പ്രതിപക്ഷ പ്രതിഷേധം; അജണ്ട പാസാക്കിയത് അഞ്ച് മിനിറ്റില്‍

ഗുരുവായൂര്‍: രാജീവ്ഗാന്ധി പ്രസംഗിച്ച വേദിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് ലഭിച്ച കത്ത് അജണ്ടക്ക് മുമ്പായി ചര്‍ച്ച ചെയ്യണമെന്ന ആവശ്യം നിരസിച്ചതിനെ തുടര്‍ന്ന് കൗണ്‍സിലില്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ പ്രതിഷേധം. രാജീവ്ഗാന്ധിയുടെ ചിത്രമുള്ള ബാഡ്ജ് ധരിച്ചാണ് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ എത്തിയത്. പ്രതിപക്ഷത്തു നിന്നും കെ.പി.എ. റഷീദാണ് കത്ത് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. കത്ത് ലഭിച്ചിട്ടുണ്ടെന്നും അന്ന് തന്നെ മറുപടി നല്‍കിയെന്നും ചെയര്‍മാന്‍ പി.എസ്. ജയന്‍ പറഞ്ഞു. വിഷയം അജണ്ടക്ക് ശേഷം ചര്‍ച്ച ചെയ്യാമെന്നും അറിയിച്ചു. അജണ്ട വായിക്കാനാരംഭിച്ചതോടെ കെ.പി. ഉദയന്‍, ഒ.കെ.ആര്‍. മണികണ്ഠന്‍, മേരി ലോറന്‍സ് എന്നിവരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹളം തുടങ്ങി. അജണ്ട വായിക്കണമെന്നാവശ്യപ്പെട്ട് വൈസ് ചെയര്‍പേഴ്സണ്‍ മഹിമ രാജേഷ്, കെ.എ. ജേക്കബ്, കെ.പി. വിനോദ്, ടി.ടി. ശിവദാസന്‍ എന്നിവര്‍ എല്‍.ഡി.എഫിന്‍െറ ഭാഗത്തുനിന്നും എഴുന്നേറ്റു. ഇതിനിടെ കോണ്‍ഗ്രസ് അംഗങ്ങള്‍ കറുത്ത തുണികൊണ്ട് വായ മൂടിക്കെട്ടി ചെയര്‍മാന്‍െറ വേദിക്ക് മുന്നില്‍ നിന്ന് പ്രതിഷേധിക്കാനായി നീങ്ങി. വേദിക്ക് മുന്നില്‍ എത്തുന്നതിന് മുമ്പേ അജണ്ടകള്‍ പാസായതായി പ്രഖ്യാപിച്ച് ചെയര്‍മാന്‍ കൗണ്‍സില്‍ പിരിച്ചു വിട്ടു. ഈ കൗണ്‍സിലിന്‍െറ അവസാന യോഗമെന്ന് പ്രതീക്ഷിക്കുന്ന കൗണ്‍സിലാണ് അഞ്ച് മിനിറ്റിനകം പിരിഞ്ഞത്. രാജീവ്ഗാന്ധി പ്രസംഗിച്ച വേദി നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക യജ്ഞത്തില്‍ പ്രതിപക്ഷ കൗണ്‍സിലര്‍ കെ.പി.എ. റഷീദ് പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് നഗരസഭയിലേക്ക് കത്ത് വന്നത്. നവീകരണം നടക്കുന്നതിനാല്‍ രാജീവ്ഗാന്ധി പ്രസംഗിച്ച വേദി നിലനിര്‍ത്താന്‍ കഴിയില്ളെന്ന് മറുപടി നല്‍കിയതായി ചെയര്‍മാന്‍ പിന്നീട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.