കൂടല്‍മാണിക്യം ക്ഷേത്രം പൊതുവഴി അടച്ച സംഭവം: കോണ്‍ഗ്രസില്‍ ഭിന്നത

ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിന്‍െറ തെക്കേ ഇടവഴി അടച്ചുകെട്ടി സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ച ദേവസ്വം ഭരണ സമിതിയുടെ നടപടിയെ ചൊല്ലി കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ ഭിന്നത. ദേവസ്വം നടപടി തെറ്റാണെന്നും വഴി ഉടന്‍ തുറന്നുകൊടുക്കണമെന്നും ആവശ്യപ്പെട്ട് പ്രസ്താവനയിറക്കിയ കെ.പി.സി.സി ജനറല്‍ സെക്രട്ടറി എം.പി. ജോക്സനെതിരെ ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. എം.എസ്. അനില്‍കുമാര്‍ രംഗത്തത്തെി. കോണ്‍ഗ്രസ് ദേവസ്വം ഭരണസമിതിക്ക് എതിരാണെന്ന രീതിയിലുള്ള വാര്‍ത്തകള്‍ വസ്തുവിരുദ്ധമാണെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഏതെങ്കിലും തലത്തില്‍ കോണ്‍ഗ്രസ് നേതൃയോഗം വിളിച്ചു ചേര്‍ക്കുകയോ ക്ഷേത്രവുമായി ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തുകയോ ചെയ്യാതെയാണ് കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവനയെന്ന് അഡ്വ. എം.എസ്. അനില്‍കുമാര്‍ പറഞ്ഞു. ഇരിക്കുന്ന കസേരയുടെ വലുപ്പം മനസ്സിലാക്കാതെ ആരെങ്കിലും കോണ്‍ഗ്രസിന്‍െറ ചെലവില്‍ പ്രസ്താവനകളും പ്രഖ്യാപനങ്ങളും നടത്തേണ്ടതില്ല. കൂടല്‍മാണിക്യം ക്ഷേത്രവുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ നിജസ്ഥിതി പരിശോധിച്ചുവേണമായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ വാര്‍ത്താസമ്മേളനം നടത്താന്‍. കോണ്‍ഗ്രസിന്‍െറ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്‍ വര്‍ഷങ്ങളോളം നിസ്വാര്‍ഥരായി പ്രവര്‍ത്തിച്ചവരില്‍ നിന്നാണ് ഭരണസമിതിയംഗങ്ങളെ തെരഞ്ഞെടുത്തത് എന്നത് ഓര്‍ക്കണമായിരുന്നു. ഇടവഴി അടച്ചുകെട്ടി യാത്രാ സൗകര്യം തടസ്സപ്പെടുത്തി എന്നത് നിക്ഷിപ്ത താല്‍പര്യക്കാരുടെ അപവാദ പ്രചാരണം മാത്രമാണെന്നും അനില്‍കുമാര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ കര്‍ഷക കോണ്‍ഗ്രസ് മുന്‍ ജില്ലാ പ്രസിഡന്‍റ് എന്‍.എം. ബാലകൃഷ്ണനും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.