തൃശൂര്‍: മൂന്നാംമുന്നണി കേരളത്തില്‍ യാഥാര്‍ഥ്യമാകില്ളെന്നും അത് സോപ്പുകുമിളയാണെന്ന് ബോധ്യപ്പെട്ടതായും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തൃശൂര്‍ പ്രസ്ക്ളബിന്‍െറ ‘നിലപാട് 2015’ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങള്‍ ഊതിവീര്‍പ്പിച്ച ബലൂണ്‍ മാത്രമാണ് മൂന്നാംമുന്നണി. കേരള നിയമസഭയില്‍ ഒരുസീറ്റ് പോലും നേടാനാവാത്ത ബി.ജെ.പിയും ഇതുവരെ പാര്‍ട്ടി പോലും രൂപവത്കരിച്ചിട്ടില്ലാത്ത എസ്.എന്‍.ഡി.പിയും ചേര്‍ന്നുള്ള മൂന്നാംമുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരാകുമെന്ന് ചര്‍ച്ച ചെയ്യാന്‍ മാധ്യമങ്ങള്‍ മൂന്ന് ദിവസമാണ് മാറ്റിവെച്ചത്. സാമുദായിക സംഘടനകളുടെ രാഷ്ട്രീയപാര്‍ട്ടികള്‍ തകര്‍ന്ന ചരിത്രമാണ് കേരളത്തിലുള്ളത്. ഭരണത്തുടര്‍ച്ചയുണ്ടാകുമെന്നാണ് ഉമ്മന്‍ചാണ്ടി പറയുന്നത്. സ്വപ്നം കാണാന്‍ ലൈസന്‍സ് വേണ്ട. ഫലം വരുമ്പോള്‍ അരുവിക്കരയല്ല കേരളമെന്ന് ബോധ്യപ്പെടും -അദ്ദേഹം പറഞ്ഞു. എസ്.എന്‍.ഡി.പിയുമായി ചര്‍ച്ച ചെയ്ത് എല്‍.ഡി.എഫ് ഒരുസ്ഥാനാര്‍ഥിയെയും നിര്‍ത്തിയിട്ടില്ല. എസ്.എന്‍.ഡി.പി ഒൗദ്യോഗിക നേതൃത്വം ഒരുകാലത്തും ഇടതുമുന്നണിയെ അനുകൂലിച്ചിട്ടില്ല. എന്നാല്‍, ആ സമുദായത്തിലെ ഭൂരിപക്ഷം അംഗങ്ങളും ഞങ്ങള്‍ക്കൊപ്പമായിരുന്നു. എസ്.എന്‍.ഡി.പിക്ക് കേരള രാഷ്ട്രീയത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിയില്ളെന്നാണോ അഭിപ്രായം എന്ന ചോദ്യത്തിന് അങ്ങനെ വ്യാഖ്യാനിക്കേണ്ടെന്നായിരുന്നു മറുപടി. സ്വാധീനമുണ്ടാക്കാനുള്ള ജാതി-മത സംഘടനകളുടെ ശ്രമം ഗൗരവമായി കാണണം. വര്‍ഗീയതക്കെതിരെ ജനങ്ങളെ അണിനിരത്തണം. വര്‍ഗീയതയിലൂന്നി ആര്‍.എസ്.എസും ബി.ജെ.പിയും മുന്നോട്ട് പോവുകയാണ്. ഗോഡ്സെയെ തൂക്കിക്കൊന്ന ദിനം രക്തസാക്ഷിദിനമായി ആചരിക്കുന്നു, ദലിതരായ പിഞ്ചുകുഞ്ഞുങ്ങളെ ചുട്ടുകൊല്ലുന്നു. ആര്‍.എസ്.എസിന്‍െറ വിഷലിപ്തമായ ആശയങ്ങളും മോദിയുടെ പിന്തുണയുമാണ് ഇതിന് കരുത്ത്. വിദ്വേഷത്തിന്‍െറ പ്രത്യയശാസ്ത്രമാണ് അവര്‍ പ്രചരിപ്പിക്കുന്നത്. ജൈനമതവുമായി ബന്ധപ്പെട്ടാണ് ബീഫ് നിരോധം വന്നത്. എന്നാല്‍ ആ മതസ്ഥരില്ലാത്തയിടങ്ങളിലാണ് ബീഫ് നിരോധിച്ചത്. എന്തുകഴിക്കണമെന്ന് തീരുമാനിക്കേണ്ടത് വ്യക്തിയാണ്. ആരോഗ്യപരമായ കാരണങ്ങളാല്‍ ഒരാള്‍ക്ക് ആഹാരം ഉപേക്ഷിക്കാന്‍ അവകാശമുണ്ടെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, പ്രസ്ക്ളബ് സെക്രട്ടറി കെ.സി. അനില്‍കുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.