തകര്‍ന്ന കെട്ടിടം അനുമതിയില്ലാതെ പുതുക്കിപ്പണിയുന്നു

തൃശൂര്‍: രണ്ടാഴ്ച മുമ്പ് കാലപ്പഴക്കത്തില്‍ തകര്‍ന്നു വീണ കെട്ടിടത്തില്‍ അനധികൃത അറ്റകുറ്റപ്പണി നടത്തുന്നു. കഴിഞ്ഞ 18ന് വൈകീട്ട് തകര്‍ന്നു വീണ കോട്ടപ്പുറത്തിന് സമീപം പ്രിന്‍സ് സ്റ്റുഡിയോ പ്രവര്‍ത്തിച്ച കെട്ടിടത്തിലാണ് അറ്റകുറ്റപ്പണി നടത്തുന്നത്. കോര്‍പറേഷന്‍ അധികൃതരില്‍ നിന്നും അനുമതിയില്ലാതെയാണ് അറ്റകുറ്റപ്പണി. അനധികൃത നിര്‍മാണത്തെക്കുറിച്ച് ഒരു അറിവുമില്ളെന്ന് കോര്‍പറേഷന്‍ അധികൃതരും കൗണ്‍സിലര്‍ സി.എസ്. ശ്രീനിവാസനും അറിയിച്ചു. എന്നാല്‍, ഉദ്യോഗസ്ഥര്‍ അനുമതി നല്‍കിയോ എന്ന് അറിയില്ളെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദുരന്തം വിളിപ്പാടകലെയെന്ന മുന്നറിയിപ്പ് നല്‍കിയിട്ടും അനധികൃത നിര്‍മാണം നഗരത്തില്‍ തകൃതിയാണ്. 2010 സെപ്റ്റംബറില്‍ നഗരത്തില്‍ ഏഴു പതിറ്റാണ്ട് പഴക്കമുള്ള കേരളഭവന്‍ ലോഡ്ജ് കെട്ടിടം തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചിരുന്നു. പിന്നീട് ചില കെട്ടിടങ്ങള്‍ ഇടിഞ്ഞപ്പോഴും കോര്‍പറേഷന്‍െറ ഭാഗത്തുനിന്ന് പ്രഖ്യാപനങ്ങള്‍ ഉണ്ടായതല്ലാതെ പഴയ കെട്ടിടങ്ങള്‍ പൊളിക്കാന്‍ നടപടി ഉണ്ടായില്ല. അലുമിനിയം ഫാബ്രിക്കേഷനും അലങ്കാരപ്പണികളും നടത്തിയും വിദേശ രാജ്യങ്ങളിലെ ഹൈപ്പര്‍ മാളുകളെ വെല്ലുന്ന രീതിയില്‍ ദീപപ്രഭയൊരുക്കിയും ശീതീകരിച്ച വ്യാപാരസ്ഥാപനങ്ങളുടെ പുറംപകിട്ടില്‍ ദുരന്തം പതിയിരിക്കുന്നുണ്ട്. ദ്രവിച്ച കെട്ടിടങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്. കേരളഭവന്‍ ലോഡ്ജ് തകര്‍ന്നപ്പോള്‍ കോര്‍പറേഷന്‍ പൊതുമരാമത്ത് വിഭാഗവും റവന്യൂ വകുപ്പും യുദ്ധകാലാടിസ്ഥാനത്തില്‍ കാലപ്പഴക്കമുള്ള കെട്ടിടത്തിന്‍െറ കണക്കെടുപ്പ് പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കി. നഗരത്തില്‍ ചെറുതും വലുതുമായി ആയിരത്തോളം കെട്ടിടങ്ങള്‍ തകര്‍ച്ചാ ഭീഷണി നേരിടുന്നതായി റിപ്പോര്‍ട്ടിലുണ്ട്. ഇവ പൊളിക്കാന്‍ കോര്‍പറേഷനും ജില്ലാ ഭരണകൂടവും നിര്‍ദേശം നല്‍കിയിട്ടും നടപ്പാക്കേണ്ടവര്‍ പരസ്പരം പഴിചാരി മാറിനിന്നു. 300ഓളം കെട്ടിടങ്ങള്‍ അതീവ ഗുരുതരാവസ്ഥയിലാണെന്നും അടിയന്തരമായി പൊളിക്കണമെന്നുമുള്ള കോര്‍പറേഷന്‍ പൊതുമരാമത്ത് വിഭാഗത്തിന്‍െറ റിപ്പോര്‍ട്ട് ചവറ്റുകുട്ടയിലായി. ഇതിനകം ദ്രവിച്ചുവീണ കെട്ടിടങ്ങളുടെ എണ്ണം ഇരുപതോളമത്തെി. ജയ്ഹിന്ദ് മാര്‍ക്കറ്റ്, സ്വരാജ് റൗണ്ട്, മഠത്തില്‍വരവ് എഴുന്നള്ളത്ത് നടക്കുന്ന ബ്രഹ്മസ്വംമഠം റോഡ്, എന്നിവിടങ്ങളിലെല്ലാം കെട്ടിടം വീണു. പൊളിച്ചുനീക്കാന്‍ റവന്യൂ വകുപ്പും ജില്ലാ ഭരണകൂടവും കോര്‍പറേഷനും മുന്നറിയിപ്പ് നല്‍കിയ കെട്ടിടങ്ങളാണ് തകര്‍ന്ന് വീണതെല്ലാം. ജങ്ഷന്‍ വികസനത്തിന്‍െറ ഭാഗമായി ചെട്ടിയങ്ങാടിയിലെയും, പൂങ്കുന്നത്തെയും പടിഞ്ഞാറെ കോട്ടയിലെയും പൊളിച്ചു നീക്കിയ കെട്ടിടങ്ങള്‍ എപ്പോള്‍ വേണമെങ്കിലും തകര്‍ന്ന് വീഴേണ്ടതായിരുന്നു. അതിനിടെയാണ് കാലപ്പഴക്കത്തില്‍ തകര്‍ന്നുവീണ കെട്ടിടം അനധികൃതമായി അറ്റകുറ്റപ്പണി നടത്തുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.