റെയില്‍വേ ബജറ്റ്: പരിഗണിക്കാനുള്ള നിര്‍ദേശങ്ങള്‍ എം.പി. കൈമാറി

തൃശൂര്‍: റെയില്‍വേ ബജറ്റ് തയാറാക്കുന്നതിന്‍െറ മുന്നോടിയായി 16ന് തിരുവന്തപുരത്ത് നടക്കുന്ന ഡിവിഷന്‍തല യോഗത്തില്‍ പരിഗണിക്കാന്‍ സി.എന്‍. ജയദേവന്‍ എം.പിയും തൃശൂര്‍ റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷനും നിര്‍ദേശങ്ങള്‍ കൈമാറി. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് സൗകര്യമാവുന്ന വിധത്തില്‍ വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് പ്രതിവാര ട്രെയിനും പൊള്ളാച്ചി പാതയിലൂടെ രാമേശ്വരം-ഗുരുവായൂര്‍ ട്രെയിന്‍ അനുവദിക്കണമെന്നുമുള്ള 15 ഇന ആവശ്യങ്ങളാണ് എം.പി മുന്നോട്ട് വെച്ചത്. തൃശൂര്‍ ദിവാന്‍ജിമൂല റെയില്‍വേ മേല്‍പാലം വീതി കൂട്ടല്‍, ഗുരുവായൂര്‍ റെയില്‍വേ മേല്‍പാലം പദ്ധതികളും ഗുരുവായൂര്‍-തിരുനാവായ റെയില്‍പാതയും നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. ഗതാഗത പ്രശ്നം ഒഴിവാക്കാന്‍ ഷൊര്‍ണൂര്‍-എറണാകുളം റൂട്ടില്‍ ഹെവി ട്രാഫിക് ലൈനും ഓട്ടോമാറ്റിക് സിഗ്നല്‍ സംവിധാനവും വേണം. എറണാകുളം കേന്ദ്രീകരിച്ച് ആരംഭിച്ച ലോക്കല്‍ ഏരിയാ സര്‍വീസ് തൃശൂരിലേക്ക് നീട്ടണം. പാസഞ്ചര്‍ ട്രെയിനുകളുടെ കോച്ച് വര്‍ധിപ്പിക്കണമെന്നും ഡീ-റിസര്‍വ്ഡ് കോച്ചുകള്‍ അനുവദിക്കണമെന്നും തത്സമയം റിസര്‍വ് ചെയ്യാന്‍ സൗകര്യമൊരുക്കണമെന്നും ആവശ്യപ്പെട്ടു. എറണാകുളം-സേലം-എറണാകുളം പ്രതിദിന ട്രെയിന്‍ വേണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ട്രെയിന്‍ സമയമാറ്റം യാത്രക്കാര്‍ക്കുണ്ടാക്കിയ അസൗകര്യങ്ങള്‍ എം.പി. ചൂണ്ടിക്കാട്ടി. റെയില്‍വേ ബജറ്റിനുള്ള ഡിവിഷനല്‍തല പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച സാഹചര്യത്തില്‍ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട തൃശൂര്‍ റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും റെയില്‍വേയുടെ ചുമതലയുള്ള മന്ത്രി ആര്യാടന്‍ മുഹമ്മദിനും തിരുവനന്തപുരം ഡിവിഷനല്‍ റെയില്‍വേ മാനേജര്‍ സുനില്‍ ബാജ്പേയിക്കും സി.എന്‍. ജയദേവന്‍ എം.പിക്കും നിവേദനം നല്‍കി. റെയില്‍വേ വികസന പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന് ഇതര സംസ്ഥാനങ്ങളുടെ മാതൃകയില്‍ കേരളവും റെയില്‍വേയുമായി ധാരണാപത്രം വേണമെന്നാണ് മുഖ്യആവശ്യം. എറണാകുളം -ഷൊര്‍ണൂര്‍ മേഖലയില്‍ മൂന്നും നാലും പാതകള്‍ക്കുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക, ഓട്ടോമാറ്റിക് ഡിഗ്നലിങ് നടപ്പാക്കുക, രാവിലെയും വൈകീട്ടും സ്ഥിരം യാത്രക്കാരുടെ വണ്ടികള്‍ക്ക് മുന്‍ഗണന നല്‍കുക, പാലക്കാട്, കൊല്ലം മെമു ഷെഡുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിപ്പിച്ച് മെമു സര്‍വിസ് വ്യാപകമാക്കുക, മെമു വണ്ടികള്‍ ആഴ്ചയില്‍ എല്ലാ ദിവസവും ഓടിക്കുക, പാസഞ്ചര്‍ വണ്ടികളിലെ കോച്ചുകള്‍ വര്‍ധിപ്പിക്കുക, ഹ്രസ്വദൂര യാത്രക്കാര്‍ക്കായി കൂടുതല്‍ വണ്ടികളില്‍ ‘ഡീ റിസര്‍വ്ഡ്’ കോച്ചുകള്‍ ഏര്‍പ്പെടുത്തുക, തത്സമയ റിസര്‍വേഷന്‍ സൗകര്യം വിപുലീകരിക്കുകയും ചെയ്യുക എന്നിവ നിര്‍ദേശങ്ങളില്‍പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.