ആധാരം തട്ടിപ്പ് : സ്വപ്നങ്ങളും പ്രതീക്ഷകളും തകര്‍ന്ന് ഒരു ഇരകൂടി

കയ്പമംഗലം: കയ്പമംഗലത്തെ നിരവധി പാവപ്പെട്ട കുടുംബങ്ങളെ കണ്ണീരുകുടിപ്പിച്ച ആധാര തട്ടിപ്പിനിരയായി ഒരു വീട്ടമ്മ കൂടി. വഴിയമ്പലം പുത്തൂര് പരേതനായ അനിലിന്‍െറ ഭാര്യ അംബികയാണ് തട്ടിപ്പിനിരയായി ആശ്രയവും പ്രതീക്ഷകളുമറ്റ് കഴിയുന്നത്. വീടിന്‍െറയും സ്ഥലത്തിന്‍െറയും ആധാരം കൈക്കലാക്കി തട്ടിപ്പുകാരന്‍ ലക്ഷങ്ങളുമായി മുങ്ങിയതിനാല്‍ ഏത് നിമിഷവും തെരുവിലേക്കിറങ്ങേണ്ടി വരുമെന്ന അവസ്ഥയിലാണ് ആരോരുമില്ലാത്ത ഇവര്‍. ആധാരം തട്ടിപ്പ് കേസില്‍ പ്രധാന പ്രതിയായ കയ്പമംഗലം സ്വദേശി സുലൈമാനെതിരെ അംബിക മതിലകം പൊലീസില്‍ പരാതി നല്‍കി. ഏക ആശ്രയമായിരുന്ന വഴിയമ്പലത്തെ ചെറിയൊരു കട വലുതാക്കണമെന്ന സ്വപ്നമാണ് അംബികയെയും അനിലിനെയും തട്ടിപ്പിന്‍െറ വലയില്‍ കുടുക്കിയത്. ‘15 ദിവസത്തിനുള്ളില്‍ ബാങ്ക് വായ്പ ശരിയാക്കി കൊടുക്കും’ എന്ന പരസ്യം കണ്ട് അനില്‍ 2010 ആഗസ്റ്റ് ആദ്യവാരം സുലൈമാനെ സമീപിച്ചു. രണ്ട് ലക്ഷം രൂപ നല്‍കി ഇവരുടെ 21 സെന്‍റ് സ്ഥലത്തിന്‍െറ രണ്ട് ആധാരങ്ങളും മറ്റു രേഖകളും സുലൈമാന്‍ സ്വന്തമാക്കി. മാത്രമല്ല, അനിലിനെയും ഭാര്യയെയും കൊണ്ട് നിരവധി കടലാസുകളില്‍ സുലൈമാന്‍ ഒപ്പിടുവിക്കുകയും ചെയ്തു. വായ്പ തിരിച്ചടവിലേക്കായി 2012 ഡിസംബര്‍ വരെ മാസം തോറും 6,000 രൂപ ഇവരില്‍ നിന്നു മുടങ്ങാതെ വാങ്ങി. ഇതിനിടെ ഇരിങ്ങാലക്കുടയിലെ കുറിക്കമ്പനിയില്‍ തനിക്കൊരു കുറിയുണ്ടെന്ന് പറഞ്ഞ് അനിലിനെ സുലൈമാന്‍ ജാമ്യം നിര്‍ത്തി. 2014 സെപ്റ്റംബറില്‍ ആധാരം തിരികെ ആവശ്യപ്പെട്ടപ്പോള്‍ 1.2 ലക്ഷം രൂപ തന്നാല്‍ ആധാരം മടക്കി എടുക്കാമെന്ന് സുലൈമാന്‍ പറഞ്ഞു. പലരില്‍ നിന്നായി കടം വാങ്ങി സുലൈമാന് പണം നല്‍കിയെങ്കിലും ആധാരം തിരിച്ചു കിട്ടിയില്ല. കുറിക്കമ്പനിയില്‍ അന്വേഷിച്ചപ്പോഴാണ് ആധാരം ഈടുവെച്ച് ലക്ഷങ്ങളുമായി സുലൈമാന്‍ മുങ്ങിയെന്ന് അറിയുന്നത്. സുലൈമാന്‍ എടുത്ത കുറിയുടെ തുക മുഴുവന്‍ അടക്കാതെ രേഖകള്‍ തിരിച്ചുനല്‍കില്ളെന്നും കുറിക്കമ്പനിക്കാര്‍ അറിയിച്ചു. ഇതോടെ മാനസികമായി തകര്‍ന്ന അനില്‍ ആശുപത്രിയിലിരിക്കെ ജൂലൈ 31 ന് മരണപ്പെട്ടു. ലക്ഷങ്ങള്‍ തിരിച്ചടക്കാന്‍ വഴിയില്ലാതെ ഏത് നിമിഷവും വീട് ജപ്തി ചെയ്യപ്പെട്ടേക്കാമെന്ന ഭീതിയില്‍ ഓരോ ദിനവും തള്ളി നീക്കുകയാണ് മക്കളില്ലാത്ത അംബിക. വാടാനപ്പള്ളി, മതിലകം, ഇരിങ്ങാലക്കുട തുടങ്ങിയ മേഖലയിലെ 100 ഓളം കുടുംബങ്ങളുടെ ആധാരങ്ങള്‍ പണയംവെച്ച് സ്വകാര്യ കുറിക്കമ്പനികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസിലെ ഇരകളില്‍ ഒരാള്‍ മാത്രമാണ് അംബിക. പ്രതി സുലൈമാനെതിരെ മതിലകം, വാടാനപ്പള്ളി, അന്തിക്കാട് പോലീസ് സ്റ്റേഷനുകളില്‍ കേസുകള്‍ നിലവിലുണ്ട്. പലതവണ ഇയാള്‍ അറസ്റ്റിലായെങ്കിലും ഇരകള്‍ക്ക് നീതി ലഭിച്ചില്ല. ആഭ്യന്തര വകുപ്പിന് കീഴില്‍ രൂപവത്കരിച്ച ഓപറേഷന്‍ കുബേരയിലും ഇവര്‍ പരാതി നല്‍കിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.