ഒരുമനയൂരില്‍ ചിത്രം മാറും; പോരാട്ടമൊരുക്കി സേവ് കോണ്‍ഗ്രസ്

ഒരുമനയൂര്‍: ഒരുമനയൂര്‍ ഗ്രാമപഞ്ചായത്തിലെ നാല് വാര്‍ഡുകളില്‍ ഇത്തവണ യു.ഡി.എഫ് വെള്ളംകുടിക്കും. നാല്, എട്ട്, ഒമ്പത്, 11വാര്‍ഡുകളിലാണ് യു.ഡി.എഫ് കടുത്ത മത്സരം നേരിടുന്നത്. എട്ട്, ഒമ്പത് വാര്‍ഡുകളില്‍ കോണ്‍ഗ്രസിന് വെല്ലുവിളി ഉയര്‍ത്തി സേവ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ പ്രചാരണ രംഗത്ത് സജീവമായി. ഇടതുപക്ഷ പിന്തുണയോടെ സ്വതന്ത്രന്മാരായാണ് സേവ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നത്. അതുകൊണ്ട് ഇവിടെ നേര്‍ക്കുനേര്‍ പോരാട്ടത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. നേരത്തേ ഡി.ഐ.സി ടിക്കറ്റില്‍ വിജയിക്കുകയും 2005ല്‍ എട്ടാം വാര്‍ഡില്‍നിന്ന് വിജയിച്ച് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ പി.കെ. നിസാറാണ് ഒമ്പതാം വാര്‍ഡില്‍ സേവ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. ഇവിടെ യു.ഡി.എഫിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഹംസക്കുട്ടിയോടാണ് ഏറ്റുമുട്ടുന്നത്. മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് റജീനയുടെ ഭര്‍ത്താവും കോണ്‍ഗ്രസ് ഒരുമനയൂര്‍ മണ്ഡലം സെക്രട്ടറിയുമായ പി.പി. മൊയ്നുദ്ദീനാണ് എട്ടാം വാര്‍ഡില്‍ മത്സരിക്കുന്നത്. ശക്തനായ എതിരാളിയായി സേവ് കോണ്‍ഗ്രസുകാരനും ഒരുമനയൂര്‍ മര്‍ച്ചന്‍റ് അസോസിയേഷന്‍ പ്രസിഡന്‍റുമായ എ.ടി. മൊയ്നുദ്ദീന്‍ അങ്കക്കളത്തിലുണ്ട്. കഴിഞ്ഞ തവണ ലീഗ് ജയിച്ച 11ാം വാര്‍ഡ് ഇത്തവണ രൂക്ഷ പോരാട്ടത്തിനാണ് സാക്ഷ്യംവഹിക്കുക. സി.പി.എം മത്സരിച്ചിരുന്ന ഈ വാര്‍ഡ് ഏറെ സമ്മര്‍ദം ചെലുത്തി ഇത്തവണ ഈ സീറ്റ് സി.പി.ഐ സ്വന്തമാക്കിയിരിക്കുകയാണ്. ഇവിടെ പഴയതും പുതിയതുമായ പള്ളികമ്മിറ്റി പ്രശ്നങ്ങള്‍ നിരത്തി വോട്ടുപിടിക്കാനുള്ള ശ്രമത്തിലാകും ഇരുകക്ഷികളും. സ്ഥാനം നിലനിര്‍ത്താന്‍ ലീഗും പിടിച്ചെടുക്കാന്‍ സി.പി.ഐയും രംഗത്ത് സജീവമാണ്. നാലാം വാര്‍ഡ് നിലവില്‍ ലീഗിന്‍േറതാണ്. എന്നാല്‍, സാമൂഹിക പ്രവര്‍ത്തകയായ മുംതാസ് കരീമിനെ വെല്‍ഫെയര്‍ പാര്‍ട്ടി സഥാനാര്‍ഥിയാക്കിയത് ലീഗിന്‍െറ വോട്ട് കോട്ടയില്‍ വിള്ളല്‍ വീഴ്ത്തുമെന്നാണ് സൂചന. നശ്റ മുഹമ്മദ് മോനാണ് ലീഗ് സ്ഥാനാര്‍ഥി. മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ട ഇടത് ഇത്തവണ തിരിച്ചുവരവിന്‍െറ പാതയിലാണ്. ബി.ജെ.പി തരംഗമാണ് ആറാം വാര്‍ഡില്‍. നേരിയ ഭൂരിപക്ഷത്തിനാണ് സിപി.എമ്മിലെ വി.കെ. ചന്ദ്രന്‍ നേരത്തെ ജയിച്ചത്. ഇപ്പോള്‍ ബി.ജെ.പിയിലെ സിന്ധു അശോകനും സി.പി.എം സ്വതന്ത്രയായി സുമ ടീച്ചറും കോണ്‍ഗ്രസിലെ റീനാ ബര്‍ണാണ്ടസുമാണ് ജനവിധി തേടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.