പച്ചപ്പിന്‍െറ പാഠം പഠിപ്പിച്ച ഗുരുവിന് ലോകത്തിന്‍െറ ആദരം

വാടാനപ്പള്ളി: കുഞ്ഞുങ്ങള്‍ക്ക് പച്ചപ്പിന്‍െറയും മണ്ണിന്‍െറയും നല്ല പാഠങ്ങള്‍ പകര്‍ന്ന അധ്യാപകന് ലോകത്തിന്‍െറ ആദരം. വ്യവസ്ഥാപിത പാഠ്യപദ്ധതിക്ക് പുറമെ പ്രകൃതി സംരക്ഷണത്തെയും മാതൃസ്നേഹത്തെയും പറ്റി വിദ്യാര്‍ഥികള്‍ക്കിടയില്‍ അവബോധം വളര്‍ത്തി ലോക ശ്രദ്ധ നേടിയ തൃത്തല്ലൂര്‍ യു.പി സ്കൂളിലെ അധ്യാപകന്‍ കെ.എസ്. ദീപന് ‘ഗ്ളോബല്‍ ടീച്ചര്‍ റോള്‍ മോഡല്‍ അവാര്‍ഡ് സമ്മാനിക്കും. പരിസ്ഥിതി രംഗത്ത് ദീപനും വിദ്യാര്‍ഥികളും കാഴ്ചവെച്ചത് വേറിട്ട പ്രവര്‍ത്തനം. ഗ്രീന്‍ പൊലീസ് രൂപവത്കരിച്ച് അദ്ദേഹത്തിന്‍െറ വിദ്യാര്‍ഥികള്‍ പ്രാദേശിക പരിസ്ഥിതി വിഷയങ്ങളില്‍ ഇടപെട്ടു. രാഷ്ട്രീയക്കാരും ജനപ്രതിനിധികളും തിരിഞ്ഞുനോക്കാതിരുന്ന കുടിവെള്ളപ്രശ്നം ദിവസങ്ങള്‍ക്കുള്ളില്‍ പരിഹരിച്ച് നാട്ടുകാര്‍ക്ക് വെള്ളമത്തെിച്ചു. സ്കൂള്‍ ഒൗഷധത്തോട്ടം ആദ്യം നടപ്പാക്കിയതും അദ്ദേഹത്തിന്‍െറ നേതൃത്വത്തിലായിരുന്നു. ഹരിത ക്ളാസ് റൂം പ്രാവര്‍ത്തികമാക്കി വിദ്യാര്‍ഥികള്‍ക്ക് പരിസ്ഥിതി സംരക്ഷണത്തിന്‍െറ ആദ്യപാഠം പകര്‍ന്നു. സ്കൂള്‍ അസംബ്ളിക്ക് ജൈവ പന്തല്‍ ഒരുക്കുകയും പ്രൃകൃതി സ്നേഹത്തിന്‍െറ വിത്തുപാകാന്‍ ‘ജീവന്‍ ജീവന്‍െറ ജീവന്‍’ ക്ളബും അദ്ദേഹം രൂപവത്കരിച്ചു. നെല്ലി പ്രചാരണം, സംസ്ഥാന പുഷ്പ പ്രചാരണം, യാചകരെ സഹായിക്കല്‍, അമ്മക്കൊരു കവിള്‍ കഞ്ഞി പദ്ധതി, ഒരുമയുടെ പരിസ്ഥിതി കൂട്ടായ്മ, മുള മഹോത്സവം തുടങ്ങി പ്രകൃതിയും മനുഷ്യത്വവും കലര്‍ന്ന എല്ലാ പോരാട്ടങ്ങളിലും ദീപന്‍ മാസ്റ്റര്‍ പങ്കാളിയായി. കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് കൂടിയാണ് ദീപന്‍. വനമിത്ര പുരസ്കാരം തുടങ്ങി ഒട്ടനവധി പുരസ്കാരങ്ങള്‍ തന്‍െറ വിദ്യാലയത്തിന് നേടി കൊടുക്കാനും ഈ അധ്യാപകന് സാധിച്ചു. മുംബൈയില്‍ തിങ്കളാഴ്ച നടക്കുന്ന ലോക അധ്യാപക ദിന സമ്മേളനത്തില്‍ ദീപന് അവാര്‍ഡ് സമ്മാനിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.