളത്. ന്യൂനപക്ഷങ്ങള്‍ക്ക് ഭവന നിര്‍മാണ സഹായവും കരിയര്‍ ഗൈഡന്‍സുമുള്‍പ്പെടെ നിരവധി പദ്ധതികള്‍ നടപ്പാക്കാന്‍ നിയോഗിക്കപ്പെട്ട സെല്ലിന്‍െറ പ്രവര്‍ത്തനം ജീവനക്കാരില്ലാത്തതിനാല്‍ അപര്യാപ്തമാണ്. ന്യൂനപക്ഷ വിഭാഗങ്ങളുടെ സാമൂഹിക-സാമ്പത്തിക -വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നടപ്പാക്കുന്ന പദ്ധതികളുടെ ഏകോപനവും മേല്‍നോട്ടവും ന്യൂനപക്ഷ വിഭാഗങ്ങളുടെ ശാക്തീകരണവും എന്ന ലക്ഷ്യത്തോടെയാണ് വകുപ്പിന് രൂപം നല്‍കുന്നതെന്നാണ് വകുപ്പ് മന്ത്രി നിയമസഭയില്‍ പറഞ്ഞത്. എന്നാല്‍, രണ്ടുവര്‍ഷം കഴിഞ്ഞിട്ടും സെല്ലിന് ശാപമോക്ഷമായില്ല. നിയമസഭയുടെ ഏഴാം സമ്മേളനത്തില്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ ന്യൂനപക്ഷ വകുപ്പിന് ജില്ലാ ഓഫിസുകളും പ്രോജക്ട് ഓഫിസുകളും ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചതും വെറുതെയായി. ന്യൂനപക്ഷ വിഭാഗത്തിലെ വിധവകള്‍ക്കും വിവാഹ ബന്ധം വേര്‍പ്പെടുത്തിയവര്‍ക്കും ഭര്‍ത്താവ് ഉപേക്ഷിച്ചവര്‍ക്കും ഭവന നിര്‍മാണ സഹായം നല്‍കുക, കരിയര്‍ ഗൈഡന്‍സ് ക്ളാസ് സംഘടിപ്പിക്കുക, ന്യൂനപക്ഷ സഹായ സംഘങ്ങളുടെ പ്രവര്‍ത്തനം പരിശോധിക്കുക, പി.എസ്.സി-യു.പി.എസ്.സി പരീക്ഷാ പരിശീലനങ്ങള്‍ക്ക് നേതൃത്വം നല്‍കുക എന്നിവയാണ് ജില്ലയിലെ സെല്ലിന്‍െറ ചുമതല. ന്യൂനപക്ഷ ക്ഷേമത്തിന് അനുവദിച്ച കോടിക്കണക്കിന് രൂപ കഴിഞ്ഞ വര്‍ഷങ്ങളില്‍ പാഴാക്കിയിരുന്നു. 2014-15 സാമ്പത്തിക വര്‍ഷത്തില്‍ 130 കോടി അനുവദിച്ചതില്‍ 15.4 കോടി മാത്രമാണ് ചെലവഴിച്ചത്. ന്യൂനപക്ഷ ക്ഷേമവകുപ്പില്‍ ഉദ്യോഗസ്ഥരെ നിയമിക്കുമെന്ന് സര്‍ക്കാര്‍ പറയാന്‍ തുടങ്ങിയിട്ട് നാളേറെയായി. ഡയറക്ടറേറ്റില്‍ നിന്ന് ഉത്തരവ് ഇറങ്ങുന്നത് കാത്തിരിക്കുകയാണ് സെല്ലിലെ ജീവനക്കാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.