കോണ്‍ഗ്രസില്‍ വെടിനിര്‍ത്തല്‍

തൃശൂര്‍: മേയര്‍ സ്ഥാനാര്‍ഥിയെ മുമ്പ് പ്രഖ്യാപിച്ചുള്ള പ്രചാരണ രീതി ഒഴിവാക്കാന്‍ തിങ്കളാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് ജില്ലാ നേതൃയോഗത്തില്‍ ധാരണ. സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് ആസ്ഥാനത്ത് ചൊവ്വാഴ്ച പ്രഖ്യാപിക്കും. മന്ത്രി സി.എന്‍.ബാലകൃഷ്ണന്‍െറ മകള്‍ സി.ബി.ഗീതയുടെ സ്ഥാനാര്‍ഥിത്വത്തില്‍ ഐ ഗ്രൂപ്പില്‍ തന്നെ അതൃപ്തി പ്രകടമായ സാഹചര്യത്തിലാണ് പുതിയ തീരുമാനം. തെരഞ്ഞെടുപ്പിന് ശേഷം മാത്രമെ മേയര്‍ ആരെന്ന് പ്രഖ്യാപിക്കൂ എന്ന് ഡി.സി.സി പ്രസിഡന്‍റ് ഒ.അബ്ദുറഹിമാന്‍കുട്ടി പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായുള്ള സീറ്റ്, സ്ഥാനാര്‍ഥി തര്‍ക്കങ്ങളില്‍ കെ.പി.സി.സിയും അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ജില്ലയിലെ പ്രശ്നങ്ങള്‍ ജില്ലയില്‍ തന്നെ പരിഹാരമുണ്ടാക്കാനാണ് കെ.പി.സി.സി പ്രസിഡന്‍റ് വി.എം.സുധീരന്‍ നിര്‍ദേശിച്ചത്. നിലവിലുള്ള ഗ്രൂപ്പ് സമവാക്യത്തില്‍ തന്നെ മത്സരിക്കും. ഐ ഗ്രൂപ്പിന് 30 സീറ്റും എ ഗ്രൂപ്പിന് 17 സീറ്റും 8 സീറ്റുകള്‍ ഘടകകക്ഷികളുമാണ് മത്സരിക്കുന്നത്. അഞ്ച് വര്‍ഷവും ഗീത മേയറാകുമെന്ന ധാരണയിലായിരുന്നു, ഇരു ഗ്രൂപ്പുകളും നേരത്തെ സമവായത്തിലത്തെിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന എ ഗ്രൂപ്പ് നേതാക്കളുടെ കൂടിച്ചേരലിലാണ് സാഹചര്യം മാറിയത്. മൂന്നുവര്‍ഷം ഐ ഗ്രൂപ്പ് മേയറായിരുന്ന ഐ.പി.പോളിന്‍െറ കാലത്ത് നഗരത്തില്‍ സംഭവിച്ചത് വട്ടപൂജ്യമായിരുന്നുവെന്നും, ഒന്നര വര്‍ഷത്തെ എ ഗ്രൂപ്പ് മേയറുടെ നേട്ടമാണ് തെരഞ്ഞെടുപ്പിലെ വിജയഘടകമെന്നും എ ഗ്രൂപ്പ് നേതാക്കള്‍ ഉന്നയിച്ചു. മാത്രവുമല്ല, മേയര്‍ പദവിയില്‍ ശോഭിച്ച രാജന്‍ പല്ലന്‍ ഗീതയുടെ കീഴില്‍ വരുന്നതിനെയും നേതാക്കള്‍ തന്നെ എതിര്‍ത്തു. ഇതേ തുടര്‍ന്നായിരുന്നു അഞ്ച് വര്‍ഷമെന്ന ഗീതയുടെ കാലാവധിക്ക് മേല്‍ സമ്മര്‍ദമുണ്ടാക്കാന്‍ സ്ഥാനാര്‍ഥിത്വം തന്നെ വിവാദമാക്കിയത്. മേയര്‍, ഡെപ്യൂട്ടി മേയര്‍ ആരെന്ന് തെരഞ്ഞെടുപ്പിന് ശേഷം പറഞ്ഞാല്‍ മതിയെന്ന് നേതൃയോഗത്തില്‍ ധാരണയായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.