‘ന്തൂട്ടാ’ നാട്ടില്‍ ഒരു തമിഴ് പേച്ച്; നാന്‍ ഉങ്കളിലൊരുവന്‍...

തൃശൂര്‍: ‘ന്തൂട്ടാ’ പോലെ കുറുക്കിയും ഒടിച്ചും മലയാളം പ്രയോഗിക്കുന്ന ‘തൃശോരില്‍’ തമിഴ് പേച്ചുമായി ഒരു സ്ഥാനാര്‍ഥി. ‘നാടിന്‍ നന്മക്കായ് ഉങ്കളിലൊരുവിന്‍, നാടിന്‍ നന്‍പന്‍... വീരഭദ്രന്‍’. അനൗണ്‍സ്മെന്‍റ് കേട്ടാല്‍ തമിഴ്നാട്ടിലത്തെിയോ എന്ന സംശയം വേണ്ട. തൃശൂരിലെ പുത്തൂര്‍ പഞ്ചായത്ത് മൂന്നാം വാര്‍ഡ് ചന്ദനക്കുന്നിലാണ് തമിഴ്നാട് തെങ്കാശി സ്വദേശി വി.എം. വീരഭദ്രന്‍ ബി.ജെ.പിക്കു വേണ്ടി ജനവിധി തേടുന്നത്. കൂലിത്തൊഴിലിന് മാത്രമല്ല, രാഷ്ട്രീയത്തിലും ഇതര സംസ്ഥാനക്കാര്‍ക്ക് സാധ്യതയുണ്ടെന്നറിഞ്ഞാണ് പാര്‍ട്ടി ഇത്തരമൊരു പരീക്ഷണത്തിന് മുതിര്‍ന്നത്. വീരഭദ്രനാകട്ടെ, രാഷ്ട്രീയാനുഭവം കന്നിയുമല്ല. തെങ്കാശിയില്‍ നിന്ന് തൃശൂരിലേക്ക് വണ്ടി കയറുന്നതിന് മുമ്പ് അവിടെ മത്സരിച്ച് ജയിച്ച പാരമ്പര്യമുണ്ട്. അവിടെയും ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്നു. 15 വര്‍ഷമായി വീരഭദ്രന്‍ ചന്ദനക്കുന്നില്‍ താമസമാക്കിയിട്ട്. ജന്മം കൊണ്ട് പരദേശിയാണെങ്കിലും വാര്‍ഡിലെ മുഴുവന്‍ വീടുകളിലും വീരഭദ്രന് നല്ല ബന്ധമുണ്ടെന്നും അതാണ് സ്ഥാനാര്‍ഥിയായി പരിഗണിക്കാന്‍ കാരണമെന്നും ബി.ജെ.പി നേതൃത്വം പറയുന്നു. സി.പി.എം പ്രതിനിധിയാണ് നിലവിലെ മെംബര്‍. മലയാള നാട്ടില്‍ ഒന്നര പതിറ്റാണ്ടിന്‍െറ ജീവിതപരിചയം ഉണ്ടായിട്ടും വീരഭദ്രന്‍െറ നാവിന് പഥ്യം തമിഴ് തന്നെ. മലയാളം അസ്സലായി മനസ്സിലാകും. പക്ഷേ, പറഞ്ഞ് ഫലിപ്പിക്കാന്‍ പാടുപെടണം. എന്നുവെച്ച് വിട്ടുകൊടുക്കാന്‍ തയാറല്ല. അറിയാവുന്ന മലയാളത്തില്‍ വോട്ടഭ്യര്‍ഥിച്ച് കളം നിറയുകയാണ്. ‘കോണ്‍ഗ്രസും സി.പി.എമ്മും ജയിച്ചാല്‍ അവരുടെ മുറ്റം മാത്രം നന്നാക്കും, ഞാന്‍ ജയിച്ചാലോ നാട് നന്നാക്കും’ -ഇതാണ് വീരഭദ്രന്‍ കൊടുക്കുന്ന വാക്ക്. വീരഭദ്രന് വോട്ടു പിടിക്കാന്‍ ഭാര്യയും രണ്ട് മക്കളും ഇറങ്ങിയിട്ടുണ്ട്. അതേസമയം, ബി.ജെ.പിയുടെ ഈ പ്രയോഗത്തെ രാഷ്ട്രീയമായി നേരിടാന്‍ യു.ഡി.എഫും എല്‍.ഡി.എഫും കച്ച മുറുക്കിയതോടെ മത്സരം പൊടിപാറുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.