ബീറ്റ് ബുക്കില്‍ ഒപ്പിടാന്‍ നെട്ടോട്ടം; കള്ളനെപ്പിടിക്കാന്‍ സമയമില്ലാതെ പൊലീസ്

ചാവക്കാട്: ബീറ്റ് ബുക്കില്‍ ഒപ്പിടാന്‍ നിര്‍ബന്ധിക്കുന്നത് പൊലീസിന് തലവേദനയാകുന്നു. ബീറ്റ് ബുക്കില്‍ നിശ്ചിത സമയത്തിനുള്ളില്‍ നിര്‍ബന്ധമായും ഒപ്പിടണമെന്നത് ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശമാണ്. ദിവസവും രാത്രി 12 നു ശേഷം എത്ര ബുക്കില്‍ ഒപ്പിട്ടുവെന്നറിയിക്കണം. കണക്ക് കുറഞ്ഞാല്‍ തൃശൂരിലേക്ക് വിളിപ്പിച്ച് അന്നത്തെ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മാര്‍ച്ചില്‍ പങ്കെടുപ്പിച്ചുള്ള ശിക്ഷ നല്‍കുമത്രേ.രാത്രിയില്‍ ഒരു ജീപ്പ് പുറത്തെടുക്കാനാണ് അനുവാദമുള്ളത്. ഈ വാഹനത്തില്‍ മൂന്നും നാലും പൊലീസുകാരാണ് ബീറ്റ് ബുക്കുകളില്‍ ഒപ്പിടാനായി പരക്കം പായുന്നത്. ഇതിനിടയില്‍ കാണുന്നവരെ ശരിക്കൊന്നു നോക്കാന്‍ പോലും ഇവര്‍ക്ക് സമയം കിട്ടാറില്ല. ചാവക്കാട് പൊലീസ് സ്റ്റേഷന്‍െറ പരിധിയില്‍ 45 ഓളം ബീറ്റ് ബുക്കാണ് രാത്രി 10മണിക്കു ശേഷം ഒപ്പിടാനുള്ളത്. വടക്കേക്കാട് പൊലീസിനു ഇത് 35ഓളം വരും. കടപ്പുറം അഞ്ചങ്ങാടി മുതല്‍ എടക്കഴിയൂര്‍ ഭാഗത്തെയും, മുതുവട്ടൂര്‍ മുതല്‍ ഒരുമനയൂര്‍ വരേയും ചാവക്കാട് നഗരത്തിലും ഏനാമാവ് റോഡ്, കുന്നംകുളം റോഡ്, ബൈപ്പാസ് റോഡുകളിലുള്‍പ്പെടെയുള്ള വിവധ ജ്വല്ലറികള്‍, ധനകാര്യ സ്ഥാപനങ്ങള്‍, എ.ഡി.എം കൗണ്ടറുകള്‍, ബാങ്കുകള്‍ എന്നിവിടങ്ങളില്‍ വെച്ചിട്ടുള്ള ബുക്കിലാണ് ചാവക്കാട് പൊലീസിനു ദിവസവും ഒപ്പിടാനുള്ളത്. വടക്കേക്കാട് പൊലീസിനാകട്ടെ വടക്കേകാട് പഞ്ചായത്തിലെ അഞ്ഞൂര്‍ മുതല്‍ മലപ്പുറം ജില്ലാ അതിര്‍ത്തിയായ വന്നേരി വരേയും, ദേശീയ പാതയില്‍ അണ്ടത്തോടു മുതല്‍ മന്ദലാംകുന്ന് വരേയും പുഴിക്കള മുതല്‍ പുന്നയൂര്‍ എടക്കരവരേയുമുള്ള വിവിധ സ്ഥാപനങ്ങളും എ.ടി.എം കൗണ്ടറുകളും കയറിയിറങ്ങേണ്ടതുണ്ട്. അടുത്തിടെ ചാവക്കാട് നഗരത്തിലുള്‍പ്പെടെ പള്ളികളില്‍ നിന്നും ക്ഷേത്രങ്ങളില്‍ നിന്നും ഭണ്ഡാരം കവര്‍ച്ച നടത്തിയത് പൊലീസിന്‍െറ നീക്കം കണ്ടാകാമെന്നാണ് സൂചന. സംശയാസ്പദമായി ആരെയെങ്കിലും കണ്ടാല്‍ ചോദ്യം ചെയ്യാനും സ്റ്റേഷനിലത്തെിക്കാനും മനസ്സുവരാതെയാണ് പൊലീസ് പരക്കം പായുന്നത്. പുതിയ പൊലീസ് മേധാവി ചാര്‍ജെടുത്തതോടെ ബീറ്റ് ബുക്കില്‍ ഒപ്പിടുന്നത് കര്‍ശനമാക്കി. നേരത്തെ മറ്റു ജോലികള്‍ക്കിടിലാണ് സമയം കണ്ടത്തെിയിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.